Sea Hawk aircraft | അനന്തപുരിയിലെ യുദ്ധപക്ഷിക്ക് പിന്നിലൊരു ചരിത്രകഥയുണ്ട്; സീഹോക്ക് വിമാനം രാജകീയ വീഥിക്ക് നിറപകിട്ടാർന്നതിങ്ങനെ!

1971 ലെ ഇന്ത്യ - പാക് യുദ്ധത്തിൽ, ഇന്ത്യയുടെ വിജയത്തിനും ബംഗ്ലാദേശിന്റെ വിമോചനത്തിനും നിർണായക പങ്ക് വഹിച്ച വിമാനമായിരുന്നു "സീ ഹോക്ക് എയർ ക്രാഫ്റ്റ്" എന്ന ഈ പോരാളി

Written by - Abhijith Jayan | Last Updated : Jan 14, 2022, 12:34 PM IST
  • നേവിയെ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി മറ്റ് മികച്ച മോഡലുകൾ വന്നപ്പോൾ ഇന്ത്യൻ നേവി ഈ യുദ്ധപക്ഷിയെ ഡീ-കമ്മിഷൻ ചെയ്തു
  • പഴയ വിമാനങ്ങളെല്ലാം രാജ്യമെമ്പാടുമുള്ള മ്യൂസിയങ്ങളിൽ പ്രദർശിപ്പിക്കാനായി ഇന്ത്യൻ നേവി വിതരണം ചെയ്തു
  • ഏകദേശം മൂന്ന് മാസമെടുത്താണ് വിമാനം എറണാകുളത്തെ നേവി മ്യൂസിയത്തിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്
  • വിമാനത്തിന്റെ മേൽനോട്ടവും പരിപാലനവും നിർവഹിക്കുന്നത് ഇന്ത്യൻ നേവിയാണ്
Sea Hawk aircraft | അനന്തപുരിയിലെ യുദ്ധപക്ഷിക്ക് പിന്നിലൊരു ചരിത്രകഥയുണ്ട്; സീഹോക്ക് വിമാനം രാജകീയ വീഥിക്ക് നിറപകിട്ടാർന്നതിങ്ങനെ!

തിരുവനന്തപുരം: മ്യൂസിയം - വെള്ളയമ്പലം റോഡിൽ, ജവഹർ ബാലഭവന് മുന്നിലായി ഒരു വിമാനം കാണാം. ഒരുപാട് വീരകഥകൾ ഉള്ളിലൊളിപ്പിച്ച്‌ രാജവീഥിയെ പ്രകമ്പനം കൊള്ളിച്ച് നിലകൊള്ളുന്ന ഈ ജെറ്റ് വിമാനം കേവലം ഒരു മാതൃക മാത്രമാണെന്ന് വിചാരിക്കുന്നവരാണ് നമ്മളിൽ പലരും. പക്ഷേ, വാസ്‌തവത്തിൽ ഇതൊരു യുദ്ധവിമാനമായിരുന്നു. ഇതിന് പിന്നിൽ പ്രൗഢഗംഭീരമായ വലിയൊരു ചരിത്രമുണ്ട്. പ്രശസ്തമായ യുദ്ധപക്ഷിക്കൂടിയാണ് ഈ വിമാനം.

1971 ലെ ഇന്ത്യ - പാക് യുദ്ധത്തിൽ, ഇന്ത്യയുടെ വിജയത്തിനും ബംഗ്ലാദേശിന്റെ വിമോചനത്തിനും നിർണായക പങ്ക് വഹിച്ച വിമാനമായിരുന്നു "സീ ഹോക്ക് എയർ ക്രാഫ്റ്റ്" എന്ന ഈ പോരാളി. ഇന്ത്യൻ നേവിയുടെ ഭാഗമായിരുന്നു ഈ ജെറ്റ്. ഇന്ത്യയും പാകിസ്ഥാനും തമ്മിൽ ശത്രുത പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് കിഴക്കൻ പാകിസ്ഥാനിലുണ്ടായിരുന്ന ചിറ്റഗോംഗ് തുറമുഖത്തെ ആക്രമിക്കാൻ ഇന്ത്യ തീരുമാനിച്ചു.

 

INS വിക്രാന്ത് എന്ന വിമാനവാഹിനിക്കപ്പലിൽ നിന്ന് സീഹോക്ക് വിമാനം വിക്ഷേപിക്കപ്പെട്ടു. ഇന്ത്യൻ വ്യോമതാവളത്തെ പാകിസ്ഥാൻ ആക്രമിച്ച ദിവസം INS വിക്രാന്തിന്റെ ഒരു ബോയിലർ പ്രവർത്തനരഹിതമായിരുന്നു. വേഗതയും പ്രവർത്തനക്ഷമതയും കുറയാൻ ഇത് കാരണമാവുകയും ചെയ്തു എന്നാണ് പറയപ്പെടുന്നത്. എങ്കിലും, 1971 ഡിസംബർ 4 ന് വിക്രാന്തിൽ നിന്നുള്ള സീ ഹോക്കുകൾ കോക്‌സ് ബസാറിനെയും ചിറ്റഗോംഗിനെയും ആക്രമിച്ചു. പാക്കിസ്ഥാൻ അധിനിവേശമുള്ള ചിറ്റഗോംഗ് തുറമുഖത്ത് ബോംബിടാൻ ഈ യുദ്ധവിമാനം ഉപയോഗിച്ചതായി ചരിത്രത്തിൽ അടയാളപ്പെടുത്തുന്നു.

തുടർന്ന്, അടുത്തുള്ള മറ്റ് തുറമുഖങ്ങളിൽ കൂടുതൽ ആക്രമണങ്ങൾ അടുത്ത ദിവസങ്ങളിൽ നടന്നു. ചിറ്റഗോംഗിനെ ഒരിക്കൽ കൂടി ആക്രമിക്കാൻ പദ്ധതിയിട്ടു. അങ്ങനെ ചിറ്റഗോംഗിൽ വീണ്ടും ആക്രമണം നടത്തി. മറ്റ് നഷ്ടമൊന്നുമില്ലാതെ സീഹോക്കുകൾ തുറമുഖവും അതിന്റെ സമീപത്തെ വ്യോമതാവളവും നശിപ്പിച്ചു. അങ്ങനെ ഇന്ത്യൻ വിജയത്തിൽ സീഹോക്ക് അതിന്റെ ദൗത്യം നിറവേറ്റിയെന്നാണ് ചരിത്രഗവേഷകർ പറയുന്നത്.

തിരുവനന്തപുരം ജവഹർ ബാലഭവനിൽ നിലകൊള്ളുന്ന ഇന്ത്യൻ നാവികസേനയുടെ നമ്പർ 300 സ്ക്വാഡ്രൺ വൈറ്റ് ടൈഗേഴ്‌സിന്റെ ഭാഗമായിരുന്ന വിമാനമാണ് ചിറ്റഗോങ് തുറമുഖത്തെയും വ്യോമതാവളത്തെയും തകർത്തു തരിപ്പണമാക്കിയത്. യുദ്ധസമയത്ത് INS വിക്രാന്തിൽ നിന്ന് 30 സീ ഹോക്ക് ജെറ്റുകൾ ഇന്ത്യൻ നാവികസേന ഓപ്പറേറ്റ് ചെയ്‌തിരുന്നുവെന്നും വിവരമുണ്ട്.

നേവിയെ ആധുനികവത്ക്കരിക്കുന്നതിന്റെ ഭാഗമായി മറ്റ് മികച്ച മോഡലുകൾ വന്നപ്പോൾ ഇന്ത്യൻ നേവി സീ-ഹോക്ക് വിമാനമായ, അനന്തപുരിയിലെ ഈ യുദ്ധപക്ഷിയെ ഡീ-കമ്മിഷൻ ചെയ്തു. പഴയ വിമാനങ്ങളെല്ലാം രാജ്യമെമ്പാടുമുള്ള മ്യൂസിയങ്ങളിൽ പ്രദർശിപ്പിക്കാനായി ഇന്ത്യൻ നേവി വിതരണം ചെയ്തു. മ്യൂസിയങ്ങളിൽ ഈ വിമാനം കാണുന്ന കുട്ടികൾക്ക് നേവിയോടും ഇന്ത്യൻ സൈന്യത്തോടും അഭിനിവേശം ഉണ്ടാക്കുകയായിരുന്നു ഈ ലക്ഷ്യത്തിന് പിന്നിലുണ്ടായിരുന്നത്. 

1980 ൽ ഇന്ത്യൻ നാവികസേനയുടെ ദക്ഷിണ നാവിക കമാൻഡ് ജവഹർ ബാലഭവന് ഒരു വിമാനം നൽകി. ഒരു യുദ്ധ സ്മാരകം എന്ന നിലയിൽ ഈ ജെറ്റ് തിരുവനന്തപുരത്തെ വെള്ളയമ്പലം - മ്യൂസിയം റോഡിലുള്ള ബാലഭവനിലേക്ക് കൊണ്ടുപോയി. ഈ വിമാനം ഇവിടെ കൊണ്ടുവന്നത് ഒരു ചരിത്രപരമായ സംഭവമായിരുന്നു. 

വിമാനത്തിന്റെ വലിപ്പവും ഭാരവും കാരണം ഏകദേശം മൂന്ന് മാസമെടുത്താണ് എറണാകുളത്തെ നേവി മ്യൂസിയത്തിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചത്. വി എസ് എസ് സിയുടെ ക്രെയിനുകളാണ് ഇതിന് ഉപയോഗിച്ചത്. വിമാനത്തിന്റെ മേൽനോട്ടവും പരിപാലനവും നിർവഹിക്കുന്നത് ഇന്ത്യൻ നേവിയാണ്.

വർഷാവർഷം അവർ ഇത് പരിപാലിക്കണം എന്നതാണ് ചട്ടം. മതിയായ പരിപാലനത്തിന്റെ അഭാവത്താൽ വെയിലും മഴയുമേറ്റ് അവശനിലയിലായിരുന്നു ഈ ജെറ്റ്. 2006ൽ വിമാനം അവഗണനയുടെ വക്കിലാണെന്ന് കാട്ടി അന്നത്തെ രാഷ്ട്രപതിയായിരുന്ന എ പി ജെ അബ്ദുൾ കലാമിന് ഒരു പരാതി ലഭിച്ചു. ഒരാഴ്ചയ്ക്കുള്ളിൽ തന്നെ ഇതിനെപ്പറ്റി അന്വേഷിക്കാൻ രാഷ്ട്രപതിയുടെ ഓഫീസ് ചീഫ് സെക്രട്ടറിക്ക് കത്ത് നൽകി. 

എന്നാൽ, ഫയലുകൾ ഒരു ദശാബ്ദക്കാലത്തോളം പൊടിപിടിച്ചുകിടന്നു. 2016 ൽ വിമാനത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ്, അതിനെ സംരക്ഷിക്കാനായി ഒരു മേൽക്കൂരയും വേലിയും നടപ്പാതയുമുള്ള ഒരു ചെറിയ പൂന്തോട്ടവും ഒരു പ്ലാറ്റ്ഫോമും നിർമ്മിക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചു. ജെറ്റ് നന്നാക്കാനും പെയിന്റ് ചെയ്യാനും നാവികസേന ഉദ്യോഗസ്ഥർ മുൻകൈയെടുത്തു. 

കൂടാതെ, കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസിൻ്റെ മേൽനോട്ടത്തിൽ 24 ലക്ഷം രൂപ ചെലവഴിച്ച്‌ ഈ പ്രദേശം മനോഹരമായി നവീകരിക്കുകയും ചെയ്തു. രാത്രി കാഴ്ചയ്ക്കായി മനോഹരമായി വെളിച്ച സംവിധാനവും ഒരുക്കി. ഇന്ന് ഈ 'വീര പോരാളി' തിരുവനന്തപുരം നഗരത്തിലെ സന്ദർശകരെ ആകർഷിക്കുകയും പ്രചോദിപ്പിക്കുകയും ചെയ്യുന്നു.

  • ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

    android Link - https://bit.ly/3b0IeqA
    ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News