തിരുവനന്തപുരം: സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥരുടെ പാസിങ് ഔട്ട് പരേഡിന് പുതിയ രൂപം നിശ്ചയിച്ച് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത്. കഴിഞ്ഞമാസം തൃശ്ശൂരിലെ രാമവർമ്മപുരത്തുള്ള പൊലീസ് അക്കാദമിയിൽ നടന്ന സേനയുടെ ഭാഗമായ സബ് ഇൻസ്പെക്ടർമാരുടെ പാസിങ് ഔട്ട് പരേഡിൽ മാറ്റങ്ങൾ ഉണ്ടായതിനെ മുഖ്യമന്ത്രി പിണറായി വിജയൻ രൂക്ഷമായി വിമർശിച്ചിരുന്നു.
മുഖ്യമന്ത്രി പരേഡിൽ അഭിവാദ്യം സ്വീകരിച്ചശേഷം നടത്തിയ പ്രസംഗത്തിലാണ് പാസിംഗ് ഔട്ട് പരേഡിനെ വിമർശിച്ചത്. ഇത് പൊലീസ് തലപ്പത്ത് ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പാസിംഗ് ഔട്ട് പരേഡ് സംബന്ധിച്ച കാര്യത്തിൽ പൊലീസ് മേധാവി പുതിയ ഉത്തരവുമായി രംഗത്തെത്തിയിരിക്കുന്നത്.
ദേശീയപതാക, പോലീസ് സേനയുടെ പതാക, പോലീസ് അക്കാദമിയുടെ പതാക എന്നിവയുമായി സേനാംഗങ്ങൾ ഇനി പരേഡിൽ പങ്കെടുക്കുന്ന കേഡറ്റുകൾക്കിടയിലൂടെ നടന്നുനീങ്ങണ്ടതില്ലെന്നാണ് പോലീസ് മേധാവി പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. കഴിഞ്ഞ മാസം 10ന് തൃശ്ശൂർ പൊലീസ് അക്കാദമിയിൽ നടന്ന എസ്.ഐ മാരുടെ പാസിങ് ഔട്ട് പരേഡിൽ മുഖ്യമന്ത്രി ഓൺലൈനായി പങ്കെടുത്ത് സല്യൂട്ട് സ്വീകരിച്ചിരുന്നു. അതിനു ശേഷം നടത്തിയ പ്രസംഗത്തിലായിരുന്നു പരേഡ് സംബന്ധിച്ച് മാറ്റങ്ങളിൽ മുഖ്യമന്ത്രി അതൃപ്തി പ്രകടിപ്പിച്ചത്.
പരേഡിലെ മാറ്റത്തെ അദ്ദേഹം പ്രസംഗത്തിൽ വിമർശിക്കുകയും ചെയ്തു. പരേഡ് നടത്തുന്ന രീതിയിൽ മാറ്റം കണ്ടതായും നിലവിലെ രീതികളിൽ നിന്ന് മാറിയതെങ്ങനെയെന്നുള്ളതിനെ ക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ പരിശോധിക്കണമെന്നും മുഖ്യമന്ത്രി അന്ന് നടത്തിയ പ്രസംഗത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.
തുടർന്ന്, ഇക്കഴിഞ്ഞ ഫെബ്രുവരി 11ന് ഇതേക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ പൊലീസ് മേധാവി അനിൽകാന്ത് പ്രത്യേക സമിതിയെ നിയോഗിച്ചു. സംസ്ഥാന - കേന്ദ്ര സേന വിഭാഗങ്ങളായ സിആർപിഎഫ്, കർണാടക പോലീസ്, നാഷണൽ പോലീസ് അക്കാദമി, സംസ്ഥാന പോലീസ് എന്നിവരുടെ പാസിംഗ് ഔട്ട് പരേഡ് രീതികൾ പരിശോധിച്ച് റിപ്പോർട്ട് നൽകണമെന്നായിരുന്നു ഡിജിപിയുടെ നിർദ്ദേശം.
ഡിജിപി നിയോഗിച്ച സമിതി ഇതിൽ വിശദമായ റിപ്പോർട്ട് നൽകിയെന്നുള്ളതാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രി പ്രസംഗത്തിൽ വിമർശിച്ചതിന് പിന്നാലെ അടുത്ത പാസിംഗ് ഔട്ട് പരേഡിൽ പരമ്പരാഗത രീതിയിലുള്ള തിരിച്ചുപോക്കുണ്ടാകുമെന്നാണ് പൊലീസ് തലപ്പത്ത് നിന്ന് ലഭിക്കുന്ന സൂചനകൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...