ശമ്പള പ്രതിസന്ധി രൂക്ഷമാകുമ്പോഴും ജീവനക്കാർക്ക് ശമ്പളം നൽകുന്നതിനല്ല മുൻഗണനയെന്ന് ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകി കെഎസ്ആർടിസി. ജീവനക്കാർ കൃത്യമായി ജോലി ചെയ്യാത്തതാണ് ഉത്പാദന ക്ഷമത കുറയാൻ കാരണമെന്നും കോർപ്പറേഷൻ ഹൈക്കോടതിയിൽ വ്യക്തമാക്കി. എല്ലാ മാസവും അഞ്ചാം തീയതിക്ക് മുന്നേ ശമ്പളം നൽകണമെന്ന സ്വകാര്യ ഹർജിക്കെതിരെ നൽകിയ സത്യവാങ്മൂലത്തിലാണ് കെഎസ്ആർടിസി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
പ്രഥമ പരിഗണന നൽകുന്നത് ജനങ്ങൾക്ക് പൊതുഗതാഗത സൗകര്യം ഒരുക്കുന്നതിനാണ്. ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനമാണെങ്കിലും നിത്യചെലവിന് പണം തികയുന്നില്ല എന്നതാണ് യാഥാർത്ഥ്യം. 600 ബസുകളാണ് കട്ടപ്പുറത്ത് കിടക്കുന്നത്. ഇവ നിരത്തിലിറക്കണമെങ്കിൽ ജീവനക്കാർക്ക് 12 മണിക്കൂർ ഡ്യൂട്ടി ഏർപ്പെടുത്തേണ്ട സാഹചര്യമാണുള്ളത്.
രക്ഷപ്പെടുത്താൻ പരിഷ്ക്കാരങ്ങൾ കൊണ്ടു വരുമ്പോൾ ജീവനക്കാർ എതിർക്കുകയാണെന്നും കോർപ്പറേഷൻ കോടതിയിൽ അറിയിച്ചു. പരിഷ്കാരങ്ങൾ നടപ്പിലായാൽ ഒക്ടോബർ മാസത്തോടെ പ്രതിമാസം 200 കോടി രൂപ ടിക്കറ്റ് വരുമാനത്തിലൂടെ കണ്ടെത്താനാകുമെന്നും കെഎസ്ആർടിസി വ്യക്തമാക്കുന്നു.
അതേസമയം കെഎസ്ആർടിസിക്കു സഹായമായി 30 കോടി രൂപ ധനവകുപ്പ് അനുവദിച്ചിരുന്നു. 65 കോടിയാണു ഗതാഗത വകുപ്പ് ആവശ്യപ്പെട്ടിരുന്നതെങ്കിലും എല്ലാ മാസവും 30 കോടി നൽകാം എന്ന നിലപാടിലാണ് ധനവകുപ്പ്. നടപടികൾ പൂർത്തിയാക്കി പണം കൈമാറുമെന്നാണ് റിപ്പോർട്ട്. എന്നാൽ ഇതു കിട്ടിയാലും ശമ്പള വിതരണം നടക്കില്ല എന്നാണ് സൂചന. 82 കോടിയാണു ശമ്പള വിതരണത്തിനായി വേണ്ടത്. ശമ്പളം നൽകാത്തതിൽ പ്രതിഷേധിച്ചാണ് സംഘടനകൾ സമരം തുടങ്ങിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...