മാലിന്യസംസ്‌ക്കരണത്തിനായി വിവിധ വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കണം: നിയമസഭാ സമിതി

വേമ്പനാട് കായൽ നേരിടുന്ന മലിനീകരണപ്രശ്‌നങ്ങളും വിനോദസഞ്ചാരമേഖലയിലെ പാരിസ്ഥിതിക വിഷയങ്ങളും യോഗം ചർച്ചചെയ്തു. 

Written by - Zee Malayalam News Desk | Last Updated : Nov 24, 2022, 05:30 PM IST
  • ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണത്തിനും നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന പദ്ധതികളും പ്രശ്‌നങ്ങളും വിലയിരുത്തുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമായി കളക്‌ട്രേറ്റിൽ നടന്ന നിയമസഭാ സമിതി സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
  • വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യസംസ്‌ക്കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്ര റിപ്പോർട്ട് നൽകും.
  • വേമ്പനാട് കായൽ നേരിടുന്ന മലിനീകരണപ്രശ്‌നങ്ങളും വിനോദസഞ്ചാരമേഖലയിലെ പാരിസ്ഥിതിക വിഷയങ്ങളും യോഗം ചർച്ചചെയ്തു.
മാലിന്യസംസ്‌ക്കരണത്തിനായി വിവിധ വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കണം: നിയമസഭാ സമിതി

കോട്ടയം: വിനോദസഞ്ചാര മേഖലയിലെ മാലിന്യസംസ്‌ക്കരണത്തിനും പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന്  വിവിധ വകുപ്പുകൾ യോജിച്ചു പ്രവർത്തിക്കണമെന്ന് നിയമസഭ സമിതി ചെയർമാൻ കെ.പി.എ. മജീദ് എം.എൽ.എ. പറഞ്ഞു. ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യ സംസ്‌കരണത്തിനും നിയന്ത്രണത്തിനുമായി നടപ്പാക്കുന്ന പദ്ധതികളും പ്രശ്‌നങ്ങളും വിലയിരുത്തുന്നതിനും നിർദ്ദേശങ്ങൾ സ്വീകരിക്കുന്നതിനുമായി കളക്‌ട്രേറ്റിൽ നടന്ന നിയമസഭാ സമിതി സിറ്റിംഗിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യസംസ്‌ക്കരണ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള നിർദ്ദേശങ്ങൾ ഉൾക്കൊള്ളിച്ച് സമഗ്ര റിപ്പോർട്ട് നൽകും. വേമ്പനാട് കായൽ നേരിടുന്ന മലിനീകരണപ്രശ്‌നങ്ങളും വിനോദസഞ്ചാരമേഖലയിലെ പാരിസ്ഥിതിക വിഷയങ്ങളും യോഗം ചർച്ചചെയ്തു. വിവിധ വകുപ്പുകളുമായുള്ള ഫലപ്രദമായ ചർച്ചയിലൂടെ പ്രായോഗികമായ മികച്ച നിർദ്ദേശങ്ങൾ ഉയർന്നുവന്നതായും വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും തുടർനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ALSO READ: ജലോത്സവത്തിന്‍റെ നാട്ടിൽ ഇനി വൻ താരകങ്ങൾ ഉയരും; 17 വർഷത്തെ കാത്തിരിപ്പിന് വിരാമം

സിറ്റിംഗിൽ സമിതിയംഗങ്ങളായ അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ, അഡ്വ. ടി. സിദ്ദീഖ്, വാഴൂർ സോമൻ എന്നിവർ പങ്കെടുത്തു. കായലിലടക്കം പൊതുസ്ഥലങ്ങളിൽ മാലിന്യം തള്ളുന്ന സാഹചര്യമുണ്ടെന്നും ഇത്തരക്കാർക്കെതിരേ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ കർശന നിയമ നടപടി സ്വീകരിക്കണമെന്നും അഡ്വ. സെബാസ്റ്റിയൻ കുളത്തുങ്കൽ എം.എൽ.എ. പറഞ്ഞു. വിനോദസഞ്ചാരകേന്ദ്രങ്ങളിലെ മാലിന്യസംസ്‌ക്കരണം ഫലപ്രദമാക്കുന്നതിന് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ മുൻകൈയെടുക്കണമെന്ന് വാഴൂർ സോമൻ എം.എൽ.എ. പറഞ്ഞു. മാലിന്യസംസ്‌ക്കരണത്തിൽ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ജില്ലാ ടൂറിസം പ്രമോഷന കൗൺസിലും ടൂറിസം വകുപ്പും കൂടുതൽ സഹകരിച്ച് പ്രവർത്തിക്കണമെന്ന് അഡ്വ. ടി. സിദ്ദീഖ് പറഞ്ഞു.

കുമരകത്ത് അടക്കം ഹൗസ്‌ബോട്ടുകളിൽനിന്നുള്ള ഖരമാലിന്യം സംസ്‌ക്കരിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള സംവിധാനങ്ങൾ ടൂറിസം, മലിനീകരണ നിയന്ത്രണ ബോർഡ് ഉദ്യോഗസ്ഥർ വിശദീകരിച്ചു. ഹൗസ്‌ബോട്ട് മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിനുള്ള പ്ലാന്റിന്റെ പ്രവർത്തനം മെച്ചപ്പെട്ട നിലയിൽ നടക്കുന്നതായി മലിനീകരണ നിയന്ത്രണ ബോർഡ് യോഗത്തെ അറിയിച്ചു. എന്നാൽ ഹൗസ്‌ബോട്ടുകളിൽനിന്നുള്ള മാലിന്യസംസ്‌ക്കരണ ഫലപ്രദമായി നിലയിൽ നടക്കുന്നില്ലെന്ന് കുമരകം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധന്യാ സാബു പറഞ്ഞു.

ആലപ്പുഴയിൽ രജിസ്റ്റർ ചെയ്ത 1700 ഹൗസ്‌ബോട്ടുകളാണ് ആലപ്പുഴ, കോട്ടയം ജില്ലകളിലായി പ്രവർത്തിക്കുന്നതെന്ന് പോർട്ട് ഓഫീസർ യോഗത്തെ അറിയിച്ചു. ഹൗസ്‌ബോട്ട് മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിനായി ആലപ്പുഴയിൽ ഡി.റ്റി.പി.സി.ക്ക് പുതിയ ബാർജ് വാങ്ങുന്നതിന് നടപടിയായതായും പോർട്ട് ഓഫീസർ പറഞ്ഞു.

കുമരകമടക്കം വിനോദസഞ്ചാര കേന്ദ്രത്തിലേക്കുള്ള കവാടമെന്ന നിലയിൽ കോട്ടയം നഗരത്തിൽ മാലിന്യം വഴിയരുകിലും മറ്റും കുന്നുകൂടുന്ന സ്ഥിതി ഗുണകരമല്ലെന്നും മാലിന്യസംസ്‌ക്കരണത്തിന് അടിയന്തരനടപടി സ്വീകരിക്കണമെന്നും നഗരസഭ സെക്രട്ടറിക്ക് സമിതി നിർദ്ദേശം നൽകി. കോട്ടയം നഗരത്തിലെ മാലിന്യപ്രശ്‌നങ്ങൾ സംബന്ധിച്ച വാർത്തകൾ പരിഗണിച്ചാണ് സമിതിയുടെ നിർദ്ദേശം. മാലിന്യം ശേഖരിക്കുന്നതിന് പുതിയ സംവിധാനം ഏർപ്പെടുത്തുമെന്നും ഇതുസംബന്ധിച്ച് കരാറായതായും സെക്രട്ടറി യോഗത്തെ അറിയിച്ചു.

ജില്ലയിലെ ഇറച്ചി മാലിന്യങ്ങൾ സംസ്‌ക്കരിക്കുന്നതിനായി റെണ്ടറിംഗ് പ്ലാന്റ് നിർമാണം അന്തിമഘട്ടത്തിലാണെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ യോഗത്തെ അറിയിച്ചു. വ്യാപരികളിൽനിന്ന് നിശ്ചിതകളക്ഷൻ ചാർജ് ഈടാക്കിയാണ് മാലിന്യങ്ങൾ ശേഖരിച്ച് സംസ്‌ക്കരിക്കുക.  ജില്ലാ കളക്ടർ ഡോ. പി.കെ. ജയശ്രീ, അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് ജിനു പുന്നൂസ്, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ എന്നിവർ യോഗത്തിൽ പങ്കെടുത്തു. കുമരകത്തെ കവണാറ്റിൻകരയിലെ ഹൗസ്‌ബോട്ട് മാലിന്യസംസ്‌ക്കരണ പ്ലാന്റ് സമിതി സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ചീപ്പുങ്കൽ, തണ്ണീർമുക്കം, കുമരകം മേഖലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളും സന്ദർശിച്ചു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News