കോട്ടയം: കോട്ടയം ട്രാവൻകൂർ സിമന്‍റ്സ് അടച്ചു പൂട്ടലിലേക്ക്. വൈറ്റ് സിമന്‍റ് ഉത്പാദനത്തിൽ പേരു കേട്ട സ്ഥാപനം കോടികളുടെ സാമ്പത്തിക ബാധ്യത മൂലമാണ് അടച്ച് പൂട്ടലിന്‍റെ വക്കിലെത്തി നിൽക്കുന്നത്. കമ്പനിയിൽ നിന്ന് വിരമിച്ച ജീവനക്കാർ ആനുകൂല്യങ്ങൾ കിട്ടാതെ കോടതിയെ സമീപിച്ചതോടെ കമ്പനിയുടെ അക്കൗണ്ടുകൾ കോടതി മരവിപ്പിച്ചു.
വേമ്പനാട്ട് കായലിലെ വെള്ള കക്ക ശേഖരിച്ച് 1946മുതൽ വൈറ്റ് സിമന്‍റ് നിർമ്മിച്ചിരുന്ന ഈ സ്ഥാപനം ഇന്ന് കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. കക്കവാരൽ നിരോധനവും വിപണിയിലെ മറ്റ് സ്ഥാപനങ്ങളുടെ കടുത്ത മത്സരവും പ്രതിസന്ധിയുടെ ആക്കം കൂട്ടി. ഇതോടെ ഓരോ നാൾ പിന്നിടുമ്പോഴും സ്ഥാപനം നഷ്ടത്തിന്റെ കയത്തിലേക്ക് പതിക്കുകയായിരുന്നു.
Read Also: Fennel Milk Benefits: പാലിനൊപ്പം ഇത് ചേർത്ത് കുടിക്കൂ.. ശരീരത്തിന് ബലഹീനത ഉണ്ടാവില്ല!
നിലവിൽ 196 ജീവനക്കാരാണ് ഇവിടെ തൊഴിലെടുക്കുന്നത്. കൂറെപേർ പിരിഞ്ഞുപോവുകയും ചെയ്തു. 2019 ൽ കമ്പനിയിൽ നിന്ന് വിരമിച്ചവർക്ക് 23 ലക്ഷം രൂപ ഗ്രാറ്റുവിറ്റി ഇനത്തിൽ നൽകാനുണ്ട്. ഇവരിൽ 10 പേർ കോടതിയെ സമീപിച്ചതോടെ കമ്പനിയുടെ അക്കൗണ്ടുകൾ മരവിപ്പിച്ചതും കമ്പനിക്ക് കനത്ത തിരിച്ചടിയായി. റവന്യു റിക്കവറിയിലൂടെ ജീവനക്കാർക്ക് ഗ്രാറ്റ് വിറ്റി തുക നൽകാനാണ് കോടതി ഉത്തരവ്.
ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് പിടിച്ച തുക മാനേജ് മെന്റുകൾ അടച്ചില്ല. പാട്ട തുകയും കുടിശിഖയും കമ്പനിയെ പ്രതിസന്ധിയിലാക്കിയെന്ന് ചെയർമാൻ ബാബു ജോസഫ് പറഞ്ഞു. വിരമിച്ച 104 ജീവനക്കാർക്കാണ് ആനുകൂല്യങ്ങൾ കിട്ടാനുള്ളത്. നിലവിൽ 33 കോടി രൂപയുടെ ബാധ്യത കമ്പനിക്കുണ്ട്.
Read Also: 'വിധവയായത് അതവരുടെ വിധി ' കെ.കെ.രമയെ ആക്ഷേപിച്ച് എം.എം.മണി ; തോന്നിവാസം പറയരുതെന്ന് പ്രതിപക്ഷം
2020 ൽ സ്ഥാപനത്തെ പിടിച്ചു നിർത്താൻ ഗ്രേ സിമന്റ് ഉത്പാദിപ്പിച്ച് കോൺക്രീറ്റ് പോസ്റ്റുകൾ നിർമിക്കാൻ സർക്കാർ പദ്ധതി കൊണ്ടു വന്നിരുന്നു. 28 കോടിയുടെ പ്രോജക്ടാണ് ഇതിനായി അവതരിപ്പിച്ചത് എന്നാൽ ഉദ്ഘാടനം നടത്തിയതല്ലാതെ പദ്ധതി മുന്നോട്ട് പോയില്ല.
സർക്കാർ അടിയന്തിരമായി സാമ്പത്തിക സഹായം നൽകി കമ്പനിയെ രക്ഷപ്പെടുത്തണമെന്നാണ് ജീവനക്കാർ ആവശ്യപ്പെടുന്നത്. കമ്പനിയെ പ്രതിസന്ധിയിലാക്കിയത് ഉദ്യോഗസ്ഥതലത്തിലെ ഇടപെടലുകളാണെന്നും ആക്ഷേപമുണ്ട്. ഉദ്യേഗസ്ഥർക്കെതിരെ സർക്കാർ നടപടി എടുക്കണമെന്നാണ് റിട്ടയർ എംപ്ളോയ്സ് ഫോറത്തിന്‍റെ ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...