ദില്ലി/ തിരുവനന്തപുരം : ഏറെ നാളത്തെ ചർച്ചകൾക്കും വിവാദങ്ങൾക്കും ഒടുവിൽ കോൺഗ്രസിന്റെ രാജ്യസഭാ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചു. കേരളത്തിൽ നിന്ന് ജയസാധ്യതയുള്ള ഏക സീറ്റിൽ ജെബി മേത്തർ മത്സരിക്കും. പാർട്ടി ദേശീയ അധ്യക്ഷ സോണിയ ഗാന്ധിയുടെ അംഗീകാരത്തോടെയാണ് തീരുമാനം. കെപിസിസി സമർപ്പിച്ച അന്തിമ പട്ടികയിൽ നിന്നാണ് സ്ഥാനാർത്ഥിയെ നിശ്ചയിച്ചിരിക്കുന്നത്. മഹിളാ കോൺഗ്രസിന്റെ സംസ്ഥാന അധ്യക്ഷയാണ് ജെബി മേത്തർ.
ആലപ്പുഴ മുൻ ഡിസിസി അധ്യക്ഷൻ എം ലിജുവിന്റെ പേരും സജീവ പരിഗണനയിൽ ഉണ്ടായിരുന്നു. മലപ്പുറം ഡിസിസി പ്രസിഡന്റ് വിഎസ് ജോയ്, ജോൺസൺ എബ്രഹാം, ജെയ്സൺ ജോസഫ് എന്നീ പേരുകളും കെപിസിസി സമർപ്പിച്ച പട്ടികയിൽ ഉണ്ടായിരുന്നു എന്നാണ് വിവരം. പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ നോമിനി ആയിട്ടാണ് ജെബി മേത്തർ പട്ടികയിൽ ഇടം പിടിച്ചത്. കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ പിന്തുണ എം ലിജുവിനായിരുന്നു.
രാജ്യസഭ സീറ്റിന് വേണ്ടി കെവി തോമസിനെ പോലുള്ള മുതിർന്ന നേതാക്കൾ രംഗത്തിറങ്ങിയിരുന്നു. ഇതോടെ കോൺഗ്രസിനുള്ളിൽ കലാപക്കൊടിയും ഉയർന്നു. എകെ ആന്റണി മത്സരിക്കാനില്ലെന്ന് തീരുമാനിച്ചതോടെയായിരുന്നു പ്രശ്നങ്ങളുടെ തുടക്കം. രാജ്യസഭാ സീറ്റിനായി അന്പതോളം പേരായിരുന്നു രംഗത്ത് വന്നത്. സമവായത്തിലെത്താത്തതിനാൽ ഹൈക്കമാൻഡിന് മുന്നിൽ ഒരു അന്തിമ പട്ടിക സമർപ്പിക്കാൻ കഴിയാത്ത സാഹചര്യത്തിലായിരുന്നു സംസ്ഥാനത്തെ കോൺഗ്രസ് നേതൃത്വം. ഒടുവിൽ അന്തിമ പട്ടിക സമർപ്പിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ സ്ഥാനാർത്ഥിയെ നിശ്ചയിച്ചുകൊണ്ടുള്ള പത്രക്കുറിപ്പും പുറത്തിറങ്ങി. അസമിൽ നിന്നുള്ള സ്ഥാനാർത്ഥിയായി റിപുൻ ബോറയെ ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.