പാലക്കാട്: തേങ്കുറിശ്ശിയിലെ ദുരഭിമാനക്കൊലയില്‍ തനിക്ക് പങ്കില്ലെന്ന് ഹരിതയുടെ മുത്തച്ഛന് കുമരേശന്‍ പിള്ള. വിവാഹത്തെ എതിര്‍ത്തത് ജാതി പ്രശ്നം കൊണ്ടല്ലെന്നും സാമ്പത്തിക പ്രശ്നം കാരണമാണെന്നും കുമരേശന്‍ പറഞ്ഞു. ഏകപക്ഷീയ ആക്രമണമാണെങ്കില്‍ പ്രതികള്‍ ശിക്ഷ അനുഭവിക്കണമെന്നും കുമരേശന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
വെള്ളിയാഴ്ച രാത്രിയാണ് ഹരിതയുടെ ഭര്‍ത്താവ് അനീഷിനെ വെട്ടിക്കൊന്നത്. ഹരിതയുടെ പിതാവ് പ്രഭുകുമാറും അമ്മാവന് സുരേഷും ചേര്‍ന്നാണ് വെട്ടിക്കൊലപ്പെടുത്തിയത്. സഹോദരന് അരുണിനൊപ്പം ബൈക്കില്‍ പോവുകയായിരുന്ന അനീഷിനെ തടഞ്ഞുനിര്‍ത്തി വെട്ടുകയായിരുന്നു. കേസില്‍ പ്രഭുവിനെയും സുരേഷിനെയും റിമാന്‍ഡ് ചെയ്തു.
അനീഷിനെ കൊല്ലാന്‍ ഉപയോഗിച്ച ആയുധങ്ങള്‍ സുരേഷിന്റെയും പ്രഭുകുമാറിന്റെ വീടുകളില്‍ നിന്ന് കണ്ടെടുത്തിരുന്നു. കഴിഞ്ഞദിവസം പ്രതികളെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
Also Read: Palakkad Honour Killing: പെൺകുട്ടിയുടെ അച്ഛനും അമ്മാവനും കസ്റ്റഡിയിൽ
സ്കൂൾ കാലം മുതൽ ആറുവർഷം നീണ്ട പ്രണയത്തിനൊടുവിലാണ് ഹരിത അനീഷിനെ വിവാഹം കഴിച്ചത്. പെയിന്റിങ് തൊഴിലാളിയായ അനീഷ് താഴ്ന്ന ജാതിക്കാരനും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നയാളുമാണ്. അതിനാൽ ഈ ബന്ധത്തിന് പെൺകുട്ടിയുടെ വീട്ടുകാർക്ക് വലിയ എതിർപ്പായിരുന്നു.ഇതിനിടെ വീട്ടുകാർ ഹരിതയ്ക്ക് മറ്റൊരു വിവാഹം ആലോചിക്കുകയും വാക്കാൽ നിശ്ചയിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് പെൺകുട്ടി അനീഷിനൊപ്പം ഇറങ്ങിവന്ന് സെപ്തംബർ 27ന് രജിസ്റ്റർ വിവാഹം ചെയ്തത്. ഒരേ ദേശത്ത്, മകൾ താഴ്ന്ന ജാതിക്കാരനുമൊന്ന് ജീവിക്കുന്നത് വീട്ടുകാരെ അസ്വസ്ഥരാക്കിയിരുന്നു ആ വൈരാഗ്യമാണ് വലിയ സ്വപ്നങ്ങളോടെ ദാമ്പത്യ ജീവിതം തുടങ്ങിയ യുവാവിന്റെ ജീവനെടുത്തത്. വിവാഹ ശേഷം പലതവണയായി പെൺകുട്ടിയുടെ അച്ഛൻ പ്രഭുകുമാറും അമ്മാവൻ സുരേഷും അനീഷിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയിരുന്നു. 90 ദിവസം പോലും ഒരുമിച്ച് ജീവിക്കാൻ അനുവദിക്കില്ലെന്ന് കൊലവിളിയും നടത്തിയിരുന്നു.