തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികൾക്ക് മാത്രമായി 551 വാക്സിനേഷൻ കേന്ദ്രങ്ങൾ ഒരുക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ്. കുട്ടികളുടെ വാക്സിനേഷൻ കേന്ദ്രത്തിന് പിങ്ക് നിറമാണ് നൽകിയിരിക്കുന്നത്. ഇത് തിരിച്ചറിയുന്നതിന് സഹായകരമാകും. വാക്സിനേഷൻ സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
15-18 പ്രായപരിധിയിലുള്ള കുട്ടികൾക്കായുള്ള കുത്തിവയ്പ് രാവിലെ ഒൻപത് മുതൽ ആരംഭിച്ചു. ഭക്ഷണം കഴിച്ച ശേഷം വേണം കുത്തിവയ്പെടുക്കാൻ. ആധാർ കാർഡോ സ്കൂൾ ഐ ഡി കാർഡോ നിർബന്ധമാണ്. രജിസ്റ്റർ ചെയ്തപ്പോൾ ഫോണിൽ ലഭിച്ച സന്ദേശമോ പ്രിന്റോ കരുതേണ്ടതാണ്.
ആരോഗ്യ പ്രശ്നങ്ങളോ അലർജിയോ ഉള്ളവർ മുൻകൂട്ടി അറിയിക്കണം. ബുധനാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും ആശുപത്രികളിൽ
കോവിഡ് പ്രതിരോധ കുത്തിവയ്പ് നൽകും. ഒമിക്രോൺ കേസുകൾ ഉയരുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ സംബന്ധിച്ച് ഈയാഴ്ച ചേരുന്ന കൊവിഡ് അവലോകന യോഗം തീരുമാനമെടുക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം, രാജ്യത്ത് ഇന്ന് 33,750 പുതിയ കോവിഡ് കേസുകൾ രേഖപ്പെടുത്തി. 24 മണിക്കൂറിനിടെ 123 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,81,893 ആയി ഉയർന്നു. സജീവ കേസുകൾ 1,45,582 ആണ്. സജീവ കേസുകളിൽ 24 മണിക്കൂറിനുള്ളിൽ 22,781 കേസുകളുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. 10,846 പേർ രോഗമുക്തരായി. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 3,42,95,407 ആയി.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 175 പുതിയ ഒമിക്രോൺ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. രാജ്യത്തെ മൊത്തം ഒമിക്രോൺ കേസുകളുടെ എണ്ണം 1,700 ആയി. ഒമിക്രോൺ ബാധിച്ച 639 പേർ രോഗമുക്തി നേടിയതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 98.2 ശതമാനമായി രേഖപ്പെടുത്തിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 23,30,706 വാക്സിൻ ഡോസുകൾ നൽകി. തിങ്കളാഴ്ച രാവിലെ ഏഴ് മണിവരെയുള്ള റിപ്പോർട്ടുകൾ പ്രകാരം രാജ്യത്ത് നൽകിയ കോവിഡ് വാക്സിനേഷൻ ഡോസുകൾ 145.68 കോടി (145,68,89,306) കവിഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...