പാർട്ടി കോൺഗ്രസ് തുടങ്ങും മുമ്പ് യെച്ചൂരി പിണറായിയെ തള്ളി പറഞ്ഞു; ആരോപണവുമായി കെ.സുരേന്ദ്രൻ

 ബിജെപിക്ക് ബദലുണ്ടാക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പാർട്ടി കോൺഗ്രസ് നടത്തിയാൽ കേരളത്തിലെ ജനങ്ങൾ പുച്ഛിക്കും

Written by - Zee Malayalam News Desk | Last Updated : Apr 1, 2022, 09:45 PM IST
  • ഇടതുസർക്കാർ കേരളത്തിൽ മദ്യശാലകൾ വ്യാപകമാക്കുകയാണ്
  • മദ്യവർജനം നടപ്പിലാക്കാൻ ശ്രമിക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ല
  • മുതലാളിമാരിൽ നിന്നും പണം പിരിക്കാൻ വേണ്ടിയാണ് സർക്കാരിൻ്റെ പുതിയ മദ്യനയം
പാർട്ടി കോൺഗ്രസ് തുടങ്ങും മുമ്പ് യെച്ചൂരി പിണറായിയെ തള്ളി പറഞ്ഞു; ആരോപണവുമായി കെ.സുരേന്ദ്രൻ

കോഴിക്കോട്: ബിജെപി ഇതര മുഖ്യമന്ത്രിമാരിൽ ഏറ്റവും മികച്ച ഭരണാധികാരി തമിഴ്നാട് മുഖ്യമന്ത്രിയാണെന്ന സീതാറാം യെച്ചൂരിയുടെ പ്രസ്താവനയിൽ വിമർശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പാർട്ടി കോൺഗ്രസ് തുടങ്ങും മുൻപ് തന്നെ ദേശീയ നേതൃത്വം പിണറായി വിജയനെ തള്ളിപ്പറഞ്ഞു. ബിജെപിക്കെതിരെ ബദൽ ഉണ്ടാക്കുമെന്ന് സിപിഎം പറയുന്നത് മലർപ്പൊടിക്കാരൻ്റെ സ്വപ്നം മാത്രമാണെന്നും സുരേന്ദ്രൻ വിമർശിച്ചു.

മൂന്ന് സീറ്റുള്ള സിപിഎം 303 സീറ്റുള്ള ബിജെപിക്ക് ബദലുണ്ടാക്കാൻ കോടിക്കണക്കിന് രൂപ ചെലവഴിച്ച് പാർട്ടി കോൺഗ്രസ് നടത്തിയാൽ കേരളത്തിലെ ജനങ്ങൾ പുച്ഛിക്കും. കോൺഗ്രസിനെ വീണ്ടും അധികാരത്തിലെത്തിക്കുകയാണ് കണ്ണൂർ പാർട്ടി കോൺഗ്രസിൻ്റെ ലക്ഷ്യമെന്നാണ് യെച്ചൂരി പരോക്ഷമായി പറയുന്നത്. അസമിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് എംഎൽഎമാർ പോലും ബിജെപിക്കാണ് വോട്ട് ചെയ്തത്. അത് ജനങ്ങൾ മറക്കില്ല. - സുരേന്ദ്രൻ പറഞ്ഞു.

കോൺഗ്രസുകാർക്ക് പോലും വിശ്വാസമില്ലാത്ത പാർട്ടിയായി സിപിഎം മാറുകയാണ്. നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് ഫലം 2024 പൊതുതിരഞ്ഞെടുപ്പിൻ്റെ ട്രെയിലറാണ്. കോൺഗ്രസും ജിഹാദി ഗ്രൂപ്പും സിപിഎമ്മും അടങ്ങുന്ന അവിശുദ്ധ സഖ്യത്തിനുള്ള വഴിയൊരുക്കുകയാണ് കണ്ണൂർ പാർട്ടി കോൺഗ്രസിൻ്റെ ലക്ഷ്യമെന്നും സുരേന്ദ്രൻ വിമർശിച്ചു.

മദ്യമുതലാളിമാരിൽ നിന്നും പണം പിരിക്കാൻ വേണ്ടിയാണ് സർക്കാരിൻ്റെ പുതിയ മദ്യനയം.  കെ-റെയിൽ പ്രകടനപത്രികയിൽ പറഞ്ഞതാണെന്നും അത് നടപ്പിലാക്കുമെന്നും പറയുന്ന സർക്കാർ  പ്രകടനപത്രികയിലുള്ള മദ്യവർജനം നടപ്പിലാക്കാൻ ശ്രമിക്കാത്തത് എന്താണെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സ്കൂളുകൾ തുറക്കുമെന്നും ബാറുകൾ പൂട്ടുമെന്നും പറഞ്ഞ് അധികാരത്തിൽ വന്ന ഇടതുസർക്കാർ കേരളത്തിൽ മദ്യശാലകൾ വ്യാപകമാക്കുകയാണ്. ഇതാണോ സർക്കാർ നയമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും സുരേന്ദ്രൻ പറഞ്ഞു

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News