തിരുവനന്തപുരം: മത വിദ്വേഷത്തിന്റെ വിത്തുകൾ പാകുന്ന ഈ കാലത്ത് മത സൗഹാർദ്ധത്തിന്റെ നോമ്പ് തുറ സംഘടിപ്പിച്ചു ക്ഷേത്രം ഭാരവാഹികൾ. വിശുദ്ധമായ റമദാൻ മാസത്തിലെ ഇരുപത്തി ഒന്നാം നോമ്പിലെ മഗ്‌രിബ് ബാങ്ക് നോമ്പ് തുറക്കുന്നതിലുപരി അത് മത സൗഹാർദ്ദത്തിന്റേത് കൂടിയായത്. തിരുവനന്തപുരം ജില്ലയിൽ വെഞ്ഞാറമൂട് മരുതും മൂട്ടിലാണ് നാടിനു മാതൃകയാകുന്ന ഇഫ്താർ ഒരുക്കിയത്. തെക്കൻ കേരളത്തിലെ പ്രശസ്തമായ ക്ഷേത്രങ്ങളിൽ ഒന്നാണ് മരുതുംമൂട്ടിലെ വേങ്കമല ഭഗവതി ക്ഷേത്രം.
മരുതും മൂട്ടിലെ മസ്ജിദിൽ ഇന്നലെ നോമ്പ് കാർക്ക് ഇഫ്താർ വിരുന്നൊരുക്കിയത് ഈ ക്ഷേത്രത്തിലെ ഭാരവാഹികളായിരുന്നു. മസ്ജിദിൽ എത്തിയ ക്ഷേത്രം ഭാരവാഹികൾ വിശ്വാസികൾക്കൊപ്പം ഇഫ്താറിൽ പങ്കെടുത്തു ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്. നേരത്തെ ക്ഷേത്രത്തിലെ ഉത്സവവുമായി ബന്ധപ്പെട്ടു നടക്കുന്ന പരിപാടികളിൽ മുസ്ലിം വിഭാഗത്തെ കൂടി ക്ഷേത്രം ഭാരവാഹികൾ ഉൾപ്പെടുത്തിയാണ് നടത്തി വന്നിരുന്നത്. കഴിഞ്ഞ പന്ത്രണ്ടു വർഷമായി നോമ്പ് ഇരുപതിന് മസ്ജിദിൽ നോമ്പ് തുറ നടത്തി വരുന്നത് ക്ഷേത്ര കമ്മറ്റിയാണ്.
Read Also: തിരുവനന്തപുരത്തെ പാൽമുന്തിരി സർബത്ത് ഇത്ര വൈറൽ ആയതെങ്ങനെ..?
മതത്തിന്‍റെ വേലിക്കെട്ടുകൾക്കപ്പുറം സാഹോദര്യത്തിന്റെയും പരസ്പര വിശ്വാസത്തിന്റെയും സന്ദേശമാണ് ഈ നാട്ടിൽ നിന്ന് പകർന്നു നൽകുന്നത്. ആചാരങ്ങളും വിശ്വാസങ്ങളുമെല്ലാം മനുഷ്യ നന്മയ്ക്കാണെന്നും സ്നേഹത്തിന്റെ മതമാണ് ദൈവത്തിന്റേതെന്നും പുതു തലമുറയ്കുള്ള സന്ദേശമായി ഈ നാട് സമ്മാനിക്കുന്നു. കലാ-സാംസ്കാരിക പാരമ്പര്യമുള്ള വെഞ്ഞാറമൂടിന് പണ്ട് കാലം മുതൽ തന്നെ ഐക്യത്തിന്റെയും മത സൗഹാർദ്ദത്തിന്റെയും ശീലമാണുള്ളത്. ഒത്തൊരുമയിലൂടെയും പങ്കുവയ്ക്കലുകളിലൂടെയും ഇവർ ഭിന്നിപ്പുകളെ ഇല്ലായ്മ ചെയ്യുന്നു.
ക്ഷേത്രത്തിൽ നിന്നും മഗ്‌രിബ് ബാങ്കിന് മുൻപായി ക്ഷേത്ര പൂജാരിയും ഭാരവാഹികളും മസ്ജിദിലെത്തി. മത സൗഹാർദ്ധം നിലനിറുത്തുന്നതിനും നാടിനു ഐശ്വര്യത്തിനും പ്രാർത്ഥനയും നടത്തിയാണ് മഗ്‌രിബ് ബാങ്കിന് എല്ലാവരും കാത്തിരുന്നത്. ബാങ്ക് വിളി കേട്ടതോടെ എല്ലാവരും ഒരുമിമിച്ചുള്ള നോമ്പ് തുറയായിരുന്നു. വിശ്വാസികൾ മഗ്‌രിബ് നമസ്കരിക്കാൻ പോയപ്പോൾ ക്ഷേത്ര ഭാരവാഹികൾ നോമ്പ് കാർക്കുള്ള ഭക്ഷണം മേശകളിൽ ഒരുക്കുന്ന തിരക്കിലായിരുന്നു. നമസ്കാരനാന്തരം എല്ലാവരും ഒരുമിച്ചു ഭക്ഷണം കഴിച്ചാണ് സാഹോദര്യത്തിന്റെ മാതൃക നൽകി മടങ്ങിയത്. ചടങ്ങിന് സാക്ഷിയായി വെഞ്ഞാറമൂട് സി ഐ ഷൈജു നാഥ് എത്തിയിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA