കൊപ്രാസംഭരണം; കേന്ദ്രനിലപാട് കർഷക വിരുദ്ധമെന്ന് കൃഷി മന്ത്രി. പി പ്രസാദ്

ഇത് " കേര " വെളിച്ചെണ്ണയുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്നു

Written by - Zee Malayalam News Desk | Last Updated : May 13, 2022, 03:35 PM IST
  • കേരഫെഡിന് പ്രതി ദിനം 100 മെട്രിക് ടണ്‍ കൊപ്രയാണ് ആവശ്യം
  • കേരഫെഡിന് ആവശ്യമായ കൊപ്ര സംഭരണത്തിലൂടെ ലഭിക്കുന്നില്ല
  • ൻകിട കൊപ്ര വ്യാപാര ലോബികളുടെ കടന്നു കയറ്റത്തിന് ഇടയാക്കും
കൊപ്രാസംഭരണം; കേന്ദ്രനിലപാട് കർഷക വിരുദ്ധമെന്ന്  കൃഷി മന്ത്രി. പി പ്രസാദ്

അപ്രായോഗിക നിബന്ധനകൾ വച്ച് കേന്ദ്ര സർക്കാർ കേരളത്തിലെ കൊപ്ര സംഭരണം അട്ടിമറിക്കുകയാണെന്നും ഇത് കർഷക വിരുദ്ധ നടപടിയാണെന്നും കൃഷി മന്ത്രി പി. പ്രസാദ് പറഞ്ഞു. കേരളത്തില്‍ ഏറ്റവും പ്രചാരമുള്ളതും ജനവിശ്വാസം ആര്‍‍ജ്ജിച്ചതുമായ " കേര " വെളിച്ചെണ്ണയുടെ ഉല്പാദകരായ കേരഫെഡിന് പ്രതി ദിനം 100 മെട്രിക് ടണ്‍ കൊപ്രയാണ് ആവശ്യം. കേന്ദ്ര സർക്കാരിന്റെ നിബന്ധന പ്രകാരം സംഭരണത്തിൽ ഏർപ്പെടുന്ന സ്ഥാപനം സംഭരണത്തിലൂടെയല്ലാതെ കൊപ്ര വാങ്ങുക സാധ്യമല്ല. കേരഫെഡിന് ആവശ്യമായ കൊപ്ര സംഭരണത്തിലൂടെ ലഭിക്കുന്നില്ല. ഇത് " കേര " വെളിച്ചെണ്ണയുടെ ഉത്പാദനത്തെ സാരമായി ബാധിക്കുന്നു. ഈ നിബന്ധന നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ സംരംഭമായ കേരഫെഡിനെ കൊപ്ര സംഭരണത്തിൽ നിന്ന് പിന്മാറേണ്ട സാഹചര്യത്തിലേക്ക് കേന്ദ്ര സർക്കാർ കൊണ്ട് ചെന്നെത്തിച്ചിരിക്കുകയാണ്. ഇത് വൻകിട കൊപ്ര വ്യാപാര ലോബികളുടെ കടന്നു കയറ്റത്തിന് ഇടയാക്കുമെന്നും മന്ത്രി പറഞ്ഞു. 

അതിനാൽ ഇത്തരത്തിലുള്ള അപ്രായോഗിക നിബന്ധനകളിൽ നിന്ന് കേന്ദ്ര സർക്കാർ പിന്മാറണമെന്നും ഇത്തരത്തിലുള്ള നിബന്ധനകളിൽ നിന്നും  കേരഫെഡിനെ ഒഴിവാക്കണമെന്നും സർക്കാർ നാഫെഡിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കൃഷി മന്ത്രി പറഞ്ഞു. കേരളത്തിലെ കേരകർഷകരുടെ സംഘങ്ങളുടെ അപക്സ് ബോഡിയായ കേരഫെഡിന്റെ പ്രവർത്തനം സുഗമമാക്കുന്നതിന്  ടി നിബന്ധന ഒഴിവാക്കേണ്ടത് ആവശ്യമാണെന്ന് സംസ്ഥാന സർക്കാർ  കേന്ദ്രത്തിനോട് ആവശ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. മുൻ കാലങ്ങളില്‍ നാഫെഡ് വഴി കൊപ്ര സംഭരണം നടന്ന വേളയില്‍ കേരഫെഡ് സംസ്ഥാന സംഭരണ ഏജൻസിയായി പ്രവർത്തിച്ചിരുന്നു. അക്കാലത്ത് ഇത്തരം പ്രതിസന്ധികൾ ഉണ്ടായിരുന്നില്ല. എന്നാല്‍ സംസ്ഥാനത്തിന്റെ പല തവണയായുള്ള  ആവശ്യം കേന്ദ്രം നിരസിച്ചിരിക്കുന്നു എന്നത് വേദനാജനകവും കേരകർഷകരോടുള്ള വെല്ലുവിളിയുമാണ്. ഈ പ്രതിസന്ധി തരണം ചെയ്യുന്നത് വരെ കേരഫെഡില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങൾക്ക് കൊപ്രാസംഭരണത്തിന് തടസമുണ്ടാകാതിരിക്കാൻ മാർക്കറ്റ് ഫെഡ് മുഖേന സംഭരണം നടത്താൻ സർക്കാർ നിർദ്ദേശം നൽകിയിട്ടുണ്ട്.

കഴിഞ്ഞ വർഷം കേരളത്തില്‍ നാളികേരത്തിന്റെ വിലയില്‍ ഇടിവുണ്ടായപ്പോള്‍ മുതല്‍ കേരഫെഡ്, കേരള നാളികേര വികസന കോർപ്പറേഷന്‍ എന്നിവ മുഖേന അടിസ്ഥാന വില ഉറപ്പാക്കി കേരളസർക്കാർ നാളികേര സംഭരണം നടത്തി വരുന്നുണ്ട്. കേന്ദ്രം നൽകുന്ന താങ്ങുവിലയേക്കാള്‍ 4 രൂപ അധികം നൽകി ഒരു കിലോ പച്ചതേങ്ങയ്ക്ക് 32 രൂപ നൽകിയാണ് കേരളത്തില്‍ നാളികേരം സംഭരിക്കുന്നത്. അതോടൊപ്പം നാഫെഡ് മുഖേന കൊപ്ര സംഭരിക്കണമെന്ന് കൂടി കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. കേരള സർക്കാരിന്റെ നിരന്തര സമ്മർദ്ധത്തിന്റെ ഫലമായി ഈ വർഷം ഫെബ്രുവരി 3 നാണ് 5,000 മെട്രിക് ടണ്‍ കൊപ്ര സംഭരിക്കാന്‍ കേന്ദ്രം നാഫെഡിന് അനുമതി നല്കിയത്. ഉടൻ തന്നെ കൃഷി മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ കൊപ്ര സംഭരണത്തിന്റെ ഭാഗമാകേണ്ട നാഫെഡ്, കേരഫെഡ്, മാർക്കറ്റ്‌ഫെഡ്  എന്നിവരുടെ പ്രതിനിധികളെ ഉൾപ്പെടുത്തി ഉന്നതതല യോഗം കൂടി കൊപ്ര സംഭരണത്തിനു വേണ്ട പ്രവർത്തന മാർഗ്ഗരേഖ പുറപ്പെടുവിച്ചിരുന്നു. 

സംസ്ഥാനത്തെ കേര കർഷകരെ ഇടനിലക്കാരുടെയും കുത്തകകളുടെയും  ചൂഷണത്തില്‍ നിന്നും സംരക്ഷിച്ച് തങ്ങളുടെ ഉൽപ്പന്നത്തിന് പരമാവധി വില ലഭ്യമാക്കുന്നതിനും കൊപ്ര താങ്ങുവില ഉറപ്പു വരുത്തുന്നതിനുമാണ് 09/02/2022 ന് 8/2022 നമ്പർ ഉത്തരവ് പ്രകാരം മാർഗ്ഗരേഖ പുറപ്പെടുവിച്ചത്. കൊപ്രയ്ക്ക് പുറമേ പച്ചതേങ്ങ കൂടി സംഭരണത്തിന്റെ ഭാഗമാക്കുന്ന തരത്തിലാണ് സംസ്ഥാന സർക്കാർ പദ്ധതി വിഭാവനം ചെയ്തിട്ടുള്ളത്. പദ്ധതിയുടെ വിജയത്തിനായി കൃഷി വകുപ്പ് സെക്രട്ടറി ചെയർമാനും, കൃഷി ഡയറക്ടര്‍ കൺവീനറുമായി നാഫെഡ് പ്രതിനിധികൂടി ഉൾപ്പെടുന്ന സംസ്ഥാന തല മോണിറ്ററിംഗ് കമ്മിറ്റിയും, ജില്ലാകളക്ടര്‍ ചെയർമാനും പ്രിന്സിപ്പല്‍ കൃഷി ഓഫീസര്‍ കൺവീനറുമായ ജില്ലാ മോണിറ്ററിംഗ് കമ്മിറ്റികളും രൂപീകരിച്ചു പ്രവർത്തിക്കുന്നത്. നാഫെഡ് ഉൾപ്പെടെയുള്ള സംഭരണ ഏജൻസികള്‍ ഉന്നയിക്കുന്ന വിഷയങ്ങള്‍ സമയ ബന്ധിതമായി പരിഹരിക്കാന്‍ കൃഷി വകുപ്പ് സെക്രട്ടറിയേയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News