നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം കർഷകരെ വലയ്ക്കുന്നു; വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ കണ്ടില്ലെന്ന് നടിക്കുന്നുവെന്ന് ചെന്നിത്തല

 അടുത്തിടെയായി ഇരട്ടിയിലധികം വിലയാണ്  സാധനങ്ങള്‍ക്ക് വര്‍ധിച്ചിരിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Oct 20, 2022, 02:31 PM IST
  • സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് രമേശ് ചെന്നിത്തല
  • വൻവിലക്കയറ്റം സാധാരണക്കാരുടെ കുടംബ ബജറ്റിന്റെ താളം തെറ്റിക്കുന്നു
  • അരിക്ക് മാത്രം പത്ത് മുതൽ പതിനഞ്ച് രൂപ വരെയാണ് കൂടിയത്
നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം കർഷകരെ വലയ്ക്കുന്നു; വിലക്കയറ്റം രൂക്ഷമായിട്ടും സർക്കാർ  കണ്ടില്ലെന്ന് നടിക്കുന്നുവെന്ന്   ചെന്നിത്തല

നിത്യോപയോഗസാധനങ്ങളുടെ വില വാനോളം കുതിച്ചുയരുമ്പോഴും വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍  വിപണിയില്‍ ഇടപെടാതെ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.വൻവിലക്കയറ്റം  സാധാരണക്കാരുടെ കുടംബ ബജറ്റിന്റെ  താളം  തെറ്റിച്ചിട്ടും  സര്‍ക്കാർ ഇടപെടാതെ മാറി നില്‍ക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.  അടുത്തിടെയായി ഇരട്ടിയിലധികം വിലയാണ്  സാധനങ്ങള്‍ക്ക് വര്‍ധിച്ചിരിക്കുന്നത്. അരിക്ക് മാത്രം പത്ത് മുതൽ പതിനഞ്ച് രൂപ വരെയാണ് കൂടിയത്.  
   
 പിണറായി സർക്കാർ ആദ്യം അധികാരത്തില്‍ കയറിയപ്പോഴുണ്ടായ വാഗ്ദാനം അഞ്ച് വര്‍ഷത്തേക്ക് അവശ്യ സാധനങ്ങളുടെ  വില മാവേലി സ്റ്റോറുകളിൽ വര്‍ധിക്കില്ലെന്നായിരുന്നു. എന്നാല്‍ രണ്ടാമൂഴത്തിലും   വന്‍വിലക്കയറ്റമാണ് സംസ്ഥാനത്ത്  അനുഭവപ്പെടുന്നത്.  കടുത്ത സാമ്പത്തിക പ്രതിസന്ധിക്കൊപ്പം   നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം കൂടിയാകുമ്പോള്‍ ജനങ്ങള്‍  അക്ഷരാര്‍ത്ഥത്തില്‍  നട്ടം തിരിയുകയാണ്. സര്‍ക്കാരിന്റെ കെടു കാര്യസ്ഥത  വിലക്കയറ്റത്തെ രൂക്ഷമാക്കുകയാണ് ഉണ്ടായത്. 
 
 മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും വിദേശയാത്ര കൊണ്ട് കേരളത്തിന് ഒരു ഗുണവുമുണ്ടാവുമെന്ന് കരുതുന്നില്ല. മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വിദേശയാത്ര സംബന്ധിച്ച് നടത്തിയ വാർത്താസമ്മേളത്തിൽ പറഞ്ഞ കാര്യങ്ങൾ ഒരു ഉയർന്ന ഉദ്യോഗസ്ഥന് ചെയ്യാവുന്ന കാര്യങ്ങളാണ്. ഈ കൊച്ചുകാര്യങ്ങൾക്ക് മുഖ്യമന്ത്രിയോ മന്ത്രിമാരോ പോകേണ്ട കാര്യമില്ല. ഈ യാത്ര രണ്ടാം പിണറായി സർക്കാരിൻ്റെ അവസാന ഉല്ലാസയാത്രയാണ്. സർക്കാർ ജനങ്ങളെ നേരിട്ട് ബാധിക്കുന്ന കാര്യങ്ങൾ കണ്ടില്ലെന്ന് നടിക്കുകയാണ്.    
 
സർക്കാർ അടിയന്തരമായി  വിപണിയില്‍ ഇടപെട്ട് വിലക്കയറ്റം പിടിച്ചുനിര്‍ത്തി  ജനങ്ങള്‍ക്ക് ന്യായവിലയ്ക്ക്  നിത്യോപയോഗസാധനങ്ങള്‍ ഉറപ്പ് വരുത്തണമെന്ന്  രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നെല്ല് സംഭരണത്തിലെ അനിശ്ചിതത്വം അവസാനിപ്പിച്ച് അടിയന്തരമായി സംഭരണം ആരംഭിക്കാന്‍ സർക്കാർ നടപടികള്‍ സ്വീകരിക്കണമെന്ന് കോൺഗ്രന് നേതാവ് രമേശ് ചെന്നിത്തല  ആവശ്യപ്പെട്ടു. സംഭരണ സീസണ്‍ ആരംഭിച്ചിട്ടും കൃഷിവകുപ്പിന് ഇതുവരെ വ്യക്തമായ തീരുമാനം എടുക്കാന്‍ സാധിക്കാത്തത് കർഷകരോടുള്ള കടുത്ത വഞ്ചനയാണ് . 

പാലക്കാടും കുട്ടനാട്ടിലും കൊയ്തു കഴിഞ്ഞ സ്ഥലങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും പാടത്തും നെല്ലു കൂട്ടിയിട്ടിരിക്കുന്നത് നശിച്ചു പോകുന്ന അവസ്ഥയിലാണ്. അടിക്കടി ഉണ്ടായിക്കൊണ്ടിരിക്കുന്ന മഴ കൃഷിക്കാരുടെ മനസ്സില്‍ വലിയ ആശങ്കയാണ് ഉളവാക്കിയിട്ടുള്ളത്. ഇക്കാര്യത്തിൽ കൃഷി, സിവില്‍-സപ്ലൈസ്-സഹകരണവകുപ്പുകള്‍  ചേര്‍ന്ന് അടിയന്തരമായി തീരുമാനമെടുത്ത് സംഭരണം ആരംഭിക്കണമെന്നും രമേശ് ചെന്നിത്തല അവശ്യപ്പെട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News