എകെജി സെന്ററിന്‌ നേരെ നടന്ന ആക്രമണം; അപലപിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വികസന പ്രവര്‍ത്തനങ്ങളെ തടയുന്നതിന്‌ യുഡിഎഫും ബിജെപിയും മറ്റ്‌ വര്‍ഗ്ഗീയ കക്ഷികളും ഇടത്‌ തീവ്രവാദികളും യോജിച്ച്‌ പ്രവര്‍ത്തിക്കുകയാണ്‌

Written by - Zee Malayalam News Desk | Last Updated : Jul 1, 2022, 03:36 PM IST
  • ആക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്
  • പ്രതിഷേധം സമാധാനപരമായി സംസ്ഥാനത്തെമ്പാടും സംഘടിപ്പിക്കണം
  • ജനങ്ങളെയാകെ അണിനിരത്തി മുന്നോട്ടുപോകുന്ന നിലപാടാണ്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌
എകെജി സെന്ററിന്‌ നേരെ നടന്ന ആക്രമണം; അപലപിച്ച്  സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്

എകെജി സെന്ററിന്‌ നേരെ നടന്ന ആക്രമണത്തെ ശക്തമായി അപലപിച്ച് സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്. ഈ അക്രമണത്തിനെതിരെ ബഹുജനങ്ങളെ അണിനിരത്തിയുള്ള വിപുലമായ പ്രതിഷേധം സമാധാനപരമായി സംസ്ഥാനത്തെമ്പാടും സംഘടിപ്പിക്കണം. നവകേരളം കെട്ടിപ്പടുക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെയാകെ അണിനിരത്തി മുന്നോട്ടുപോകുന്ന നിലപാടാണ്‌ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. അതിനുതകുന്ന വിധമുള്ള സമാധാനപരമായ അന്തരീക്ഷമാണ്‌ കേരളത്തില്‍ നിലനില്‍ക്കുന്നത്‌. രാജ്യത്ത്‌ ഏറ്റവും മികച്ച ക്രമസമാധാനം നിലനില്‍ക്കുന്ന സംസ്ഥാനമായി കേരളം മാറിയിട്ടുണ്ട്‌. ജനങ്ങള്‍ക്ക്‌ നല്‍കിയ വാഗ്‌ദാനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനുള്ള നടപടികള്‍ എല്ലാ മേഖലയിലും തുടക്കമിട്ട്‌ സര്‍ക്കാര്‍ മുന്നോട്ട്‌ പോവുകയാണ്‌ എന്ന്‌ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികത്തിന്റെ ഭാഗമായി ഇറക്കിയ പ്രോഗ്രസ്സ്‌ റിപ്പോര്‍ട്ടും വ്യക്തമാക്കുന്നു.

കേരളത്തിന്റെ പൊതുവായ വികസനത്തിന്‌ യോജിച്ച്‌ നില്‍ക്കുന്നതിന്‌ പകരം സങ്കുചിതമായ രാഷ്‌ട്രീയ ലക്ഷ്യത്തോടെ വികസന പ്രവര്‍ത്തനങ്ങളെ തടയുന്നതിന്‌ ബോധപൂര്‍വ്വമായ അക്രമങ്ങള്‍ സംഘടിപ്പിക്കുന്ന നടപടിയാണ്‌ ഈ അടുത്ത കാലത്ത്‌ വലതുപക്ഷ ശക്തികള്‍ സ്വീകരിച്ചിരിക്കുന്നത്‌. മാത്രമല്ല കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തി വികസന പ്രവര്‍ത്തനങ്ങളെ തടയുന്നതിന്‌ യുഡിഎഫും ബിജെപിയും മറ്റ്‌ വര്‍ഗ്ഗീയ കക്ഷികളും ഇടത്‌ തീവ്രവാദികളും യോജിച്ച്‌ പ്രവര്‍ത്തിക്കുകയാണ്‌. കേരളത്തിന്റെ മതനിരപേക്ഷ മനസ്സിനെ കാത്ത്‌ സൂക്ഷിക്കാനും നാടിന്റെ വികസനം മുന്നോട്ടുകൊണ്ടുപോകുന്നതിനും നേതൃത്വം കൊടുക്കുന്ന മുഖ്യമന്ത്രിയേയും കുടുംബത്തേയും അപകീര്‍ത്തിപ്പെടുത്തുന്ന സ്വര്‍ണ്ണകള്ളക്കടത്ത്‌ കേസിലെ പ്രതിയുടെ നുണക്കഥകള്‍ ഇതിന്റെ തുടര്‍ച്ചതന്നെയാണ്‌. ഇടതുപക്ഷ വിരോധം പുലര്‍ത്തുന്ന എല്ലാ വ്യക്തികളെയും ഗ്രൂപ്പുകളെയും യോജിപ്പിച്ച്‌ നിര്‍ത്തുന്നതിനുള്ള സംഘടിതമായ ശ്രമങ്ങളാണ്‌ ഒരു വിഭാഗം മാധ്യമങ്ങളുടെ കൂടി സഹായത്തോടെ സംസ്ഥാനത്ത്‌ നടക്കുന്നത്‌.

പാര്‍ട്ടി സഖാക്കളെ പ്രകോപിപ്പാക്കാനുള്ള പരിശ്രമമാണ്‌ ഇവര്‍ നടത്തുന്നത്‌. പാര്‍ടി ഓഫീസുകള്‍ ആക്രമിക്കുക, പാര്‍ടി പതാകകള്‍ കത്തിക്കുക, മുഖ്യമന്ത്രിയെ വിമാനത്തില്‍ വച്ച്‌ ആക്രമിക്കുക, പാര്‍ടി കേന്ദ്രം തന്നെ ആക്രമിക്കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ ഇതിന്റെ ഭാഗമാണ്‌. സിപിഐ എം ന്റെ സംസ്ഥാന കേന്ദ്രം ആക്രമിക്കപ്പെട്ടിട്ടും അത്‌ തള്ളിപറയാന്‍ യുഡിഎഫ്‌ തയ്യാറായിട്ടില്ല. മാത്രമല്ല ആക്രമികളെ ന്യായീകരിക്കുന്ന വിധമാണ്‌ കെപിസിസി പ്രസിഡന്റിന്റെ ഭാഗത്തുനിന്ന്‌ പ്രസ്‌താവന ഉണ്ടായിരിക്കുന്നത്‌. അക്രമങ്ങളെ തള്ളിപറയുകയല്ല അവയെ പ്രോത്സാഹിപ്പിക്കുന്ന നയമാണ്‌ പരസ്യമായി ഇവര്‍ പ്രഖ്യാപിച്ചിട്ടുള്ളത്‌. ഇടതുപക്ഷ വിരുദ്ധ ശക്തികളാകെ ഈ നിലപാടാണ്‌ സ്വീകരിച്ചു കാണുന്നത്‌. വ്യക്തമായ രാഷ്‌ട്രീയ പദ്ധതികളോടെ പ്രവര്‍ത്തിക്കുന്ന ഇത്തരം അക്രമിസംഘങ്ങളെ ജനങ്ങളില്‍ നിന്ന്‌ ഒറ്റപ്പെടുത്തുന്നതിനുള്ള പ്രചരണങ്ങളും ജനകീയ മുന്നേറ്റവും സംസ്ഥാനത്തെമ്പാടും സമാധാനപരമായി നടത്തേണ്ടതുണ്ട്‌. 

പാര്‍ടിയെ സ്‌നേഹിക്കുന്ന മുഴുവന്‍ ജനങ്ങളും എല്ലാ പ്രകോപനങ്ങളെയും അതിജീവിച്ച്‌ ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നോട്ടുവയ്‌ക്കുന്ന രാഷ്‌ട്രീയ കാഴ്‌ചപ്പാടുകളെയും വികസന സമീപനത്തെയും മുന്നോട്ടുകൊണ്ടുപോകുന്നതില്‍ വ്യാപൃതരാവണം. പാര്‍ടിക്കെതിരെ എതിരാളികള്‍ കെട്ടഴിച്ച്‌ വിട്ടിരിക്കുന്ന വിവിധ രൂപത്തിലുള്ള കടന്നാക്രമണങ്ങളെ പ്രതിരോധിക്കാനാകണം. ഒപ്പം അതിന്റെ പിന്നിലുള്ള രാഷ്‌ട്രീയത്തെ തുറന്നുകാണിക്കാനും ജനങ്ങളെ ഒന്നിച്ച്‌ അണിനിരത്താനും ബോധ്യപ്പെടുത്താനും മുഴുവന്‍ പാര്‍ടി അംഗങ്ങളും ജനാധിപത്യ വിശ്വാസികളും തയ്യാറാകണം. എകെജി സെന്ററിന്‌ നേരെ ആക്രമണം നടത്തിയവരെയും അതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവരെയും നിയമത്തിന്റെ കരങ്ങളിലേല്‍പ്പിക്കാന്‍ ഉതകുന്ന അന്വേഷണം പൊലീസിന്റെ ഭാഗത്തുനിന്ന്‌ ഉണ്ടാവണമെന്നും സിപിഐ എം സംസ്ഥാന സെക്രട്ടേറിയറ്റ്  ആവശ്യപ്പെട്ടു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 

Trending News