കൊച്ചി: ഫ്ലാറ്റില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ വീണ് ഗുരുതരമായി പരിക്കേറ്റ സ്ത്രീ മരിച്ചു. ഇന്ന് പുലര്‍ച്ചെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്.
തമിഴ്‌നാട് (Tamil Nadu) സേലം സ്വദേശിനി കുമാരിയാണ് മരിച്ചത്. ഫ്ലാറ്റിന്‍റെ ആറാം നിലയില്‍ നിന്ന് സാരിയില്‍ കെട്ടി തൂങ്ങി ഇറങ്ങാന്‍ ശ്രമിക്കുമ്പോഴാണ് അപകടമെന്നാണ് റിപ്പോര്‍ട്ട്. കൊച്ചി (Kochi) മറൈന്‍ ഡ്രൈവിലെ (Marine drive) ലിങ്ക് ഹൊറൈസണ്‍ ഫ്‌ളാറ്റിലെ ആറാം നിലയിലെ താമസക്കാരന്‍ ഇംതിയാസ് അഹമ്മദ് എന്നയാളുടെ ഫ്‌ളാറ്റില്‍ നിന്നാണ് യുവതി താഴേക്ക് വീണത്.
സംഭവത്തിന് കാരണം ഫ്ലാറ്റുടമയാണെന്ന് കുമാരിയുടെ ഭര്‍ത്താവ് പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. അഭിഭാഷകനായ ഇംത്യാസ് അഹമ്മദിന്‍റെ ഫ്ലാറ്റില്‍ വീട്ടുജോലി ചെയ്തിരുന്ന കുമാരി അദ്ദേഹത്തില്‍ നിന്നും 10,000 രൂപ അഡ്വാന്‍സ് വാങ്ങിയിരുന്നു. അടിയന്തിര ആവശ്യത്തിനായി വീട്ടില്‍ പോകാന്‍ അനുവാദം ചോദിച്ചപ്പോള്‍ വാങ്ങിയ പണം തിരികെ നല്‍കാതെ പോകാന്‍ കഴിയില്ലെന്ന് പറഞ്ഞ് കുമാരിയെ പൂട്ടിയിട്ടെന്ന് ഭര്‍ത്താവ് നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ ചോദ്യം ചെയ്യലില്‍ ഇംതിയാസും ഭാര്യയും ആരോപണം നിഷേധിച്ചിരുന്നു.
കുമാരിയുടെ ഭര്‍ത്താവിന്‍റെ അടിസ്ഥാനത്തില്‍ ഉടമയ്‌ക്കെതിരെ പോലീസ് നേരത്തെ തന്നെ കേസെടുത്തിരുന്നു. നിലവില്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് പോലീസ് കേസെടുത്തിട്ടുള്ളത്. എഫ്‌ഐആറില്‍ പ്രതി ആരെന്ന് വ്യക്തമാക്കിയിട്ടുമില്ല.
മുന്‍ ഹൈക്കോടതി (High Court) ജഡ്ജിയുടെ മകനാണ് ഇംതിയാസ്. കൂടാതെ, ഹൈക്കോടതിയിലെ പ്രബലനായ അഭിഭാഷകനുംകൂടിയാണ് അഡ്വ. ഇംതിയാസ് അഹമ്മദ്. യുവതിയുടെ മരണത്തോടെ ഫ്‌ളാറ്റുടമയ്‌ക്കെതിരെ കൊലക്കേസ് എടുക്കണമെന്ന ആവശ്യം ശക്തമാകും.
Also read: Sabarimala: ആശങ്ക പടര്‍ത്തി COVID, പരിശോധന കര്‍ശനമാക്കി
ഫ്ളാറ്റില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ചപ്പോള്‍ അപകടത്തില്‍പ്പെട്ടതായിരിക്കാമെന്ന് കരുതുന്നതായി എറണാകുളം നോര്‍ത്ത് എസിപി ലാല്‍ജി പറഞ്ഞിരുന്നു. വീട്ടുജോലിക്കാരി സാരിയില്‍ കെട്ടിത്തൂങ്ങി പുറത്തിറങ്ങാന്‍ മുതിര്‍ന്നത് എന്തിനാണെന്നാണ് ഇപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്. കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം നടന്നത്.