KSRTC ജീവനക്കാർ സ്ത്രീത്വത്തെ അപമാനിച്ചു; കാട്ടാക്കട സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി

Kattakada KSRTC Employees Issue : കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് ആക്രമിക്കപ്പെട്ട പ്രേമന്റെ മകൾ രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് പൊലീസ് നടപടി.

Written by - Jenish Thomas | Last Updated : Sep 21, 2022, 03:16 PM IST
  • നേരത്തെ പ്രതികൾക്കെതിരെ ചുമത്തിയ ദുർബലമായ വകുപ്പുകൾക്കൊപ്പം സ്ത്രീത്വത്തെ അപമാനിച്ചുയെന്ന കുറ്റവും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
  • കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് ആക്രമിക്കപ്പെട്ട പ്രേമന്റെ മകൾ രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
  • നേരത്തെ ജീവനക്കാർക്കെതിരെ സംഘം ചേർന്നുള്ള മർദ്ദനം, ദേഹോപദ്രവം ഏൽപ്പിക്കൽ, കയ്യേറ്റ ശ്രമം എന്നീ ദുർബലമായ വകുപ്പുകൾ മാത്രം ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്.
KSRTC ജീവനക്കാർ സ്ത്രീത്വത്തെ അപമാനിച്ചു; കാട്ടാക്കട സംഭവത്തിൽ പ്രതികൾക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി

തിരുവനന്തപുരം : കാട്ടാക്കടയിൽ വിദ്യാർഥികളുടെ കൺസഷൻ ആവശ്യത്തിനെത്തിയ പിതാവിനെയും മകളെയും മകളുടെ സുഹൃത്തിനെയും ആക്രമിച്ച സംഭവത്തിൽ  കെഎസ്ആർടിസി ജീവനക്കാർക്കെതിരെ ജാമ്യമില്ല വകുപ്പ് ചുമത്തി. നേരത്തെ പ്രതികൾക്കെതിരെ ചുമത്തിയ ദുർബലമായ വകുപ്പുകൾക്കൊപ്പം സ്ത്രീത്വത്തെ അപമാനിച്ചുയെന്ന കുറ്റവും ചുമത്തിയാണ് പോലീസ് കേസെടുത്തിരിക്കുന്നത്. കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് ആക്രമിക്കപ്പെട്ട പ്രേമന്റെ മകൾ രേഷ്മയുടെയും സുഹൃത്ത് അഖിലയുടെയും വിശദമായ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. നേരത്തെ ജീവനക്കാർക്കെതിരെ സംഘം ചേർന്നുള്ള മർദ്ദനം, ദേഹോപദ്രവം ഏൽപ്പിക്കൽ, കയ്യേറ്റ ശ്രമം എന്നീ ദുർബലമായ വകുപ്പുകൾ മാത്രം ചുമത്തിയായിരുന്നു കേസെടുത്തിരുന്നത്.

കൂടാതെ സംഭവത്തിൽ മാപ്പ് ചോദിച്ചുകൊണ്ട് പ്രതികളായ ജീവനക്കാർക്കെതിരെ ആഞ്ഞടിച്ചുകൊണ്ടും കെഎസ്ആർടിസി സി.എം.ഡി ബിജു പ്രഭാകർ രംഗത്തെത്തിയിരുന്നു. നടന്നത് നീതീകരിക്കാനാകാത്ത സംഭവമാണ്. മാനസിക വിഭ്രാന്തിയുള്ള ചുരുക്കം ചില ജീവനക്കാരുണ്ട്. ഇവരാണ് കെഎസ്ആർടിസിയുടെ അടിസ്ഥാന പ്രശ്നം. ഇത്തരക്കാരെ മാനേജ്മെന്റ് സംരക്ഷിക്കില്ല. ഇങ്ങനെയുള്ള കളകളെ പറിച്ചു കളയാൻ തന്നെയാണ് സർക്കാർ നിർദ്ദേശമെന്നും ബിജു പ്രഭാകർ ഫേസ്ബുക്ക് പോസ്റ്റിലൂടെ പ്രതികരിച്ചു. അതേസമയം, മർദ്ദിച്ച ജീവനക്കാരുടെ നടപടി കെഎസ്ആർടിസിക്ക് കളങ്കമുണ്ടാക്കിയെന്ന് സിഎംഡി ഹൈക്കോടതിയിൽ വ്യക്തമാക്കി. ജീവനക്കാരുടെ പെരുമാറ്റം പ്രശ്നം വഷളാക്കിയെന്ന് കാണിച്ചാണ് ഹൈക്കോടതി സ്റ്റാൻഡിംഗ് കൗൺസിലിന് ബിജു പ്രഭാകർ മറുപടി നൽകിയത്. വിഷയം നാളെ കോടതി പരിഗണിക്കും. 

ALSO READ : കെഎസ്ആർടിസിയുടെ പ്രശ്നം മാനസിക വിഭ്രാന്തിയുള്ള ചില ജീവനക്കാർ; കാട്ടാക്കട സംഭവത്തിൽ മാപ്പ് പറഞ്ഞ് കെഎസ്ആർടിസി എംഡി

സംഭവം നടന്ന് ഇന്നലെ സെപ്റ്റംബർ 20ന് തന്നെ പ്രതികൾക്കെതിരെ വകുപ്പുതല പ്രാഥമിക അന്വേഷണം നടത്തി സസ്പെൻഷൻ നടപടികൾ ഗതാഗത വകുപ്പ് മന്ത്രി സ്വീകരിച്ചു. സംഭവത്തിൽ സ്റ്റേഷൻ മാസ്റ്റർ ഉൾപ്പെടെ നാല് കെഎസ്ആർടിസി ജീവനക്കാരെ അന്വേഷണവിധേയമായ സസ്പെൻഡ് ചെയ്തുയെന്ന് ഗതാഗതാ വകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. കെഎസ്ആർടിസി വിജിലൻസിന്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. കൂടാതെ സംഭവത്തിൽ 45 ദിവസത്തിനകം അന്വേഷണം പൂർത്തിയാക്കി തുടർനടപടികൾ സ്വീകരിക്കണമെന്ന് മന്ത്രി കെഎസ്ആർടിസി സിഎംഡിക്ക് നിർദേശം നൽകി. കെഎസ്ആർടിസി ആര്യനാട് യൂണിറ്റിലെ സ്റ്റേഷൻ മാസ്റ്റർ എ. മുഹമ്മദ് ഷെരീഫ്, കാട്ടാക്കട ഡിപ്പോയിലെ ഡ്യൂട്ടി ഗാർഡ് എസ്. ആർ. സുരേഷ് കുമാർ, കണ്ടക്ടർ എൻ. അനിൽകുമാർ, അസിസ്റ്റന്റ് സി.പി. മിലൻ ഡോറിച്ച് എന്നിവരെയണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ സസ്പെൻഡ് ചെയ്തത്.

സംഭവം ഇങ്ങനെ

ആമച്ചൽ സ്വദേശി പ്രേമനെയും മകളെയുമാണ് കാട്ടാക്കട കെഎസ്ആർടിസി ഡിപ്പോയിൽ വെച്ച് ജീവനക്കാർ തല്ലിയത്. മർദ്ദനത്തിന് ഇരയായ അച്ഛനും മകളും ആശുപത്രിയിൽ എത്തി ചികിത്സ തേടിയിരുന്നു. ഇന്ന് സെപ്റ്റംബർ 20 ഉച്ചയോടെയാണ് സംഭവം നടക്കുന്നത്. കൺസഷന് വിദ്യാർഥികളായ മകളുടെ കോഴ്സ് സർട്ടിഫിക്കറ്റ് വേണമെന്ന് ജീവനക്കാർ നിർബന്ധം പിടിക്കുകയായിരുന്നു. ഇതോടെ ജീവനക്കാരും പ്രേമാനന്ദനും തമ്മിൽ തർക്കമായി. മൂന്ന് മാസമായി മകളുടെ കൺസഷന് വേണ്ടി താൻ കയറിയിറങ്ങുകയാണ്. ഇത്തരം ജീവനക്കാരാണ് കെഎസ്ആർടിസിയുടെ നിലവിലെ അവസ്ഥയ്ക്ക് കാരണമെന്ന് പ്രേമൻ പറഞ്ഞു. ഇതിൽ പ്രകോപിതരായ മറ്റ് ജീവനക്കാരും ചേർന്ന് പിതാവിനെ മർദ്ദിക്കുകയായിരുന്നു. വാക്കേറ്റത്തിനിടെയിൽ പിതാവിനെ പിടിച്ച് മാറ്റാൻ എത്തിയ രണ്ട് മക്കളെയും ജീവനക്കാർ പിടിച്ച് ഉന്തുകയും വലിച്ചഴിക്കുകയും ചെയ്തു. 

ALSO READ : കാട്ടാക്കടയിൽ അച്ഛനും മകൾക്കും മർദ്ദനമേറ്റ സംഭവം ; നാല് കെഎസ്ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

അച്ഛനെ പിടിച്ച് മാറ്റാൻ ശ്രമിച്ച തന്നെയും കെഎസ്ആർടിസി ജീവനക്കാർ പിടിച്ച് തള്ളിയെന്ന് പ്രേമന്റെ മകൾ രേഷ്മ പറഞ്ഞു. ആ സംഭവത്തെ തുടർന്ന് തനിക്ക് പരീക്ഷ വേണ്ടത്ര രീതിയിൽ നന്ദായി എഴുതാൻ സാധിച്ചില്ല. ഒരു പെൺകുട്ടിയെന്ന പരിഗണന പോലും കെഎസ്ആർടിസി ജീവനക്കാർ നൽകിയില്ല. പോലീസ് സ്റ്റേഷനിൽ സ്വയമെത്തിയാണ് പരാതി നൽകിയെന്നും രേഷ്മ പറഞ്ഞു. പ്രേമനെയും മകളെയും കെഎസ്ആർടിസി ജീവനക്കാർ മർദ്ദിക്കുന്ന വീഡിയോ പുറത്ത് വന്നതോടെ സംഭവത്തിൽ ഗതാഗതമന്ത്രി ആന്റണി രാജു ഇടപ്പെട്ടു. വിഷയത്തിൽ അന്വേഷിച്ച് വിശദാംശങ്ങൾ നൽകാൻ സിഎംഡിക്ക് മന്ത്രി നിർദ്ദേശം നൽകി. തുടർന്ന് കെഎസ്ആർടിസി വിജിലൻസ് സംഘം പ്രേമന്റെ മൊഴി എടുക്കുകയും ചെയ്തു.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News