തിരുവനന്തപുരം: മുന്‍ പോലീസ് മേധാവി ടി.പി.സെന്‍കുമാറിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്. സെൻകുമാർ തെറ്റായ കാര്യങ്ങളാണ് പ്രചരിപ്പിക്കുന്നതെന്ന് മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. സെൻകുമാർ രാഷ്ട്രീയം കളിക്കുകയാണെന്നും ഇടതുപക്ഷ സർക്കാരിനെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാണ് നടത്തുന്നതെന്നും പിണറായി കൂട്ടിച്ചേർത്തു.
പൊലീസ് മേധാവി സ്ഥാനത്തുനിന്നു തന്നെ മാറ്റിയതു രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണെന്നു സെൻകുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ടി.പി.ചന്ദ്രശേഖരൻ വധം, ഷുക്കൂർ വധം, കതിരൂർ മനോജ് വധം തുടങ്ങിയ രാഷ്ട്രീയ കൊലപാതക കേസുകളിൽ സിപിഎം നേതാക്കൾക്കെതിരെ നടത്തിയ സത്യസന്ധമായ അന്വേഷണം കാരണമാണു പ്രതികാര നടപടിയുണ്ടായത്.
കതിരൂർ മനോജ് വധക്കേസിൽ സിപിഎം നേതാവ് പി. ജയരാജന്റെ പങ്കിനെക്കുറിച്ച് അന്വേഷിച്ചതുകൊണ്ടാണു തന്റെ ഔദ്യോഗിക ജീവിതം തകർത്തതെന്നും സെൻകുമാർ ആരോപിച്ചിരുന്നു.