കേരളത്തിൽ 6 സീറ്റ് പിടിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോകുന്ന ബിജെപി ഇത്തവണ പയറ്റുന്നത് കേന്ദ്രമന്ത്രിമാരെ കേരളത്തിൽ വരുത്തിയുളള ഓപ്പറേഷൻ. കഴിഞ്ഞ തവണ ബിജെപി തോറ്റതും എന്നാൽ ജയസാധ്യത ഉളളതുമായ സീറ്റുകളാണ് ഇത്തവണ ബിജെപി കണ്ണ് വയ്ക്കുന്നത്. കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കറിന്‍റെ വരവും വീടുകയറിയുളള ചായകുടിയും ദേശീയ പാതയിലെ കുഴിഎണ്ണലുമെല്ലാം എൽ ഡി എഫ് ക്യാമ്പിനെ ആശങ്കപ്പെടുത്തിയിട്ടുണ്ട്. ജയശങ്കറിന്റെ ആദ്യ റൗണ്ട് മിഷനിൽ കേന്ദ്രപദ്ധതികളുടെ പുരോഗതി താഴെ തട്ടിൽ കണ്ടറിഞ്ഞു വിലയിരുത്തലാണ്. ജലജീവൻ മിഷൻ അമൃത് സരോവർ അങ്ങനെ വിവിധ കേന്ദ്ര പദ്ധതികളുടെ പുരോഗതി നേരിട്ടു വിലയിരുത്തി ഉപഭോക്താക്കളുമായി സംസാരിച്ചായിരുന്നു മന്ത്രിയുടെ സന്ദർശനം.
കേന്ദ്ര പദ്ധതികളോട് എങ്ങനെയാണ് തലസ്ഥാനവാസികളുടെ പ്രതികരണം എന്ന് നോക്കുന്നതിനൊപ്പം പാർട്ടി നേതാക്കളുമായും അണികളുമായും ചർച്ച നടത്തി. ആദ്യ റൗണ്ട് സന്ദർശന വിവരങ്ങൾ ദേശീയ നേതൃത്വത്തെ അറിയിച്ച് പിന്നെ അടുത്ത റൗണ്ടുകൾ എന്നതാണ് ബിജെപിയുടെ ഓപ്പറേഷൻ സൗത്തിന്റ രീതി.തിരുവനന്തപുരം അടക്കം സംസഥാനത്ത് 6 ലോക്സഭാ മണ്ഡലങ്ങളിലാണ് ബിജെപി കേന്ദ്ര മന്ത്രിമാർക്ക് ചുമതല നൽകിയുളള പരീക്ഷണം. കേന്ദ്ര പദ്ധതികൾ വഴി കേന്ദ്ര മന്ത്രിമാർ വോട്ട് കൊണ്ട് വരുമെന്നാണ് കണക്ക് കൂട്ടൽ. എന്നാൽ ആര് മത്സരിക്കും തിരുവനന്തപുരത്ത് അടക്കം 6 മണ്ഡലങ്ങളിൽ എന്നതാണ് വെല്ലുവിളി. കഴിഞ്ഞ തവണ ഒരു ലക്ഷത്തിനടുത്ത് ഭൂരിപക്ഷത്തിൽ ജയിച്ച ശശിതരൂർ വീണ്ടും മണ്ഡലം നിലനിർത്താൻ ഇറങ്ങും എന്നതിൽ തർക്കമില്ല.
തൃശൂരിലാണ് സുരേഷ്ഗോപിയെ നിർത്താൻ ആലോചിക്കുന്നത്. തിരുവനനന്തപുരത്ത് വൻ പരാജയം നേരിട്ടതിൽ ഇത്തവണ കുമ്മനത്തെ നിർത്താൻ പാർട്ടി തയ്യാറാവില്ല. അങ്ങനെയെങ്കിൽ ഏറ്റവും ശക്തനായ ഒരു സ്ഥാനാർത്ഥിയെ തന്നെ തിരുവനന്തപുരത്ത് നിർത്തിയില്ലെങ്കിൽ ഇത്തവണ മൂന്നാം സ്ഥാനത്ത് എത്തുമോ എന്ന ഭയമാണ് ബിജെപിയെ അലട്ടുന്നത്. കാരണം മറ്റൊന്നുമല്ല ബെന്നറ്റ് എബ്രഹാമിനേയും സി ദിവാകരനേയുമൊക്കെ നിർത്തി ഏറെ ആരോപണം നേരിട്ട സിപിഐ ഇത്തവണ ഏറ്റവും മികച്ച സ്ഥാനാർത്ഥിയെത്തന്നെയാവും തിരുവനന്തപുരത്ത് കളത്തിലിറക്കുക. അതും ബിജെപി ക്ക് വൻ പ്രതിസന്ധി ഉണ്ടാക്കും. അത് കൊണ്ട് തന്നെ എത്ര കേന്ദ്രമന്ത്രിമാർ വന്നാലും എത്ര പഠനം നടത്തിയാലും വോട്ട് ചെയ്യേണ്ടത് ജനങ്ങളാണെന്ന് ബിജെപി നന്നായി അനുഭവിച്ചറിഞ്ഞിട്ടുളളതാണ്. അത് കൊണ്ട് ഏറെ കരുതലോടെ തന്നെയാണ് ബിജെപി കേന്ദ്ര നേതൃത്വം മുന്നോട്ട് പോകുന്നത്.
പലപ്പോഴും ബിജെപി സ്ഥാനാർത്ഥി ജയിക്കുന്ന ഘട്ടം വന്നാൽ ഇടത് വലത് മുന്നണികൾ ഒന്നായി ബിജെപിയെ പരാജയപ്പെടുത്തുന്ന രീതി കേരളത്തിൽ നിലവിലുണ്ട്. യുവനേതാക്കളെ എല്ലാം തന്നെ തുടക്കം മുതൽ തന്നെ ഒതുക്കുന്ന രീതിയും ഗ്രൂപ്പുകളിയുമൊക്കെ ബിജെപിയുടെ വളർച്ചയെ പടവലങ്ങ പോലെ താഴോട്ട് എത്തിച്ചിരിക്കുകയാണ്. ബിഡിജെഎസ് മുന്നണിയുടെ ഭാഗമാണ്. എന്നാൽ ബിഡിജെഎസ് വഴി ബിജെപിക്ക് ദോഷമല്ലാതെ ഗുണമൊന്നുമില്ലാത്ത അവസ്ഥയാണ്. പല ബിഡിജെഎസ് സ്ഥാനാർത്ഥികളും വൻ പരാജയം ഏറ്റുവാങ്ങുന്നതും ബിജെപിയുടെ നിസഹകരണം കൊണ്ടാണെന്നും ഏറെക്കുറെ വ്യക്തമാണ്. കേന്ദ്രനേതൃത്വം എത്ര തന്ത്രങ്ങൾ ആവിഷ്കരിച്ചാലും കേരളത്തിലെ ഗ്രൂപ്പുകളിക്ക് അറുതി വന്നില്ലെങ്കിൽ വിജയം പോയിട്ട് നിലനിൽപ് തന്നെ അപകടത്തിലാണ് ബിജെപിക്ക്. അത് മാത്രമല്ല 2024 ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഒരു സീറ്റുപോലും ലഭിച്ചില്ലെങ്കിൽ കേന്ദ്ര നേതൃത്വം കേരളത്തിന്‍റെ കാര്യത്തിൽ കടുത്ത നടപടികളിലേക്ക് കടക്കുമെന്നുറപ്പാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...