വെഞ്ഞാറമൂട്: വെഞ്ഞാറമ്മൂട് ഓടിക്കൊണ്ടിരുന്നതിനിടെ തീ പിടിച്ച കാറിൽ നിന്ന് ഡ്രൈവർ അദ്ഭുതകരമായി രക്ഷപ്പെട്ടു. കഴിഞ്ഞ ദിവസം 8.30ന് വെഞ്ഞാറമൂട് ആറ്റിങ്ങൽ റോഡിൽ വലിയ കട്ടയ്ക്കാൽ മൈലക്കുഴി ജംഗ്ഷന് സമീപമാണ് അപകടമുണ്ടായത്. കടയ്ക്കാവൂർ നിലക്കാമുക്ക് മോഹൻ വില്ലയിൽ ലിജോയുടെ കാറിനാണ് തീ പിടിച്ചത്. കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ച് ഗർഭിണിയും ഭർത്താവും മരിച്ച സംഭവത്തിന് തൊട്ടടുത്ത ദിവസമാണ് വെഞ്ഞാറമൂട്ടിലെയും അപകടം.
വഴിയിൽ നിന്നവരാണ് കാറിന്റെ എൻജിൻ ഭാഗത്ത് നിന്ന് പുക ഉയരുന്നത് കണ്ടത്. തുടർന്ന് ഇവർ ബഹളം വെച്ച് കാർ നിർത്തിക്കുകയായിരുന്നു. ശേഷം ഡ്രൈവർ പുറത്തിറങ്ങിയ ഉടൻ കാറിന്റെ മുൻഭാഗത്തു തീ പൂർണമായും വ്യാപിച്ചിരുന്നു. വെഞ്ഞാറമൂട് അഗ്നിരക്ഷാ നിലയത്തിൽ നിന്നു അസി. സ്റ്റേഷൻ ഓഫിസർ ജയദേവന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ എത്തിയാണ് തീ കെടുത്തിയത്. കാറിന്റെ മുൻഭാഗം പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാണ് തീ പിടിക്കാൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
Also Read: കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ഗർഭിണിയടക്കം രണ്ട് പേർ മരിച്ചു
ഫെബ്രുവരി രണ്ടിനാണ് കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ച് ഗർഭിണിയും ഭർത്താവും വെന്തുമരിച്ചത്. കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് ഗർഭിണിയായ യുവതിയെ കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കാറിൽ ആറ് പേരുണ്ടായിരുന്നു. പ്രജിത്ത് ആണ് കാർ ഓടിച്ചിരുന്നത്. ഇയാൾക്കൊപ്പം മുൻസീറ്റിലാണ് റീഷ ഇരുന്നിരുന്നത്. മറ്റ് നാല് പേർ പുറകിലെ സീറ്റിലുമായിരുന്നു ഉണ്ടായിരുന്നത്. പുറകിൽ കുട്ടിയടക്കം നാല് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്നവർക്ക് രക്ഷപ്പെടാനായില്ല.
തീപിടിച്ച് അൽപ്പസമയത്തിനുളളിൽ പ്രജിത്ത് പുറകിലെ ഡോർ തുറന്നു കൊടുത്തതിനാൽ പിൻസീറ്റിലുണ്ടായിരുന്ന കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടു. എന്നാൽ മുൻ വശത്തെ ഡോർ ജാമായതിനാൽ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതൽ പടർന്ന് പിടിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...