എം.ബി. രാജേഷിന്‍റെ പ്രചാരണ റാലിയില്‍ വടിവാള്‍, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി

തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ കണിശക്കാരനായി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന. 

Last Updated : Apr 8, 2019, 06:12 PM IST
എം.ബി. രാജേഷിന്‍റെ പ്രചാരണ റാലിയില്‍ വടിവാള്‍, മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് നടത്തിപ്പില്‍ കണിശക്കാരനായി സംസ്ഥാനത്തെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന. 

പരാതികളില്‍ മുഖം നോക്കാതെ നടപടി കൈക്കൊള്ളുകയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍. ഇതിനോടകം നിരവധി പരാതികളാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പക്കല്‍ എത്തിച്ചേര്‍ന്നത്. 

ഏറ്റവും ഒടുവിലായി എത്തിയ [പരാതി, പാലക്കാട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.ബി. രാജേഷിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ വടിവാള്‍ കണ്ടെന്ന വാര്‍ത്തയാണ്. ഈ സംഭവത്തില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീന ഡിജിപി ലോക്നാഥ് ബെഹ്റയ്ക്ക് നിര്‍ദ്ദേശം നല്‍കി.

ഒപ്പം സ്വതന്ത്രവും നീതിപൂര്‍വവുമായ തിരഞ്ഞെടുപ്പിന് ഇത്തരം സംഭവങ്ങള്‍ വിഘാതം സൃഷ്ടിക്കുമെന്ന ആശങ്കയുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ഡിജിപിയെ അറിയിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണ റാലികളില്‍ ആയുധങ്ങള്‍ കൊണ്ടുപോകരുതെന്ന് കൃത്യമായ നിര്‍ദ്ദേശമുള്ളതാണെന്നും അത്തരം നടപടികള്‍ മാതൃകാ പെരുമാറ്റച്ചട്ടത്തിന്‍റെ ലംഘനമാണെന്നും ടിക്കാറാം മീന അറിയിച്ചു. സംഭവത്തെക്കുറിച്ച്‌ അന്വേഷിച്ച്‌ നിയമാനുസൃത നടപടി സ്വീകരിക്കാനും ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുമാണ് ഡിജിപിയ്ക്ക് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. 

പാലക്കാട്ടെ കടമ്പഴിപ്പുറം പഞ്ചയാത്തിലെ ഉമ്മനേഴിയിലൂടെ കടന്നു പോയ എം.ബി. രാജേഷിന്‍റെ വാഹനപ്രചാരണ റാലിക്കിടെ മറിഞ്ഞ ബൈക്കില്‍ നിന്ന് വടിവാള്‍ വീഴുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷന് യുഡിഎഫ് നേരത്തെ പരാതി നല്‍കിയിരുന്നു.

 

 

 

Trending News