ഇടുക്കി :ഏലം കര്‍ഷകര്‍ക്ക് ആശ്വാസം,ഏലം കര്‍ഷകര്‍ക്ക് ലേലക്കമ്പനികള്‍ നല്‍കാനുള്ള മുഴുവന്‍ കുടിശ്ശിക തുകയും ഉടന്‍ നല്‍കും.
കോവിഡ് വ്യാപനത്തെത്തുടർന്ന് അപ്രതീക്ഷിതമായി നേരിടേണ്ടിവന്ന ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ ഏലം
കർഷകർ നേരിടുന്ന അടിയന്തിര പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഇടുക്കി ജില്ലാ കളക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ നാളുകളായി കർഷകർ
അനുഭവിച്ചുകൊണ്ടിരുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമായി.
കഴിഞ്ഞ ലേലത്തിന് ശേഷം കർഷകർക്ക് ലേലക്കമ്പനികൾ കൊടുക്കാനുള്ള മുഴുവൻ കുടിശികയും കൊടുത്തുതീർത്തതിന് ശേഷം മാത്രം
പുതിയ ലേലം നടത്തിയാൽ മതിയെന്ന് കർഷകരെ പ്രതിനിധീകരിച്ചു പങ്കെടുത്ത ഭാരതീയ കിസാൻ സംഘ് സംസ്ഥാന സെക്രട്ടറി കെ.പി.രാജേന്ദ്രൻ ശക്തമായി
ആവശ്യപ്പെട്ടു.
കർഷകരിൽ നിന്നും ഏലം വാങ്ങിയ ശേഷം തുക കൊടുക്കാതെ വൈകിപ്പിക്കുന്നത് കൊടിയ വഞ്ചനയാണെന്നും,
അതുകൊണ്ട് കൊടുക്കാനുള്ള തുക കൊടുത്തതിന് ശേഷം മാത്രം മതി പുതിയ ലേലമെന്നും കിസാൻ സംഘ് പ്രതിനിധികൾ കർശനമായ നിലപാടെടുത്തപ്പോൾ
ഏലം ലേല കമ്പനി പ്രതിനിധികളും, സ്പൈസസ് ബോർഡ് ഉദ്യോഗസ്ഥരും എങ്കിൽ അതിന് ശേഷം മാത്രം പുതിയ ലേലം മതിയെന്ന തീരുമാനത്തിന് വഴങ്ങി.
അതിന് മുന്നോടിയായി മെയ് 4 നകം കർഷകർക്ക് കൊടുക്കാനുള്ള തുക കൊടുത്തുതീർക്കാമെന്ന് ലേല കമ്പനി പ്രതിനിധികൾ ഉറപ്പ് നൽകി.
പുതിയ ലേലത്തിയതി തീരുമാനിക്കാനായി മെയ് 5 ന് വീണ്ടും യോഗം ചേരാനും തീരുമാനിച്ചു.
ജില്ലയെ പ്രതിനിധീകരിക്കുന്ന സംസ്ഥാന വൈദ്യുതി മന്ത്രി എം.എം. മണി,
ജില്ലയിലെ വിവിധ നിയോജകമണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന എം.എൽ.എമാർ,
മറ്റ് ജനപ്രതിനിധികൾ, കർഷക സംഘടനാ പ്രതിനിധികൾ, ഏലം ലേല കമ്പനി പ്രതിനിധികൾ,
സ്പൈസസ് ബോർഡ് ഉദ്ദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.