കൊച്ചി: വിദേശത്തേക്ക് ഡോളർ കടത്തിയ കേസിൽ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ കസ്റ്റംസ് (Customs) ചോദ്യം ചെയ്തു. കസ്റ്റംസ് വെള്ളിയാഴച തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ എത്തിയാണ് ചോദ്യം ചെയ്തതെന്നാണ് റിപ്പോർട്ടുകൾ. കസ്റ്റംസ് സൂപ്രണ്ട് സലിലിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. വ്യാഴാഴ്ച കൊച്ചിയിലെത്തി ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും സ്പീക്കർ ഹാജരായിരുന്നില്ല. സുഖമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരാകാതിരുന്നത്. തുടർന്ന് കസ്റ്റംസ് ഉദ്യോഗസ്ഥർ തിരുവനന്തപുരത്ത് എത്തുകയായിരുന്നു. നാല് മണിക്കൂറോളം ചോദ്യം ചെയ്തതായാണ് റിപ്പോർട്ട്.
ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് രണ്ട് തവണ നോട്ടീസ് നൽകിയിരുന്നെങ്കിലും ശ്രീരാമകൃഷ്ണൻ കസ്റ്റംസിന് മുന്നിൽ ഹാജരായിരുന്നില്ല. കഴിഞ്ഞ മാസം ഹാജരാകാൻ ആദ്യ സമൻസ് അയച്ചെങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് ചൂണ്ടിക്കാട്ടി സമയം നീട്ടി നൽകണമെന്ന് ആവശ്യപ്പെടുകയായിരുന്നു. പോളിങ്ങിന് ശേഷം ഹാജരാകാമെന്നും രേഖാമൂലം കസ്റ്റംസിനെ അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വീണ്ടും സമൻസ് നൽകിയത്. എന്നാൽ സുഖമില്ലാത്തതിനാൽ യാത്ര ചെയ്യാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടി പിന്നീട് ഹാജരാകാമെന്ന് സ്പീക്കർ അന്വേഷണ ഉദ്യോഗസ്ഥന് മറുപടി നൽകുകയായിരുന്നു.
ALSO READ: ഡോളർ കടത്ത് കേസ്: സ്പീക്കർ ഹാജരാവില്ല, അസുഖമായതിനാൽ എത്തില്ലെന്ന് വിശദീകരണം
യുഎഇ കോൺസുൽ ജനറൽ മുഖേന നടത്തിയ ഡോളർ കടത്തിൽ സ്പീക്കർക്കും (Speaker) പങ്കുണ്ടെന്ന സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് സ്പീക്കറെ ചോദ്യം ചെയ്യുന്നത്. ഗൾഫ് മേഖലയിലെ സ്വാക്യ ഉന്നത വിദ്യാഭ്യാസ രംഗത്ത് സ്പീക്കർക്ക് നിക്ഷേപം ഉണ്ടെന്നും സ്വർണക്കടത്ത് കേസിലെ പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...