Rahul Gandhi: രാഹുലിനെ അയോഗ്യനാക്കിയ നടപടി; സിപിഎമ്മും തെരുവിൽ പ്രതിഷേധിക്കുമെന്ന് എം.വി ഗോവിന്ദൻ

Rahul Gandhi disqualification: സൂറത്ത് കോടതി ശിക്ഷ വിധിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് ലോക്സഭ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കി ഉത്തരവിറക്കിയത്.

Written by - Zee Malayalam News Desk | Last Updated : Mar 25, 2023, 11:12 AM IST
  • മുൻകാല പ്രാബല്യത്തോടെയാണ് ലോക്സഭ സെക്രട്ടറിയേറ്റ് രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയുള്ള വിജ്ഞാപനമിറക്കിയത്.
  • കേന്ദ്രസർക്കാരിൻ്റെ പ്രതികാര നടപടിയാണിതെന്നാണ് കോൺഗ്രസിൻ്റെ ആരോപണം.
  • തിങ്കളാഴ്ച മുതൽ രാജ്യവ്യാപക പ്രതിഷേധത്തിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്.
Rahul Gandhi: രാഹുലിനെ അയോഗ്യനാക്കിയ നടപടി; സിപിഎമ്മും തെരുവിൽ പ്രതിഷേധിക്കുമെന്ന് എം.വി ഗോവിന്ദൻ

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കിയ നടപടിയ്ക്ക് എതിരെ സിപിഎമ്മും തെരുവിൽ പ്രതിഷേധിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ. യൂത്ത് കോൺഗ്രസ് നടത്തുന്നത് ചാവേർ സമരമാണെന്നും ജനാധിപത്യ രീതിയിലാണ് പ്രതിഷേധം നടത്തേണ്ടതെന്നും അദ്ദേഹം പറഞ്ഞു. 

രാഹുൽ ഗാന്ധിക്കെതിരായ നടപടിയെ പ്രതിപക്ഷ നേതാവ് ശക്തമായി വിമർശിച്ചില്ലെന്നാണ് എം.വി ഗോവിന്ദൻ്റെ നിരീക്ഷണം. കേരളത്തിലെ കോൺഗ്രസിന് മൃദു ഹിന്ദുത്വ നിലപാടാണുള്ളത്. വയനാട് ഉപതിരഞ്ഞെടുപ്പ് നേരിടാൻ ഇടതുപക്ഷം തയ്യാറാണ്. ഏത് സാഹചര്യത്തിലും തിരഞ്ഞെടുപ്പിന് ഒരുക്കമാണ്. എന്നാൽ ഉപതിരഞ്ഞെടുപ്പ് ഉണ്ടാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ALSO READ: രാഹുൽ ഗാന്ധിക്ക് അയോഗ്യത കൽപ്പിച്ച നടപടി: വിമർശനവുമായി മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയനും രാഹുലിനെതിരായ നടപടിയെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. ജനാധിപത്യത്തിനെതിരെ സംഘപരിവാർ നടത്തുന്ന കടന്നാക്രമണത്തിന്റെ ഏറ്റവും പുതിയ അദ്ധ്യായമാണ് രാഹുൽ ഗാന്ധിയുടെ ലോക്സഭാ അംഗത്വം തിടുക്കപ്പെട്ട് റദ്ദാക്കിയ സംഭവമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. അധികാരം ഉപയോഗിച്ച് എതിരഭിപ്രായങ്ങളെ അമർച്ച ചെയ്യുക എന്നത് ഫാസിസ്റ്റ് രീതിയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

അതേസമയം, എംപി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷം രാഹുൽ ഗാന്ധി ഇന്ന് മാധ്യമങ്ങളെ കാണും. ഉച്ചയ്ക്ക് 1 മണിയ്ക്ക് എഐസിസി ആസ്ഥാനത്താണ് വാർത്താസമ്മേളനം നടത്തുക. അന്യായമായാണ് രാഹുലിനെ അയോഗ്യനാക്കിയതെന്ന് ജനത്തെ ബോധ്യപ്പെടുത്താൻ പ്രതിഷേധം ശക്തമാക്കുമെന്ന് കഴിഞ്ഞ ദിവസം ചേ‍‍ർന്ന ഉന്നതതല യോഗത്തിന് ശേഷം മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് വ്യക്തമാക്കിയിരുന്നു. ഇതിൻ്റെ ഭാഗമായി സംസ്ഥാന-ദേശീയ തലത്തിൽ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചിട്ടുണ്ട്. 

രാഹുലിനെ അയോഗ്യനാക്കിയതിനെതിരെ തിങ്കളാഴ്ച മുതൽ രാജ്യവ്യാപക പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കോൺഗ്രസ്. സൂറത്ത് കോടതി ശിക്ഷിച്ച് ഇരുപത്തിനാല് മണിക്കൂറിനുള്ളിലാണ് ലോക്സഭ സെക്രട്ടറിയേറ്റ് രാഹുലിനെ അയോഗ്യനാക്കിയത്. മോദി സർക്കാരിനെതിരെ നിരന്തരം ശബ്ദമുയർത്തുന്നതിലുള്ള പ്രതികാര നടപടിയാണ് ഇതെന്നായിരുന്നു കോൺഗ്രസിൻ്റെ ആരോപണം. 

2019ൽ നടന്ന ലോക്സഭ തിരഞ്ഞെടുപ്പിനിടെ രാഹുൽ ഗാന്ധി നടത്തിയ ഒരു പരമാർശമാണ് വിവാദങ്ങൾക്ക് വഴിയൊരുക്കിയത്. എല്ലാ കള്ളൻമാരുടെയും പേരിന് പിന്നിൽ എങ്ങനെ മോദിയെന്ന പേര് ഉണ്ടാകുന്നു എന്നായിരുന്നു തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഒരു റാലിയിൽ രാഹുലിൻറെ ചോദ്യം. നീരവ് മോദി, ലളിത് മോദി, നരേന്ദ്ര മോദി എന്നിവർക്കെല്ലാം എങ്ങനെ പൊതുവായ കുടുംബപ്പേരുണ്ടായി എന്നും രാഹുൽ ചോദിച്ചിരുന്നു. ബിജെപി നേതാവും സൂറത്തിൽ നിന്നുള്ള എംഎൽഎയുമായ പൂർണേഷ് മോദി രാഹുലിൻ്റെ പരാമർശത്തിനെതിരെ മാന നഷ്ടക്കേസ് നൽകുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News