Attukal pongala 2022| പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം; എല്ലാ വഴികളും ആറ്റുകാലിലേക്ക്; ക്ഷേത്രത്തിൽ ഭക്തജനപ്രവാഹം; സുരക്ഷയ്ക്ക് 1200 ലേറെ പൊലീസുകാർ

ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്

Written by - Zee Malayalam News Desk | Last Updated : Feb 16, 2022, 04:57 PM IST
  • നഗരാതിർത്തിയിലെ ഇരുപത്തിയഞ്ചോളം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഭക്തർ പൊങ്കാല ഇടും
  • പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ല
  • കർശനമായ കോവിഡ് നിയന്ത്രണങ്ങൾക്കിടയിലായിരിക്കും ചടങ്ങുകൾ
Attukal pongala 2022| പൊങ്കാലയ്ക്ക് ഒരുങ്ങി തലസ്ഥാനം; എല്ലാ വഴികളും ആറ്റുകാലിലേക്ക്; ക്ഷേത്രത്തിൽ ഭക്തജനപ്രവാഹം; സുരക്ഷയ്ക്ക് 1200 ലേറെ പൊലീസുകാർ

തിരുവനന്തപുരം: ഭക്തരെ വരവേൽക്കാനും വീട്ടുമുറ്റത്ത് പൊങ്കാലയ്ക്കുള്ള തയ്യാറെടുപ്പിനുമായി അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രം. പോയകാലത്തെ അനുസ്മരിപ്പിക്കുന്ന വിധം വൻതോതിലില്ലെങ്കിലും വിറകും കൊതുമ്പും ചുടുകട്ടയും മൺകലങ്ങളും വഴിയരികിൽ വിൽപ്പനക്കെത്തിയിട്ടുണ്ട്.

പൊങ്കാലയിടാൻ ആവശ്യമായ സാധനങ്ങൾ വാങ്ങുന്നതിൻ്റെ തിരക്കിലാണ് അനന്തപുരി. പൊങ്കാലയിടുന്ന തലസ്ഥാന നിവാസികളെ മാത്രം ഉദ്ദേശിച്ചുള്ള വിൽപന ആയതിനാൽ സാധനങ്ങൾ വിൽക്കുന്നയിടങ്ങളിൽ അളവിലും ഇക്കുറി കുറവുണ്ട്. പൊങ്കാലയ്ക്ക് മണിക്കൂറുകൾ മാത്രം ശേഷിക്കേ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കും അനുഭവപ്പെടുന്നുണ്ട്.

attukal

'അമ്മേ ശരണം ദേവി ശരണം ആറ്റുകാലമ്മേ ശരണമെന്നുള്ള '  ശരണമന്ത്രങ്ങളുമായി ആറ്റുകാൽ ക്ഷേത്രപരിസരം ഭക്ത ലഹരിയിലാണ്. എങ്ങും ദേവി സ്തുതികൾ മാത്രമാണ്. ചരിത്ര പ്രസിദ്ധമായ ആറ്റുകാൽ പൊങ്കാലയ്ക്ക് ഇനി മണിക്കൂറുകൾ മാത്രമാണ് ബാക്കിയുള്ളത്. അവസാനവട്ട എല്ലാ ഒരുക്കങ്ങളും തയ്യാറെടുപ്പുകളും ക്ഷേത്രത്തിൽ പൂർത്തിയായിക്കഴിഞ്ഞു. നാളെ രാവിലെ 10 :50 ന് പണ്ടാര അടുപ്പിൽ തീ തെളിക്കും. ഉച്ചയ്ക്ക് 1:20 നാണ് പൊങ്കാല നിവേദ്യം. മനസ്സിൽ മഹാമായയുടെ അഭയമന്ത്രം ഉരുക്കഴിച്ച് തലസ്ഥാനത്തെ വിശ്വാസികൾ പൊങ്കാലയിടാൻ അക്ഷരാർത്ഥത്തിൽ തയ്യാറെടുത്തു കഴിഞ്ഞിരിക്കുകയാണ്.

പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തിൽ നിന്നും പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടില്ല. ഇക്കുറി ദേവീദാസന്മാരായ ബാലൻമാർക്കായി കുത്തിയോട്ടം ഉണ്ടാകില്ല. കൊവിഡ് വ്യാപനം കണക്കിലെടുത്ത് പണ്ടാര ഓട്ടം മാത്രമായി പരിമിതപെടുത്തിയിട്ടുണ്ട്. ദേവി പുറത്ത് എഴുന്നെള്ളുന്ന സമയത്ത് പറയെടുപ്പ്, പുഷ്പാഭിഷേകം എന്നിവ ഉണ്ടായിരിക്കില്ലെന്നും ആറ്റുകാൽ ഭഗവതി ക്ഷേത്രം ട്രസ്റ്റ് അറിയിച്ചിട്ടുണ്ട്.

അതേസമയം, വിവിധ സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ കവലകളും ദീപാലംകൃതമായി. തമ്പാനൂർ മുതൽ നഗരത്തിലെ പ്രധാന റോഡുകളിലെല്ലാം ആറ്റുകാലമ്മയുടെ വർണ്ണചിത്രം പൂജിച്ച് തട്ട നിവേദ്യങ്ങൾ ഒരുക്കി അലങ്കരിച്ച പ്രത്യേക പൂജകളും നടത്തുന്നുണ്ട്. വിളക്കും പൂക്കളും അർപ്പിച്ചാണ് ഇവിടെ ആരാധന നടക്കുന്നത്. വ്യാഴാഴ്ച പൊങ്കാലയ്ക്ക് ശേഷം പീഠങ്ങൾ ഇളക്കും.

attukaltempp

വർണ്ണ കടലാസുകളും തുണിയും ഉപയോഗിച്ച് ക്ഷേത്ര മാതൃകയിലാണ് എല്ലായിടത്തും പൂജ പീഠങ്ങൾ ഒരുക്കുന്നത്. ഇവയിൽ വർണ്ണ വിളക്കുകൾ പ്രഭ ചൊരിയും. ഉച്ചഭാഷിണികളിലൂടെ ദേവിസ്തുതികൾ ഉയരും. ഇത്തരം പൂജ പീഠങ്ങൾ കേന്ദ്രീകരിച്ചാണ് ഭക്തസംഘടനകൾ മുൻപ് പൊങ്കാലയുടെ ആഘോഷവും അനുബന്ധ ക്രമീകരണങ്ങളും നടത്തിയിരുന്നത്. 

പോയ കാലത്തെ ഓർമ്മ പുതുക്കൽ പോലെ വിവിധ  റസിഡൻസ് അസോസിയേഷനുകളും ഭക്തസംഘടനകളും എല്ലായിടത്തും പൊങ്കാലയുടെ വിളംബരം ഒരുക്കിയിട്ടുണ്ട്. നഗരാതിർത്തിയിലെ ഇരുപത്തിയഞ്ചോളം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഭക്തർ പൊങ്കാല ഇടുമെന്നാണ് നഗരസഭാ പ്രതീക്ഷിക്കുന്നത്. 1200 ലേറെ പൊലീസ് സേനയെ വിവിധ സ്ഥലങ്ങളിൽ സുരക്ഷാ ജോലികൾക്കും മറ്റു നിയന്ത്രണത്തിങ്ങൾക്കുമായി വിന്യസിക്കും.

 attukalnew

ക്ഷേത്രപരിസരത്ത് നഗരസഭ, വാട്ടർ അതോറിറ്റി, പോലീസ്, ആരോഗ്യവകുപ്പ്, അഗ്നിശമന സേന തുടങ്ങിയ വിവിധ വകുപ്പുകളുടെ ഒരുമിച്ചുള്ള പ്രവർത്തനമാണ് നടക്കുന്നത്. ക്ഷേത്രം ട്രസ്റ്റും പൊങ്കാലയ്ക്ക് ഭക്തർക്ക് ദർശനത്തിനുള്ള തയ്യാറെടുപ്പുകളും പൂർത്തിയാക്കിയിട്ടുണ്ട്. മന്ത്രിമാർ, ജില്ലാ കളക്ടർ, മേയർ, എംഎൽഎമാർ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങി ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഉൾപ്പെടെ ക്ഷേത്രത്തിലെത്തി ക്രമീകരണങ്ങൾ  വിലയിരുത്തുന്നുണ്ട്.

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News