പത്തനംതിട്ട/തിരുവനന്തപുരം: വനം വകുപ്പിന്റെ കസ്റ്റഡിയിലിരിക്കെ പത്തനംതിട്ട ചിറ്റാർ സ്വദേശി മത്തായി മരിച്ച സംഭവത്തിൽ ഡെപ്യൂട്ടി റേഞ്ച് ഓഫീസർ അടക്കം ഏഴ് വനം വകുപ്പ് ഉദ്യോഗസ്ഥരെ പ്രോസിക്യൂട്ട് ചെയ്യാൻ അനുമതി. വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയാണ് അനുമതി നൽകിയത്. സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറും സാക്ഷിമൊഴികളും മറ്റ് തെളിവുകളും പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് വ്യക്തമായതായി വനം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി വ്യക്തമാക്കുന്നു.
ചിറ്റാറിൽ ഫോറസ്റ്റ് ഡെപ്യൂട്ടി റേഞ്ച് ഓഫീസർ ആയിരുന്ന എ.കെ രാജേഷ് കുമാർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർമാരായ ജോസ് വിൽസൻ, വില്യം ഡിക്രൂസ്, ഫോറസ്റ്റ് ഓഫീസർമാരായ അനിൽ കുമാർ, സന്തോഷ്, ലക്ഷ്മി, വാച്ചർ അരുൺ എന്നിവർക്കെതിരെയായിരുന്നു സിബിഐയുടെ കുറ്റപത്രം. മന:പൂർവമല്ലാത്ത നരഹത്യക്ക് വകുപ്പുകൾ ചുമത്തിയായിരുന്നു കുറ്റപത്രം സമർപ്പിച്ചിരുന്നത്. മത്തായിയെ കസ്റ്റഡിയിലെടുത്തത് അന്യായമായി ആയിരുന്നുവെന്നും സിബിഐ വ്യക്തമാക്കിയിട്ടുണ്ട്. കുറ്റപത്രത്തിലെ പരാമർശത്തിന്റെ അടിസ്ഥാനത്തിൽ വകുപ്പുതല നടപടി സ്വീകരിക്കണമെന്ന് സിബിഐ വനം വകുപ്പിന് ശുപാർശ നൽകിയിരുന്നു. സിബിഐ കോടതിയിൽ സമർപ്പിച്ച എഫ്.ഐ.ആറും സാക്ഷിമൊഴികളും മറ്റ് തെളിവുകളും പരിശോധിച്ചപ്പോൾ ഉദ്യോഗസ്ഥർ കുറ്റക്കാരാണെന്ന് വ്യക്തമായതായി വനം വകുപ്പ് പ്രിൻസിപ്പൾ സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
വനാതിർത്തിയിൽ നിരീക്ഷണ ക്യാമറ മോഷണം പോയതുമായി ബന്ധപ്പെട്ടാണ് വനം വകുപ്പ് ചിറ്റാർ സ്വദേശിയായ മത്തായിയെ കസ്റ്റഡിയിൽ എടുക്കുന്നത്. തുടർന്ന് കസ്റ്റഡിയിലിരിക്കെ ദുരൂഹ സാഹചര്യത്തിൽ മത്തായി മരണപ്പെട്ടതുമായി ബന്ധപ്പെട്ടതാണ് കേസ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...