ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നേരെയുണ്ടായ കയ്യേറ്റത്തിൽ മുഖ്യമന്ത്രി മാപ്പ് പറയണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കാര്യങ്ങൾ സർക്കാരിനോട് വ്യക്തമാക്കിയിട്ടും വിഷയത്തിൽ ഇതുവരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല. സംഭവത്തിൽ കേസ് വെണ്ടെന്ന് വെച്ചത് മുഖ്യമന്ത്രിയുടെ നിർദേശപ്രകാരമാണ്. ഗവർണർക്ക് ലഭിക്കാത്ത നീതി സാധാരണക്കാർക്കും ലഭിക്കില്ലെന്ന് കെ സുരേന്ദ്രൻ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും ഗവര്‍ണര്‍ രംഗത്തെത്തി. കണ്ണൂര്‍ സര്‍വകലാശാല ചരിത്ര കോണ്‍ഗ്രസിനിടെ നടന്ന സംഭവത്തില്‍ പോലീസ് സ്വമേയധാ കേസെടുക്കാത്തതിന് കാരണം ആഭ്യന്തര വകുപ്പും മുഖ്യമന്ത്രി പിണറായി വിജയനും ആണെന്നാണ് ഗവര്‍ണറുടെ ആരോപണം. തന്നെ നിശബ്ദമാക്കാനാണ് ശ്രമിക്കുന്നതെങ്കില്‍ അത് നടക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സിപിഐഎമ്മിനോട് തനിക്ക് സഹതാപമാണെന്നും ഒരു ഗവര്‍ണര്‍ക്കെതിരെയോ രാഷ്ട്രപതിക്കെതിരെയോ ആക്രമണമുണ്ടായാല്‍ റിപ്പോര്‍ട്ടിംഗ് ഇല്ലാതെ കേസെടുക്കാമെന്നും പറഞ്ഞ ഗവർണർ നിയമത്തിന്റെ എബിസി അറിയാത്തവരാണോ കേരളം ഭരിക്കുന്നതെന്നും ചോദിച്ചു.
Also Read: ചർച്ചയിൽ സിൽവർ ലൈനില്ല; പിണറായി-ബസവരാജ് ബൊമ്മൈ കൂടിക്കാഴ്ച അവസാനിച്ചു
ഗവർണർ ഇന്ന് രാജ്ഭവനിൽ മടങ്ങിയെത്തും; ആരോപണങ്ങളിൽ കൂടുതൽ തെളിവുകൾ പുറത്ത് വിടാൻ സാധ്യത
സർക്കാരുമായുള്ള പോര് മുറുകവെ ഗവർണർ ഇന്ന് തലസ്ഥാനത്ത് രാജ്ഭവനിൽ തിരിച്ചെത്തും. കണ്ണൂർ സർവ്വകലാശാലയിലെ ചരിത്ര ഗവേഷണ കൗൺസിലിനിടെ വധിക്കാൻ ശ്രമിച്ച എന്ന ആരോപണത്തിൽ കൂടുതൽ തെളിവുകൾ ഗവർണർ പുറത്തുവിടാൻ സാധ്യതയുണ്ട്. സർവ്വകലാശാലയിലെ നിയമനങ്ങളിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടാകില്ലെന്ന് ഉറപ്പു നൽകുന്ന മുഖ്യമന്ത്രിയുടെ കത്തും ഗവർണർ പുറത്തുവിട്ടേക്കും. സർവ്വകലാശാല ലോകായുക്ത ഭേദഗതി ബില്ലുകളിൽ ഒപ്പിടില്ലെന്ന് ഗവർണർ നേരത്തെ വ്യക്തമാക്കിയിരുന്നു.
ബില്ല് ഒപ്പിട്ടില്ലെങ്കിൽ ഏതറ്റം വരെയും പോകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരിക്കവെയാണ് ഗവർണർ തലസ്ഥാനത്ത് തിരിച്ചെത്തുന്നത്. അതേസമയം ആര്‍ എസ് എസ് മേധാവി മോഹൻ ഭഗവതുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു. ശനിയാഴ്ച രാത്രി എട്ട് മണിയോടെ തൃശൂർ ആനക്കല്ല് അവണിശ്ശേരിയിലെ ആർ എസ് എസ് നേതാവ് മണികണ്ഠന്‍റെ വീട്ടിൽ വച്ചായിരുന്നു മോഹൻ ഭഗവതുമായി ഗവർണർ കൂടിക്കാഴ്ച നടത്തിയത്. രണ്ടു ദിവസമായി മോഹൻ ഭാഗവത് തൃശൂരിലുണ്ടായിരുന്നു.
ഗവർണറും ആർ എസ് എസ് മേധാവിയുമായുള്ള കൂടിക്കാഴ്ച അരമണിക്കൂറോളം നീണ്ടുനിന്നിരുന്നു എന്നാണ് റിപ്പോർട്ട്. കേരള സർക്കാരും ഗവർണറുമായുള്ള തുറന്ന പോരിലേക്കെത്തിയ സവിശേഷ രാഷ്ട്രീയ സാഹചര്യത്തിലാണ് ആര്‍ എസ് എസ് മേധാവിയുമായുള്ള കൂടിക്കാഴ്ച എന്നതും ശ്രദ്ധേയമാണ്. അതേസമയം മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്കടക്കം ഇന്നലെ ഗവർണർ കൊച്ചിയിൽ പരസ്യമായി മറുപടി പറഞ്ഞിരുന്നു. പ്രിയ വർഗീസിന്റ നിയമനത്തെ പിന്തുണച്ചതും ഗവർണർ സ്ഥാനങ്ങൾ ആഗ്രഹിച്ചു എന്നതുമടക്കമുള്ള മുഖ്യമന്ത്രിയുടെ പരാമര്‍ശങ്ങളിൽ ഗവർണർ കടുത്ത അതൃപ്‌തിയാണ് രേഖപ്പെടുത്തിയിരുന്നത്.
ഗവർണറുടെ വിമർശനങ്ങൾക്ക് കടുത്ത ഭാഷയിൽ മറുപടിയുമായി സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്ററടക്കമുള്ള നേതാക്കളും രംഗത്തെത്തി. ഗവർണറുടെ ഭാഗത്ത് നിന്ന് പദവിക്ക് നിരക്കാത്ത സമീപനം ഉണ്ടാകുന്നെന്നാണ് എം വി ഗോവിന്ദന്‍റെ വിമര്‍ശനം.കണ്ണൂർ സർവകലാശാലയിൽ ഗവർണർക്കെതിരെ വധശ്രമം ഉണ്ടായെന്ന ആരോപണമടക്കം എം വി ഗോവിന്ദൻ തള്ളിക്കളഞ്ഞിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...