തൃശ്ശൂരിൽ കൈക്കൂലി വാങ്ങുന്നതിനിടെ ഡോക്ടർ വിജിലൻസിൻറെ പിടിയിലായി. തൃശൂർ മെഡിക്കൽ കോളേജിലെ അസ്ഥി രോഗ വിഭാഗം ഡോക്ടർ ഷെറി ഐസക് ആണ് പിടിയിലായത്. 3,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെയാണ് ഇയാൾ പിടിയിലാകുന്നത്. പ്രതി സ്വകാര്യ പ്രാക്ടീസ് നടത്തുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലെ ക്ലിനിക്കിൽ വെച്ചാണ് കൈക്കൂലി വാങ്ങിയത്.
മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിയുന്ന പാലക്കാട് സ്വദേശിയുടെ ഭാര്യയുടെ ഓപ്പറേഷൻ നടത്തുന്നതിന് വേണ്ടിയാണ് ഡോക്ടർ ഷെറി ഐസക് കൈക്കൂലി ആവശ്യപ്പെട്ടത്. ആദ്യഘട്ടത്തിൽ കൈക്കൂലി നൽകാൻ പരാതിക്കാൻ തയ്യാറായില്ല. ഇതോടെ പല തവണ പരാതിക്കാരന്റെ ഭാര്യയുടെ ഓപ്പറേഷൻ ഡോക്ടർ മാറ്റിവെച്ചു. ഒടുവിൽ പണം താൻ പ്രാക്ടീസ് ചെയ്യുന്ന വടക്കാഞ്ചേരി ഓട്ടുപാറയിലുള്ള ക്ലിനിക്കിൽ എത്തിക്കാൻ ആവശ്യപ്പെട്ടു.
ALSO READ: മന്ത്രിമാരെ തടഞ്ഞതിനും കലാപാഹ്വാനത്തിനും ഫാ. യൂജിന്‍ പെരേരക്കെതിരെ കേസെടുത്തു
ഇതോടെ ഭർത്താവ് തൃശ്ശൂർ വിജിലൻസ് ഡി.വൈ.എസ്.പി ജിം.പോൾ സി.ജി യെ വിവരം അറിയിക്കുകയായിരുന്നു. വിജിലൻസിൻറെ നിർദ്ദേശപ്രകാരം ഫിനോൾഫ്തലിൻ പുരട്ടിയ നോട്ട് ഓട്ടുപാറയിലെ ക്ലിനിക്കിൽ എത്തി ഡോക്ടർക്ക് കൈമാറി. ഇതിനിടെ സമീപത്ത് മറഞ്ഞിരുന്ന വിജിലൻസ് സംഘം പ്രതിയെ കൈയ്യോടെ പിടികൂടുകയായിരുന്നു.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി ജിം പോൾ സി ജി, ഇൻസ്പെക്ടർ പ്രദീപ്കുമാർ , ജി.എസ്.ഐ മാരായ പീറ്റർ പി.ഐ, ജയകുമാർ, എ.എസ്‌ഐ മാരായ ബൈജു, സി.പി.ഒ മാരായ വിബീഷ്, സൈജു സോമൻ, സിബിൻ, സന്ധ്യ, ഗണേഷ്, അരുൺ, സുധീഷ് ഡ്രൈവർ മാരായ രതീഷ്, രാജീവ്, ബിജു, എബി തോമസ് എന്നിവരാണ് പ്രതിയെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...