തിരുവനന്തപുരം: കേരളത്തിൽ കോവിഡ് വാക്സിൻ സൗജന്യമായി നൽകുന്ന സംസ്ഥാന സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ യുഡിഎഫും ബിജെപിയും. തെരഞ്ഞെടുപ്പ് ചട്ടലംഘനം ആരോപിച്ച് യുഡിഎഫ് എത്തിയപ്പോൾ, കേന്ദ്ര സർക്കാരിന്റെ പദ്ധതികളുടെ ക്രെഡിറ്റ് മുഖ്യമന്ത്രി തട്ടിയെടുക്കുകയാണെന്നാണ് ബിജെപിയുടെ പ്രതികരണം. യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതിയും നൽകി.
വാക്സിൻ (COVID Vaccine) സംസ്ഥാനങ്ങൾക്ക് എത്രത്തോളം നൽകണമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു തുടങ്ങുന്നതിന് മുമ്പെയുള്ള മുഖമന്ത്രിയുടെ വാക്സിൻ സൗജന്യ പ്രഖ്യാപനം തെരഞ്ഞെടുപ്പ് ചട്ടലംഘനമാണന്ന് യുഡിഎഫ് കൺവീനർ എം.എം.ഹസൻ (MM Hasan) അരോപിച്ചു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ബാക്കി നാല് ജില്ലകളിലെ വോട്ടർമാരെ സ്വാധീനിക്കുവാൻ വേണ്ടിയാണ് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം സൗജന്യ വാക്സിൻ പ്രഖ്യാപനം നടത്തിയതെന്ന് ഹസൻ പറഞ്ഞു. ഇതിനെതിരെ യുഡിഎഫ് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ പരാതി നൽകി. കോൺഗ്രസിനായി കെ.സി.ജോസഫ് എംഎൽഎയാണ് പരാതി നൽകിയത്.
Also Read: COVID Vaccine കേരളത്തിൽ സൗജന്യമായി നൽകും: മുഖ്യമന്ത്രി
അതേസമയം മുഖ്യമന്ത്രി പിണറായി വിജയൻ (Pinarayi Vijayan) കേന്ദ്ര സർക്കാരിന്റെ പദ്ധതികളുടെ ക്രെഡിറ്റ് തട്ടിയെടുക്കുന്ന എട്ടുകാലി മമ്മൂഞ്ഞാണെന്ന് രൂക്ഷമായി വിമർശിക്കുകയായിരുന്നു ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ (K Surendran). സൗജന്യമായി വാക്സിൻ നൽകുന്നുയെന്ന് പറയാൻ മുഖ്യമന്ത്രിക്ക് നാണമില്ലേയെന്നും, എല്ലാവർക്കും വാക്സിൻ സൗജന്യമായി കേന്ദ്രം നേരത്തെ അറിയിച്ചതാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു. എന്നിട്ടും മുഖ്യമന്ത്രി എട്ടുകാലി മമ്മൂഞ്ഞിനെ പോലെ മോദി സർക്കാരിന്റെ പദ്ധതികളുടെ ക്രെഡിറ്റ് തട്ടിയെടുക്കകയാണെന്ന് സുരന്ദ്രൻ തുറന്നടിച്ചു.
എന്നാൽ വാക്സിൻ പ്രഖ്യാപനം സർക്കാരിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാഗമാണ് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവൻ (A Vijayaraghavan) പറഞ്ഞു. കോവിഡ് വിലയിരുത്തലുമായി ബന്ധപ്പെട്ട വാർത്തസമ്മേളനത്തിൽ വാക്സിൻ സംബന്ധിച്ചുള്ള കാര്യങ്ങൾ പറയുന്നത് സ്വഭാവികമാണെന്നും വിജയരാഘവൻ അറിയിച്ചു.
Also Read: Sabarimala: ആശങ്ക പടര്‍ത്തി COVID, പരിശോധന കര്‍ശനമാക്കി
കഴിഞ്ഞ ദിവസമാണ് സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ വിലയുരുത്തിയതിന് ശേഷമുള്ള വാർത്തസമ്മേളനത്തിലാണ് മുഖ്യമന്ത്രി വാക്സിൻ സൗജന്യമായി കേരളത്തിൽ നൽകുമെന്ന് പ്രഖ്യാപിച്ചത്. വാക്സിൻ സ്വീകരിക്കുന്ന് ആരുടെയും പക്കൽ നിന്നും പണം ഈടാക്കില്ലെന്നാണ് മുഖ്യമന്ത്രി അറിയിച്ചത്. കൂടാതെ എത്രത്തോളം വാക്സിൻ കേന്ദ്രത്തിൽ ലഭിക്കുമെന്ന് വ്യക്തമല്ലെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.