H1N1 Death: സംസ്ഥാനത്ത് എച്ച് 1 എൻ 1 ബാധിച്ച് മരണം; 12 പേർക്ക് രോ​ഗബാധ

12 പേർക്കാണ് സംസ്ഥാനത്ത് ഇതുവരെ എച്ച് 1 എൻ 1 വൈറസ് ബാധിച്ചിരിക്കുന്നത്. രോ​ഗബാധയേറ്റ് ഒരാൾ മരണമടയുകയും ചെയ്തു.  

Written by - Zee Malayalam News Desk | Last Updated : Jun 16, 2023, 04:18 PM IST
  • 83 വയസ്സുള്ള കരുമാല്ലൂർ സ്വദേശിനിയാണ് മരിച്ചത്.
  • ഇവരെ കഴിഞ്ഞ 25-ന് നെഞ്ചുവേദനയെ തുടർന്ന് ചാലാക്ക മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.
  • തുടർന്ന് ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് പനി ബാധിച്ചത്.
H1N1 Death: സംസ്ഥാനത്ത് എച്ച് 1 എൻ 1 ബാധിച്ച് മരണം; 12 പേർക്ക് രോ​ഗബാധ

കൊച്ചി: സംസ്ഥാനത്ത് പനി ബാധിച്ച് ചികിത്സ തേടുന്നവരുടെ എണ്ണം വർധിക്കുന്നതിനിടെ എറണാകുളത്ത് എച്ച് വൺ എൻ വൺ ബാധിച്ച് ഒരു മരണം റിപ്പോ‍ർട്ട് ചെയ്തു. 83 വയസ്സുള്ള കരുമാല്ലൂർ സ്വദേശിനിയാണ് മരിച്ചത്. ഇവരെ കഴിഞ്ഞ 25-ന് നെഞ്ചുവേദനയെ തുടർന്ന് ചാലാക്ക മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് ഐസിയുവിൽ ചികിത്സയിലിരിക്കെയാണ് പനി ബാധിച്ചത്. മെയ് 31നാണ് ഇവർ മരിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച് വൺ എൻ വൺ മൂലമാണ് മരണമെന്ന് സ്ഥിരീകരിച്ചത്. 

സംസ്ഥാനത്ത് 12 പേർക്കാണ് 15 ദിവസത്തിനുള്ളിൽ എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചത്. പിഴല, ചേരാനല്ലൂർ സ്വദേശികളായ മൂന്നു പേർക്ക് വ്യാഴാഴ്ച രോ​ഗം സ്ഥിരീകരിച്ചിരുന്നു. കാലടി, ശ്രീമൂലനഗരം, മലയാറ്റൂർ-നീലീശ്വരം പഞ്ചായത്തുകളിലും എച്ച് വൺ എൻ വൺ സ്ഥിരീകരിച്ചിട്ടുണ്ട്. ഇവിടങ്ങളിലായി ആറു പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. രോഗികളുമായി അടുത്തിടപഴകിയവരോട് വീടുകളിൽ കഴിയാൻ നിർദേശിച്ചിട്ടുണ്ട്.

അതേസമയം സംസ്ഥാനത്ത് ഡെങ്കിപ്പനിയോടൊപ്പം എച്ച് വൺ എൻ വൺ, എലിപ്പനി, എച്ച് ത്രീ എൻ ടു, തുടങ്ങി പകർച്ചവ്യാധികൾ പടർന്നുപിടിക്കുകയാണ്. വ്യാഴാഴ്ച നെട്ടൂർ സ്വദേശിക്ക് എച്ച് ത്രീ എൻ ടു സ്ഥിരീകരിച്ചിരുന്നു. 

എന്താണ് എച്ച് വൺ എൻ വൺ

സ്വൈൻ ഇൻഫ്ളുവൻസ അല്ലെങ്കിൽ പന്നിപ്പനി അല്ലെങ്കിൽ എച്ച് വൺ എൻ വൺ ഇൻഫ്ളുവൻസ എന്ന അസുഖം 2009 മുതൽ അന്താരാഷ്ട്രതലത്തിൽ പകർച്ചവ്യാധിയായി റിപ്പോർട്ടു ചെയ്തിട്ടുളളതാണ്. ആർ എൻ എ വൈറസുകളുടെ ഗണത്തിൽപ്പെടുന്ന ഒരു ഇൻഫ്ളുവൻസ  വൈറസാണിത് പരത്തുന്നത്. പന്നികളിലും മറ്റും വളരെ വേഗത്തിൽ പകരുന്ന ഈ വൈറസ് മനുഷ്യരിൽ ശ്വാസകോശ രോഗങ്കളടക്കം ഉണ്ടാക്കുന്നു.

പന്നിപ്പനി വൈറസ് ബാധയുള്ള ഒരു രോഗിയുടെ ശ്വാസകോശ സ്രവങ്ങളിൽക്കൂടിയാണ് രോ​ഗം പകരുന്നത്. അസുഖബാധിതനായ ആളിൽനിന്നും രണ്ടുമുതൽ ഏഴുദിവസം വരെ ഇതു പകരാൻ ഇടയുണ്ട്. തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും ശ്വാസകോശത്തിൽനിന്നുള്ള സ്രവങ്ങൾ വായുവിലൂടെ മറ്റുള്ളവരിലേക്കു പകരുന്നു അങ്ങനെ ഇത് കൂടുതൽ ആളുകളിലേക്ക് പകരുന്നു. 

Also Read: K.Sudhakaran: മോന്‍സണ്‍ തട്ടിപ്പ് കേസ്; കെ.സുധാകരന്റെ അറസ്റ്റ് താത്ക്കാലികമായി തടഞ്ഞ് ഹൈക്കോടതി

 

എച്ച് വൺ എൻ വൺ രോഗ ലക്ഷണങ്ങൾ

പനി, ശരീരവേദന, തൊണ്ടവേദന, ചുമ, അതിസാരം, ഛർദി, വിറയൽ, ക്ഷീണം എന്നിവയാണ് ലക്ഷണങ്ങൾ. ആസ്മ, പ്രമേഹം, ഹൃദ്രോഗം എന്നിവയുള്ളവരിൽ രോഗം കടുക്കാൻ ഇടയുണ്ട്.

എച്ച് വൺ എൻ വൺ ചികിത്സാരീതികൾ

രോഗബാധ നിയന്ത്രിക്കുന്നതിനും മാരകമാകാതെ സൂക്ഷിക്കുന്നതിനും മതിയായ വിശ്രമം വേണം. പനിയും മറ്റും തടയുന്നതിലും വൈറസിനെതിേരയും മരുന്നുകൾ നൽകും. രോഗലക്ഷണങ്ങളുള്ളവരുമായി അടുത്തിടപഴകുന്നവർക്ക് ആന്റിവൈറൽ മരുന്നുകൾ നൽകാം.

മഴക്കാലം തുടങ്ങിയതോടെ സംസ്ഥാനത്ത് പകർച്ചവ്യാധികൾ പടരുകയാണ്. 14 ദിവസത്തിനിടെ ഒന്നേകാൽ ലക്ഷത്തോളം പേരാണ് പനി ബാധിച്ച് ചികിത്സ തേടിയത്. ഇന്നലെ മാത്രം സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ 10,061 പേർ ചികിത്സയ്ക്കെത്തി. ഇതിൽ 212 പേർക്ക് കിടത്തി ചികിത്സ ആവശ്യമായി വന്നു. സ്വകാര്യ ആശുപത്രികളിലെയും ക്ലിനിക്കുകളിലെയും കണക്കുകൾ പരിശോധിച്ചാൽ ഇതിന്റെ ഇരട്ടിയിലധികം വരുമെന്നതാണ് മറ്റൊരു വസ്തുത. എലിപ്പനി ഏറെക്കുറെ എല്ലാ ദിവസവും റിപ്പോർട്ട് ചെയ്യപ്പെടുന്ന അവസ്ഥയാണ്.

കാലവർഷം കനക്കുമ്പോഴേക്കും, പകർച്ചവ്യാധികൾ പടരുന്നത് ആശങ്ക വർധിപ്പിക്കുകയാണ്. വൈറൽ പനിക്കും, എലിപ്പനിക്കും ഡെങ്കിപ്പനിക്കും, പുറമെ ടൈഫോയ്ഡ്, മഞ്ഞപ്പിത്തം എന്നിവ ബാധിച്ച് ആശുപത്രികളിൽ ചികിത്സ തേടുന്നവരുടെയും എണ്ണം വർധിക്കുന്നത് വലിയ ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

അതേസമയം, സംസ്ഥാനത്ത് എല്ലാ പ്രധാന ആശുപത്രികളിലും പനി ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ട്. സര്‍ക്കാര്‍ - സ്വകാര്യ ആശുപത്രികളില്‍ ചികിത്സാ പ്രോട്ടോകോള്‍ ലഭ്യമാക്കിയിട്ടുണ്ട്. ആളുകൾ സ്വയം ചികിത്സ നടത്തരുതെന്നും പനിയുടെ ലക്ഷണങ്ങൾ കണ്ടു തുടങ്ങുമ്പോൾ തന്നെ ആരോഗ്യ സംവിധാനങ്ങളുടെ സഹായത്തോടെ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. അവശ്യ മരുന്നുകള്‍ കെഎംഎസ്‍സിഎല്‍ മുഖേന സംസ്ഥാനത്ത് ലഭ്യമാക്കിയിട്ടുണ്ട്.

എല്ലാ ആശുപത്രികളും മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളുടെ ലഭ്യതയും ഉറപ്പ് വരുത്തണമെന്നും ആരോഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പനിയും പകർച്ചവ്യാധികളും പകരുന്നതിനാൽ പരിസരം ശുചിയായി സൂക്ഷിക്കണമെന്നും വെള്ളം കെട്ടി നിൽക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണമെന്നും വ്യക്തി ശുചിത്വം പാലിക്കമണെന്നും ആരോ​ഗ്യ വകുപ്പ് നിർദേശം നൽകിയിട്ടുണ്ട്.

കൊതുകു കടിയേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധ പുലർത്തണം. വീടിന് പുറത്ത് കിടന്നുറങ്ങാതിരിക്കുക. കൈകളും കാലുകളും നന്നായി മൂടുന്ന വസ്ത്രം ധരിക്കുക. കൊതുകു കടിയിൽ നിന്ന് സംരക്ഷണം ലഭിക്കുന്നതിന് കൊതുകുതിരികള്‍, ശരീരത്തിൽ പുരട്ടുന്ന ലേപനങ്ങള്‍, ക്രീമുകള്‍ എന്നിവ ഉപയോ​ഗിക്കുന്നത് ഒരു പരിധി വരെ നല്ലതാണ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾ

Trending News