തിരുവനന്തപുരം: വിതുര ആനപ്പാറയിൽ കരടിയുടെ ആക്രമണത്തിൽ ആദിവാസി വയോധികന് ഗുരുതര പരിക്ക്. ആനപാറ, തെക്കുംകര പുത്തൻ വീട്ടിൽ ശിവദാസൻ കാണിയെയാണ് കരടി ആക്രമിച്ചത്. രാവിലെ 6.30 ഓടെ വീടിന് സമീപത്തായിരുന്നു സംഭവം.
കരടിയെ കണ്ട ശിവദാസൻ അടയ്ക്കാമരത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. പിന്നാലെ മരത്തിൽ കയറിയാണ് കരടി ശിവദാസനെ ആക്രമിച്ചത്. തുടർന്ന് ശിവദാസൻ നിലവിളിച്ചതോടെ നാട്ടുകാർ എത്തി കരടിയെ ഓടിച്ചു വിടുകയായിരുന്നു. ശനിയാഴ്ച്ച ജോലിക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ ശിവദാസൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
മണലിയിലെ ജനവാസ മേഖലയിൽ വെച്ചാണ് കരടി ശിവദാസനെ ആക്രമിച്ചത്. ശിവദാസന്റെ ഇടത് കാലിലാണ് കരടി കടിച്ചത്. സംഭവം നടന്ന മേഖലയുടെ ഒരു ഭാഗത്ത് പൂർണ്ണമായും കാടാണ്.
കണ്ണൂരിൽ വീണ്ടും തെരുവ് നായകളുടെ ആക്രമണം; യുവതി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കണ്ണൂരിൽ വീണ്ടും തെരുവ് നായ അക്രമം. പിലാത്തറയിലാണ് യുവതിക്ക് നേരെ തെരുവ് നായകളുടെ ആക്രമണം ഉണ്ടായത്. ചെറുതാഴം പഞ്ചായത്ത് അഞ്ചാം വാർഡ് ആശാവർക്കർ കെ.പി. രാധാമണിക്ക് നേരെയാണ് തെരുവ് നായ്ക്കളുടെ ആക്രമണം ഉണ്ടായത്.
ഉച്ചയ്ക്ക് 2.30 ഓടെ പിലാത്തറ ടൗണിലെ ഒരു വീട്ടിൽ ക്ലോറിനേഷൻ ചെയ്യാൻ പോയ സമയത്താണ് വീടിന് സമീപമുണ്ടായിരുന്ന തെരുവ് നായ്ക്കൾ കൂട്ടത്തോടെ വന്ന് രാധാമണിയെ ആക്രമിക്കാൻ ശ്രമിച്ചത്. നായ്ക്കൾ കൂട്ടത്തോടെ വന്ന് രാധാമണിയെ കടിക്കാൻ ശ്രമിച്ചെങ്കിലും സാരിക്കാണ് കടിയേറ്റത്. തുടർന്ന് രാധാമണി ബഹളം വെക്കുകയും കയ്യിലുണ്ടായിരുന്ന ബാഗ് കൊണ്ട് നായ്ക്കളെ പ്രതിരോധിക്കുകയും ചെയ്തു.
തലനാരിഴയ്ക്കാണ് രാധാമണി കൂടുതൽ കടിയേൽക്കാതെ രക്ഷപെട്ടത്. മൂന്നു വർഷം മുമ്പ് രാധാമണിയ്ക്ക് പിലാത്തറ ഭാഗത്ത് നിന്ന് തെരുവ് നായയുടെ കടിയേറ്റിരുന്നു. പിലാത്തറ ടൗണിലും പരിസരങ്ങളിലും തെരുവ് നായ്ക്കളുടെ എണ്ണം വർദ്ധിച്ചിരിക്കുകയാണ്. കഴിഞ്ഞ ഏതാനും ദിവസങ്ങൾക്ക് മുമ്പും പിലാത്തറയിൽ തെരുവ് നായയുടെ ആക്രമണം ഉണ്ടായിരുന്നു. തെരുവ് നായ പ്രശ്നത്തിന് പരിഹാരം കണ്ടെത്താൻ ബന്ധപ്പെട്ട അധികൃതർ ഇടപെടണമെന്നാണ് ജനങ്ങളാണ് ആവശ്യം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...