Kerala Health Department: 'കാരുണ്യസ്പർശം' കാന്‍സര്‍ ചികിത്സാ ചെലവ് ചുരുക്കുന്നതില്‍ രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി

Chief Minister Pinarayi Vijayan: കാന്‍സര്‍ രോഗബാധിതരായവര്‍ക്ക് പൊതുവിപണിയില്‍ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ ലഭ്യമാക്കും.

Written by - Zee Malayalam News Desk | Last Updated : Aug 29, 2024, 08:09 PM IST
  • കാരുണ്യ സ്പര്‍ശം രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
  • അര്‍ബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകള്‍ ഇടനിലക്കാരില്ലാതെ രോഗികള്‍ക്ക് ലഭ്യമാകും എന്നതാണ് പദ്ധതിയുടെ സവിശേഷത
Kerala Health Department: 'കാരുണ്യസ്പർശം' കാന്‍സര്‍ ചികിത്സാ ചെലവ് ചുരുക്കുന്നതില്‍ രാജ്യത്തിനാകെ മാതൃകയെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കാന്‍സര്‍ ചികിത്സാ ചെലവ് ചുരുക്കുന്നതില്‍ രാജ്യത്തിനാകെ മാതൃകയാകുന്ന പദ്ധതിയാണ് കാരുണ്യ സ്പര്‍ശമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതുവഴി കാന്‍സര്‍ രോഗബാധിതരായവര്‍ക്ക് പൊതുവിപണിയില്‍ ലഭിക്കുന്നതിനെ അപേക്ഷിച്ച് പരമാവധി വിലക്കുറവില്‍ കാരുണ്യ ഫാര്‍മസികളില്‍ നിന്ന് മരുന്നുകള്‍ ലഭ്യമാക്കും. കാന്‍സര്‍ രോഗികള്‍ക്ക് തീര്‍ച്ചയായും വളരെ ആശ്വാസകരമാകുന്ന ഒരു ചുവടുവെയ്പ്പാകും ഇതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നൂറുദിന കര്‍മ്മപരിപാടികളുടെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട കാരുണ്യ ഫാര്‍മസികളില്‍ പ്രവര്‍ത്തനമാരംഭിക്കുന്ന കാരുണ്യ സ്പര്‍ശം സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ് കൗണ്ടറുകളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കവേയാണ് മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ ഓരോ ജില്ലയിലേയും തെരഞ്ഞടുത്ത 14 കാരുണ്യ ഫാര്‍മസികളിലൂടെ ഉയര്‍ന്ന വിലയുള്ള കാന്‍സര്‍ മരുന്നുകള്‍ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കും.

നിലവില്‍ കേരളത്തിലുടനീളം പ്രവര്‍ത്തിക്കുന്ന എല്ലാ കാരുണ്യ ഫാര്‍മസികളിലുമായി 250 ഓളം ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകള്‍ ലഭിക്കും. ഇവയെല്ലാം തന്നെ ഈ കൗണ്ടറുകളിലൂടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കും. അര്‍ബുദ ചികിത്സയ്ക്കുള്ള വിലകൂടിയ മരുന്നുകള്‍ ഇടനിലക്കാരില്ലാതെ രോഗികള്‍ക്ക് ലഭ്യമാകും എന്നതാണ് പദ്ധതിയുടെ ഏറ്റവും വലിയ സവിശേഷത. രണ്ടു ശതമാനം സേവന ചെലവ് മാത്രം ഈടാക്കിക്കൊണ്ടും കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ലഭിക്കുന്ന ലാഭം പൂര്‍ണ്ണമായും ഒഴിവാക്കിക്കൊണ്ടുമാകും കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക.

മരുന്നുകള്‍ക്ക് 26 ശതമാനം മുതല്‍ 96 ശതമാനം വരെ വിലക്കുറവ് ഉണ്ടാകും. ഉദാഹരണത്തിന്, വിപണിയില്‍ ഏകദേശം ഒന്നേമുക്കാല്‍ ലക്ഷം രൂപ വിലവരുന്ന മരുന്നിന് 93 ശതമാനം വിലക്കുറവ് ഉണ്ടെങ്കില്‍ കേവലം 11,892 രൂപയ്ക്ക് ഇത് രോ​ഗികൾക്ക് ലഭ്യമാകും. ആദ്യത്തെ പ്രത്യേക കൗണ്ടര്‍ ആരംഭിക്കുന്നത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലാണ്. വിപണി വിലയില്‍ നിന്ന് 10 മുതല്‍ 93 ശതമാനം വരെ വിലക്കുറവില്‍ കാരുണ്യ ഫാര്‍മസിയിലൂടെ 8000ൽ പരം ബ്രാന്‍ഡഡ് മരുന്നുകള്‍ വിതരണം ചെയ്തുവരുന്നുണ്ട്.

നിലവില്‍ കേരളത്തിലുടനീളം 75 കാരുണ്യ കമ്മ്യൂണിറ്റി ഫാര്‍മസികള്‍ പ്രവര്‍ത്തിക്കുന്നു. അവയില്‍ ഏഴെണ്ണം 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നവയാണ്. ഇവയുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കും. പകര്‍ച്ചവ്യാധികളുടെ വ്യാപനം, ജന്തുജന്യ രോഗങ്ങളുടെ വര്‍ദ്ധനവ്, ജീവിതശൈലീ രോഗങ്ങള്‍ തുടങ്ങിയ ഒട്ടേറെ കാര്യങ്ങളില്‍ നാം കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടതുണ്ട്. അവയിലൊന്നാണ് കാന്‍സര്‍ നിയന്ത്രണം. സംസ്ഥാനത്ത് 30ന് വയസിന് മുകളിലുള്ളവരില്‍ ഒമ്പത് ലക്ഷം പേര്‍ക്ക് കാന്‍സര്‍ ബാധിക്കാന്‍ സാധ്യതയുണ്ടെന്നാണ് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നത്.

ഇതില്‍ ഏറ്റവും കൂടുതല്‍ സാധ്യത സ്തനാര്‍ബുദത്തിനാണ്. സ്ത്രീകളില്‍ സെര്‍വിക്കല്‍ കാന്‍സറും വര്‍ദ്ധിക്കുന്നുവെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. അതിനാല്‍ വികസിത രാജ്യങ്ങളുടെ മാതൃകയില്‍ വാക്സിനേഷന്‍ നല്‍കി സെര്‍വിക്കല്‍ കാന്‍സറിനെ പ്രതിരോധിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. എല്ലാ ജില്ലാ ആശുപത്രികളിലും കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങള്‍ സ്ഥാപിക്കുന്നതിനുവേണ്ടി രണ്ടര കോടി രൂപ പ്രത്യേകമായി വകയിരുത്തിയിട്ടുണ്ട്.

ആര്‍സിസിയിലും എംസിസിയിലും ഒട്ടേറെ നൂതന ചികിത്സാ സൗകര്യങ്ങള്‍ ഇക്കാലയളവില്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാന്‍സര്‍ നിയന്ത്രണത്തിനും ചികിത്സയ്ക്കുമായി സര്‍ക്കാര്‍ നടത്തിവരുന്ന ഇത്തരം ഇടപെടലുകളുടെ തുടര്‍ച്ചയായാണ് സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ ഡ്രഗ് കൗണ്ടറുകള്‍. സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചുള്ള നൂറുദിന കര്‍മ്മ പരിപാടികളുടെ ഭാഗമായാണ് സീറോ പ്രോഫിറ്റ് ആന്റി കാന്‍സര്‍ മെഡിസിന്‍ കൗണ്ടറുകള്‍ ആരംഭിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News