സ്വാതന്ത്ര്യ സമരത്തിന്റെ രണ്ടാം പതിപ്പാണ് ഭാരത് ജോഡോ യാത്രയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ഭാരത് ജോഡോ യാത്രയുടെ ഇന്നലത്തെ ആലുവയിൽ സമാപിച്ചപ്പോൾ സമാപന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറുപ്പും വിദ്വേഷവും ഇല്ലാത്ത ഐക്യവും അഖണ്ഡതയുമുളള ഒറ്റ രാജ്യത്തിനുവേണ്ടിയാണ് ഈ പദയാത്ര.
കോൺഗ്രസ് എന്ന വികാരമാണ് ഇന്ത്യയിലെ ജനകോടികളെ ഒരുമിച്ച് നിർത്തിയത്. കോൺഗ്രസ് ഭാരതത്തിൽ തിരികെ വരുമെന്നതിന്റെ തെളിവാണ് ഭാരത് ജോഡോ യാത്ര. വ്യവസായം ഇല്ലാത്ത നാട്ടിൽ വ്യവസായവും വിദ്യാഭ്യാസം ഇല്ലാതിരുന്ന നാട്ടിൽ വിദ്യാഭ്യാസവും ഉണ്ടാക്കിയത് കോൺഗ്രസാണ്. ഇന്ന് കാണുന്ന വികസന പ്രവർത്തനങ്ങൾ ഒക്കെ യും കോൺഗ്രസ് സൃഷ്ടിച്ചതാണ്.
കോൺഗ്രസ് ഉണ്ടാക്കിയത് മുഴുവനും വിറ്റ് തുലയ്ക്കുന്ന ഒരു സർക്കാരാണ് കേന്ദ്രത്തിൽ അധികാരത്തിലുള്ളത്. കോൺഗ്രസ് കെട്ടിപ്പടുത്ത പൊതുമേഖലാ സ്ഥാപനങ്ങൾ പച്ചക്കറി വിൽക്കുന്ന ലാഘവത്തോടെയാണ് കേന്ദ്രസർക്കാർ വിൽക്കുന്നത്. പൊതുമേഖലാ സ്ഥാപനങ്ങൾ ഒന്നിനുപുറകെ ഒന്നായി കിട്ടിയ വിലയ്ക്ക് വിൽക്കുന്നു. ബിജെപി ഉണ്ടാക്കിയ ഒരു വ്യവസായവും ഇവിടെയില്ല.
വല്ലപ്പോഴും മാത്രം പാർലമെന്റിലേക്ക് കടന്നുവരുന്ന ഒരു സന്ദർശകനായി നരേന്ദ്രമോദി മാറി. മന്ത്രിമാരും പാർലമെന്റിലേക്ക് വല്ലപ്പോഴുമാണ് വരുന്നത്. ചർച്ചകൾ പോലും നടക്കുന്നില്ല. നാടിന്റെ അസ്തിത്വത്തോട് കൂറില്ലാത്ത ഒരു സർക്കാരാണ് ബിജെപി സർക്കാരെന്ന് എല്ലാവരും മനസ്സിലാക്കണമെന്നും കെ സുധാകരൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...