ബജറ്റിൽ കേരളത്തിന്റെ റെയിൽവേ വികസനത്തിന് ആവശ്യമായ തുക അനുവദിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

നേമം യാർഡ് വികസനം, കൊച്ചുവേളി ടെർമിനൽ വികസനം തുടങ്ങിയ പ്രവൃത്തികൾ അതിവേഗം നടപ്പാക്കിയാൽ മാത്രമേ കേരളത്തിൽ റെയിൽവേ വികസനം സാധ്യമാകൂ.

Written by - Zee Malayalam News Desk | Last Updated : Jan 31, 2022, 10:09 PM IST
  • കന്യാകുമാരി- തിരുവനന്തപുരം, അമ്പലപ്പുഴ-എറണാകുളം, ഏറ്റുമാനൂർ- ചിങ്ങവനം പാതകളുടെ ഇരട്ടിപ്പിക്കൽ വേഗത്തിലാക്കണം
  • തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നടപടിയും വേഗത്തിലാക്കണം
  • തലശ്ശേരി- മൈസൂരു, നിലമ്പൂർ- നഞ്ചങ്കോട് പാതകൾക്കുള്ള സർവെ നടത്താൻ കർണാടക സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്
  • റെയിൽവേ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരവും ലഭിക്കണം, ഇക്കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകണം
ബജറ്റിൽ കേരളത്തിന്റെ റെയിൽവേ വികസനത്തിന് ആവശ്യമായ തുക അനുവദിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ

തിരുവനന്തപുരം: ബജറ്റിൽ കേരളത്തിലെ റെയിൽവേ വികസനത്തിന് ആവശ്യമായ തുക അനുവദിക്കണമെന്ന് മന്ത്രി വി അബ്ദുറഹിമാൻ. നേരത്തേ റെയിൽവേ ബജറ്റിൽ സംസ്ഥാനങ്ങൾക്ക് പ്രത്യേകം തുക അനുവദിക്കുമായിരുന്നു. എന്നാൽ, ഇപ്പോൾ ഓരോ മേഖലയ്ക്കുമാണ് തുക അനുവദിക്കുന്നത്. ദക്ഷിണ റെയിൽവേയ്ക്ക് അനുവദിക്കുന്ന തുക പരിഗണിക്കുമ്പോൾ ആ മേഖലയ്ക്ക് കീഴിലെ സംസ്ഥാനങ്ങൾക്ക് ലഭിക്കുന്ന തുക തീരെ കുറവാണ്. ഈ പോരായ്മ പരിഹരിക്കണമെന്നും മന്ത്രി പറഞ്ഞു.

നേമം യാർഡ് വികസനം, കൊച്ചുവേളി ടെർമിനൽ വികസനം തുടങ്ങിയ പ്രവൃത്തികൾ അതിവേഗം നടപ്പാക്കിയാൽ മാത്രമേ കേരളത്തിൽ റെയിൽവേ വികസനം സാധ്യമാകൂ. കന്യാകുമാരി- തിരുവനന്തപുരം, അമ്പലപ്പുഴ-എറണാകുളം, ഏറ്റുമാനൂർ- ചിങ്ങവനം പാതകളുടെ ഇരട്ടിപ്പിക്കൽ വേഗത്തിലാക്കണം. തിരുവനന്തപുരം, എറണാകുളം, ഷൊർണൂർ, കോഴിക്കോട് റെയിൽവേ സ്റ്റേഷനുകൾ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തുന്ന നടപടിയും വേഗത്തിലാക്കണം.

തലശ്ശേരി- മൈസൂരു, നിലമ്പൂർ- നഞ്ചങ്കോട് പാതകൾക്കുള്ള സർവെ നടത്താൻ കർണാടക സർക്കാരിന്റെ അനുമതി ലഭിക്കേണ്ടതുണ്ട്. റെയിൽവേ മന്ത്രാലയത്തിന്റെ തത്വത്തിലുള്ള അംഗീകാരവും ലഭിക്കണം. ഇക്കാര്യങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകണം. മരവിപ്പിച്ച അങ്കമാലി-ശബരി റെയിൽവേ പദ്ധതി പുനരുജ്ജീവിപ്പിക്കണം. പുതിയ എസ്റ്റിമേറ്റ് പ്രകാരം, കേരള റെയിൽ ഡെവലപ്മെന്റ് കോർപ്പറേഷൻ മുഖേന പദ്ധതി നടപ്പാക്കാനുള്ള അനുമതിയും ആവശ്യമായ തുകയും ലഭ്യമാക്കണമെന്നും വി അബ്ദു റഹിമാൻ ആവശ്യപ്പെട്ടു.

Trending News