തൊടുപുഴ: ഇടുക്കി ഡാം (Idukki Dam) അടിയന്തരമായി തുറന്ന് ജലനിരപ്പ് (Waterlevel) ക്രമീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് എംപി (Dean Kuriakose MP). ഡാമിലെ ജലനിരപ്പ് റെഡ് അലർട്ടിലേക്ക് (Red Alert) അടുക്കുന്ന സാഹചര്യത്തിലാണ് ഡാം തുറക്കണമെന്ന് എംപി ആവശ്യപ്പെട്ടത്.
നിലവിൽ ഡാമിൻ്റെ ജലനിരപ്പ് 2397 അടി കഴിഞ്ഞു. നിലവിലെ കാലാവസ്ഥ പ്രവചനം അനുസരിച്ച് രണ്ട് ദിവസത്തേക്ക് മഴ ഇല്ലെങ്കിലും അതിന് ശേഷം ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇത് മുന്നിൽ കണ്ട് തുറന്നുവിട്ട് ജലം ക്രമീകരിക്കണമെന്ന് ഡീൻ കുര്യാക്കോസ് പറഞ്ഞു. അതേസമയം ഡാം തുറന്നു വിട്ട് ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയുണ്ടാക്കുന്ന അവസ്ഥയുണ്ടാവരുത്. 2385 ൽ ജലനിരപ്പ് നിജപ്പെടുത്തണം. മഴ പെയ്യാൻ കാത്തിരുന്ന് പ്രളയമുണ്ടാക്കരുതെന്നും ഡീൻ കുര്യാക്കോസ് പറഞ്ഞു.
അതിനിടെ കേരളത്തിൽ ഡാമുകള്‍ തുറക്കുന്നത് തീരുമാനിക്കാൻ സർക്കാർ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. മഴക്കെടുതിയും ഡാമുകളുടെ ജലനിരപ്പും വിലയിരുത്താന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം പറഞ്ഞത്. ഏത് ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതത് ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി തീരുമാനിക്കും. തുറക്കുന്നതിന് കൃത്യമായ മണിക്കൂറുകള്‍ മുമ്പ് ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരെ അറിയിക്കണം. പ്രദേശവാസികളെ ഒഴിപ്പിക്കാനാവശ്യമായ സമയം നല്‍കണം. പെട്ടെന്ന് തുറക്കുമ്പോള്‍ ഉണ്ടാകാവുന്ന ഭവിഷ്യത്തുകള്‍ ഒഴിവാക്കാനാണിത്.
ഡാമുകൾ പകൽ മാത്രമേ തുറക്കൂവെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും റവന്യൂ മന്ത്രി കെ.രാജനും വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...