തരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ നടത്തുന്ന സമരത്തില്‍ നിന്നും ശ്രദ്ധ തിരിക്കുന്നതിന് വേണ്ടി രക്തസാക്ഷികളെ സൃഷ്ടിക്കാനുള്ള ശ്രമമാണ് ഇപ്പോൾ സി.പി.എം നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേട്ടുകേള്‍വിയില്ലാത്ത കിരാത നടപടികളുമായി സര്‍ക്കാരും കലാപമുണ്ടാക്കാന്‍ സി.പി.എമ്മും ശ്രമിക്കുകയാണ്. സി.പി.എം ക്രിമിനലുകള്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്. കോണ്‍ഗ്രസ് ഓഫീസുകള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ വ്യപക ആക്രമണമാണ് സി.പി.എം നടത്തുന്നത്. കെ.പി.സി.സി ഓഫീസ് അടിച്ച് തകര്‍ത്തതിന് പിന്നാലെ പ്രതിപക്ഷ നേതാവിന്റെ വസതിയിലേക്കും ഗുണ്ടകളെ വിട്ടു.
പ്രതിപക്ഷ നേതാവിന്റെ വീട്ടിലേക്ക് ക്രിമിനലുകളെ പറഞ്ഞു വിട്ട ആദ്യ മുഖ്യമന്ത്രിയെന്ന് പിണറായി വിജയനെ ചരിത്രം രേഖപ്പെടുത്തും. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ് അതിക്രമിച്ച് വീട് കയറാന്‍ നിര്‍ദ്ദേശിച്ചതും അവരെ ജാമ്യത്തില്‍ വിടാന്‍ ആവശ്യപ്പെട്ടതും. അമിതാധികാര ശക്തികള്‍ മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ മുഖ്യമന്ത്രിയെയും കൊണ്ടേ പോകൂ. ഭരിക്കുന്നവരാണ് കലാപം നടത്തുന്നതും തീവെയ്പ് നടത്തുന്നതും ബോബെറിയുമെന്നും പറയുന്നത്. മുഖ്യമന്ത്രി എത്തപ്പെട്ടിരിക്കുന്ന അവസ്ഥയില്‍ നിന്നും രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വധശ്രമം ഉണ്ടായെന്ന പ്രസ്താവന അടിസ്ഥാന രഹിതമാണെന്ന് ഇ.പി ജയരാജന്‍ പത്രസമ്മേളനത്തിന് മുന്‍പ് പറഞ്ഞ ശബ്ദരേഖ പുറത്ത് വന്നതോടെ വ്യക്തമായിരിക്കുകയാണ്. മുഖ്യമന്ത്രി ഇറങ്ങിയതിന് ശേഷമാണ് പ്രതിഷേധ മുദ്രാവാക്യം വിളിച്ചതെന്നാണ് ജയരാജന്‍ ആദ്യം പറഞ്ഞത്. കൊല്ലുമെന്ന് പറഞ്ഞുകൊണ്ട് മുഖ്യമന്ത്രിക്ക് അടുത്തേക്ക് പാഞ്ഞടുത്തെന്ന് ആരോപിച്ച് മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ നല്‍കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
അവര്‍ മദ്യപിച്ചില്ലെന്ന് തെളിഞ്ഞതോടെ ജയരാജന്റെ ആ നുണ പ്രചരണവും പൊളിഞ്ഞു. നുണ പ്രചരണം നടത്തി യു.ഡി.എഫ് നടത്തുന്ന സമരത്തെ കളങ്കപ്പെടുത്താന്‍ നടത്തിയ ശ്രമം പൂര്‍ണമായും പരാജയപ്പെട്ടിരിക്കുകയാണ്. വിമാനത്തില്‍ പ്രതിഷേധിച്ചവര്‍ക്കെതിരെ വധശ്രമം ആരോപിച്ച് മുഖ്യമന്ത്രിയുടെ ഓഫീസ് കൊടുത്തിരിക്കുന്ന കള്ളക്കേസ് പിന്‍വലിച്ച് മാപ്പ് പറയണം. നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്തിട്ടുണ്ടെങ്കില്‍ കേസെടുക്കണം. അവരെ ആക്രമിച്ച ജയരാജനെതിരെയും കേസെടുക്കണം. പരാതിയില്‍ കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കും.
കെ.പി.സി.സി അധ്യക്ഷനെയും പ്രതിപക്ഷ നേതാവിനെയും കൈക്കരുത്ത് അറിയിക്കുമെന്നാണ് അമ്പലപ്പുഴയിലെ എം.എല്‍.എ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്. എന്നിട്ട് കേസെടുക്കാന്‍ പോലും പൊലീസ് തയാറായിട്ടില്ല. മുഖ്യമന്ത്രിയെ അടിക്കുമെന്ന് ഒരാള്‍ പോസ്റ്റിട്ടാല്‍ അറസ്റ്റ് ചെയ്യില്ലേ കോഴിക്കോട് തിക്കോടിയില്‍, വീട്ടില്‍ കയറി കൊത്തിക്കീറുമെന്നും ശരത്‌ലാലിനെയും കൃപേഷിനെയും ഓര്‍മ്മയില്ലേ എന്നുമാണ് ഡി.വൈ.എഫ്.ഐ മുദ്രാവാക്യം വിളിച്ചത്. ആലപ്പുഴയിലെ പോപ്പുലര്‍ ഫ്രണ്ട് മുദ്രാവാക്യത്തില്‍ നിന്നും എന്ത് വ്യത്യാസമാണ് ഇതിനുള്ളത്.
ശിശുക്ഷേമ സമിതിയില്‍ കൊച്ചിനെ കടത്തിയ നേതാവും പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചു. നെന്‍മാറ എം.എല്‍.എ സ്ത്രീ ശരീരത്തിന്റെ വിവിധ ഭാഗങ്ങളുടെ പര്യായപദം നിഘണ്ടുവില്‍ തേടുന്ന ആളായി മാറിയിരിക്കുകയാണ്. പ്രതിഷേധ സമരങ്ങളില്‍ പങ്കെടുത്ത സ്ത്രീകളെ സമൂഹ മാധ്യമങ്ങളില്‍ കേട്ടാലറയ്ക്കുന്ന തെറി വിളിക്കുകയാണ് CPM സൈബര്‍ ഗുണ്ടകള്‍. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ഭാരവാഹി വീണ എസ് നായരെ സൈബറിടങ്ങളില്‍ വലിച്ചു കീറുന്നു. പുറത്ത് പറയാന്‍ പറ്റാത്ത പച്ചത്തെറി വിളിക്കുകയാണ്.
എറണാകുളത്ത് അശ്ലീല വീഡിയോ ഇറക്കിയവര്‍ തന്നെയാണ് ഇതിന് പിന്നിലും. ഇവരാണോ സ്ത്രീപക്ഷ വാദികള്‍? സി.പി.എമ്മിലെ വനിതാ നേതാക്കളും വനിതാ കമ്മിഷനും എവിടെ പോയി? പ്രതിഷേധ പ്രകടനത്തിന് സ്ത്രീകള്‍ പങ്കെടുത്തതിന്റെ പേരില്‍ എം.എല്‍.എമാര്‍ ഉള്‍പ്പെടെയുള്ളവരാണ് അധിക്ഷേപിക്കുന്നത്. നാട്ടില്‍ കലാപം ഉണ്ടാക്കുകയെന്ന ലക്ഷ്യം മാത്രമാണ് അവര്‍ക്കുള്ളത്.
പൊലീസും സി.പി.എമ്മും ഗുണ്ടകളും ചേര്‍ന്ന് യു.ഡി.എഫ് സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണ്. പറവൂരിലും ഒരു പ്രകോപനവുമില്ലാതെ സി.പി.എം- ഡിവൈ.എഫ്.ഐ ഗുണ്ടാകള്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചു. പരിക്കേറ്റവരെ ആശുപത്രിയില്‍ കയറിയും മര്‍ദ്ദിച്ചു. ആക്രമണത്തിന്റെ സി.സി ടി.വി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടും ജാമ്യം കിട്ടുന്ന കേസുകളാണ് ഡി.വൈ.എഫ്.ഐ ഗുണ്ടകള്‍ക്കെതിരെ എടുത്തിരിക്കുന്നത്. ലോക കേരള സഭയില്‍ പങ്കെടുക്കണമോയെന്ന് യു.ഡി.എഫില്‍ ആലോചിച്ച ശേഷം തീരുമാനിക്കും.
മോദി ഭരണകൂടത്തിന്റെ കിരാത നടപടികള്‍ക്കെതിരെ രാജ്യവ്യാപകമായി ഉയര്‍ന്നു വരുന്ന പ്രക്ഷോഭ കേരളത്തിലും ശക്തമാക്കും. സംഘപരിവാര്‍, ഫാസിസ്റ്റ് വിരുദ്ധതയുടെ ഏറ്റവും വലിയ പ്രതീകമാണ് രാഹുല്‍ ഗാന്ധി. രാഹുല്‍ ഗാന്ധിയെ അപകീര്‍ത്തിപ്പെടുത്താനും അപമാനിക്കാനുമുള്ള ശ്രമമാണ് കേന്ദ്ര ഭരണകൂടം നടത്തുന്നത്. അതിനെതിരായ ചെറുത്ത് നില്‍പ്പിലും പോരാട്ടത്തിലും യു.ഡി.എഫും അണിചേരുംമെന്നും വി ഡി സതീശൻ പറഞ്ഞു.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.