കൊച്ചി: ഗവർണർ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിൽ ഇപ്പോൾ നടക്കുന്ന പോര് കപട നാടകമെന്ന് എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ്. കേരളത്തിൽ ഭാരത് ജോഡോ യാത്രയ്ക്ക് കിട്ടുന്ന ജനപങ്കാളിത്തത്തിൽ ആശങ്ക പൂണ്ടാണ് ഇപ്പോൾ ഇരുവരുടെയും നേതൃത്വത്തിൽ ഈ രാഷ്ട്രീയ നാടകം അരങ്ങേറുന്നതെന്ന് വാർത്താസമ്മേളനത്തിൽ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് ജയറാം രമേശ് മറുപടി നൽകി. ദേശീയതലത്തിൽ കോൺഗ്രസിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന ബിജെപിക്ക് കേരളത്തിലെ സിപിഎമ്മിൽ നിന്ന് ലഭിക്കുന്ന പിന്തുണയും സഹായവും ചെറുതല്ല. ഭാരത് ജോഡോ യാത്രയെ തകർക്കാൻ ബിജെപി എന്ത് തന്ത്രവും സ്വീകരിക്കും. കേരളത്തിലിപ്പോൾ സിപിഎമ്മും അതേ തന്ത്രം തന്നെ പിന്തുടരുന്നുവെന്നും കോൺഗ്രസ് നേതാവ് കൂട്ടിച്ചേർത്തു.
ഗവർണറും മുഖ്യമന്ത്രിയും തമ്മിൽ മാനുഫാക്ചറിങ് ഫൈറ്റ് ആണ് നടക്കുന്നത്. അതേസമയം, ഭരണഘടനാ ഉത്തരവാദിത്വം പാലിക്കേണ്ട പദവിയാണ് ഗവർണറുടേതെന്ന് ആരിഫ് മുഹമ്മദ് ഖാൻ മറക്കുന്നു. അദ്ദേഹം ആർഎസ്എസിന്റെ തലയായി പ്രവർത്തിക്കുകയല്ല വേണ്ടത്. ഭരണസ്വാധീനത്താൽ സിപിഎം നടത്തുന്നതാകട്ടെ, അനധികൃതവും ജനാധിപത്യവിരുദ്ധവുമായ കാര്യങ്ങളാണെന്നും ജയറാം രമേശ് ചൂണ്ടിക്കാട്ടി.
ALSO READ : ഗവർണർ സർവകലാശാലകളെ ആർഎസ്എസ് പരീക്ഷണശാലയാക്കാൻ ശ്രമിക്കുന്നു; നെഞ്ചുവിരിച്ച് നേരിടുമെന്ന് മുഖ്യമന്ത്രി
കോൺഗ്രസ് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസ് പ്രസ്ഥാനത്തിലുള്ള ആർക്കും മൽസരിക്കാം. അതിന് സോണിയാ ഗാന്ധിയുടെയോ രാഹുൽഗാന്ധിയുടെയോ അനുവാദം ആവശ്യമില്ല. നാമനിർദ്ദേശ പത്രിക സമർപ്പിക്കുക, സുതാര്യവും ജനാധിപത്യരവുമായ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളുടെ ഭാഗമാവുക എന്നത് മാത്രമേയുള്ളൂ. അതിന് ആരും തടസം നിൽക്കില്ല. പ്രസിഡന്റ് സ്ഥാനത്തേക്ക് ഇത്തരത്തിൽ തെരഞ്ഞെടുപ്പ് നടത്തുന്ന മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടി ഇന്ത്യയിലുണ്ടോയെന്നും എഐസിസി ജനറൽ സെക്രട്ടറി ചോദിച്ചു.
സ്വാതന്ത്ര്യ സമരത്തിന്റെ രണ്ടാം പതിപ്പാണ് ഭാരത് ജോഡോ യാത്രയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. വെറുപ്പും വിദ്വേഷവും ഇല്ലാത്ത ഐക്യവും അഖണ്ഡതയുമുളള ഒറ്റ രാജ്യത്തിനുവേണ്ടിയാണ് ഈ പദയാത്ര. കോൺഗ്രസ് എന്ന വികാരമാണ് ഇന്ത്യയിലെ ജനകോടികളെ ഒരുമിച്ച് നിർത്തിയത്. കോൺഗ്രസ് ഭാരതത്തിൽ തിരികെ വരുമെന്നതിന്റെ തെളിവാണ് ഭാരത് ജോഡോ യാത്രയെന്ന് സുധാകരൻ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.