K Sudhakaran: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍ എംപി

എഡിജിപിയെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് ഘടക കക്ഷികളെയും സ്വന്തം അണികളെയും പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ടോ എന്ന് കെ സുധാകരൻ എംപി  

Written by - Zee Malayalam News Desk | Last Updated : Sep 20, 2024, 04:50 PM IST
  • പൂരംകലക്കിയത് സംബന്ധിച്ച് പോലീസ് മേധാവി അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്.
  • അഞ്ചുമാസം പിന്നിടുമ്പോഴും അന്വേഷണമെന്നത് വെറും പ്രഖ്യാപനത്തിലും പ്രഹസനത്തിലും മാത്രം ഒതുങ്ങി.
K Sudhakaran: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവം; ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് കെ.സുധാകരന്‍ എംപി

തിരുവനന്തപുരം: തൃശൂര്‍ പൂരം കലക്കിയ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ എംപി. അന്വേഷണം നടക്കുന്നതായി അറിവില്ലെന്നാണ് പോലീസ് ആസ്ഥാനത്ത് നിന്ന് വിവരാവകാശ രേഖയക്ക് മറുപടി നല്‍കിയിരിക്കുന്നത്. ഇത് സ്ഥീരികരിക്കുന്ന പ്രതികരണമാണ് തൃശ്ശൂര്‍ സിറ്റി പോലീസും നല്‍കിയത്. ഇതിലൂടെ തന്നെ അന്വേഷണം അട്ടിമറിക്കപ്പെട്ടന്ന് വ്യക്തമാണ്. പൂരം കലക്കിയതുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ടെന്ന് പറഞ്ഞ് മുഖ്യമന്ത്രിയും സിപിഎമ്മും ചേര്‍ന്നു ഇത്രയും നാള്‍ കേരളജനതയെ കബളിപ്പിക്കുകയായിരുന്നു. പൂരം കലക്കിയെന്ന് ആരോപണം നേരിടുന്ന സര്‍ക്കാര്‍ നടത്തുന്ന ഒരു അന്വേഷണത്തിലും കേരള ജനതയ്ക്ക് വിശ്വാസമില്ലെന്ന് സുധാകരൻ പറഞ്ഞു. 

പൂരംകലക്കിയത് സംബന്ധിച്ച് പോലീസ് മേധാവി അന്വേഷിക്കുമെന്നും ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞിരുന്നത്. അഞ്ചുമാസം  പിന്നിടുമ്പോഴും അന്വേഷണമെന്നത് വെറും പ്രഖ്യാപനത്തിലും പ്രഹസനത്തിലും മാത്രം ഒതുങ്ങി. അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് നിരന്തരം ആവശ്യപ്പെട്ടിട്ടും ഇതുവരെ അതിന് മുഖ്യമന്ത്രിയും സര്‍ക്കാരും തയ്യാറാകാതിരുന്നത് അന്വേഷണം നടക്കാത്തത് കൊണ്ടാണ്. ബിജെപിയെ തൃശ്ശൂര്‍ വിജയിപ്പിക്കുന്നതിന് സിപിഎമ്മും ആര്‍എസ്എസും നടത്തിയ ഗൂഢാലോചനയുടെ നേര്‍ചിത്രമാണ് വിവരാവകാശ രേഖലയിലൂടെ പുറത്തുവന്നത്. ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മുഖ്യമന്ത്രി പൂരം കലക്കിയതിന്റെ അന്വേഷണ ചുമതലയേല്‍പ്പിച്ചതും അന്വേഷണം അട്ടിമറിക്കാനുള്ള ലക്ഷ്യത്തോടെയാണ്. 

Also Read: Thrissur Pooram Disruption: തൃശൂർ പൂരം കലക്കൽ; മുഖ്യമന്ത്രി പ്രഖ്യാപിച്ച അന്വേഷണം അട്ടിമറിച്ചുവെന്ന് വി.എസ് സുനിൽകുമാർ

 

മുഖ്യമന്ത്രിയുടെ വിശ്വസ്തനായ എഡിജിപിക്കെതിരെ സ്വര്‍ണ്ണക്കടത്ത്, കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം ഉള്‍പ്പെടെ ഗുരുതര ആരോപണങ്ങള്‍ ഉയര്‍ന്നിട്ടും സര്‍വീസില്‍ നിന്ന് പുറത്താക്കാതെ സംരക്ഷിക്കുന്നതിന് പിന്നില്‍ ഇതിനെല്ലാമുള്ള പ്രത്യുപകാരമാണ്. കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ നിന്നും മുഖ്യമന്ത്രിക്ക് രക്ഷപ്പെടാനാണ് തൂശ്ശൂരില്‍ ബിജെപിയെ വിജയിപ്പിക്കാനുള്ള രഹസ്യ ക്വട്ടേഷന്‍ ഏറ്റെടുത്ത് സിപിഎം നടപ്പാക്കിയതെന്നും കെ.സുധാകരന്‍ ആരോപിച്ചു.

ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ സംരക്ഷിക്കുന്നത് എന്തിനാണെന്ന് ഘടക കക്ഷികളെയും സ്വന്തം അണികളെയും പോലും ബോധ്യപ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കഴിഞ്ഞിട്ടുണ്ടോ?തൃശ്ശൂര്‍പൂരം കലക്കിയതിന്റെ ഗൂഢശക്തിയാരാണെന്ന് കേരള ജനതയ്ക്ക് അറിയണം. ആരോപണവിധേയനെ ഉപയോഗിച്ച് കേസ് അന്വേഷിപ്പിക്കുന്ന വിചിത്രമായ കാര്യങ്ങളാണ് കേരളത്തില്‍ നടക്കുന്നത്. കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുക എന്നൊക്കെ കേട്ടിട്ടെയുള്ളു. എന്നാലത് ഇപ്പോള്‍ പിണറായി ഭരണത്തില്‍ കാണുകയാണ്. സംഘപരിവാര്‍ മനസ്സുള്ള മുഖ്യമന്ത്രിക്ക് ആര്‍എസ്എസ് ബന്ധമുള്ളവരെ സംരക്ഷിക്കുന്നത് ക്രെഡിറ്റാണ്. മുഖ്യമന്ത്രിക്ക് സംഘപരിവാറിനെ ഭയമാണ്. സിപിഎമ്മിലെ കാവിവത്കരണത്തെ പ്രോത്സാഹിപ്പിക്കുന്ന മുഖ്യമന്ത്രിയാണ് സിപിഎമ്മിനെ നയിക്കുന്നത്. അതാണ് സിപിഎം ഇന്ന് നേരിടുന്ന ഏറ്റവും വലിയ ജീര്‍ണ്ണതയെന്നും കെ.സുധാകരന്‍ പറഞ്ഞു.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News