കാസർഗോഡ്: അഞ്ജുശ്രീ പാർവതിയുടെ മരണം എലിവിഷം ഉള്ളിൽച്ചെന്നാണെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ സൂചന. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്നും മറ്റ് വിഷാംശം ഉള്ളിൽച്ചെന്നാണെന്നും പരിയാരം മെഡിക്കൽ കോളേജിൽ വിദ്യാർഥിനിയുടെ പോസ്റ്റുമോർട്ടം നടത്തിയ സർജൻ പോലീസിനെ അറിയിച്ചിരുന്നു. ശരീരത്തിൽ വിഷാംശം കണ്ടെത്തിയിട്ടുണ്ട്. വിഷാംശം കരളിനെ ബാധിച്ചതിനെത്തുടർന്നാണ് മരണം സംഭവിച്ചതെന്ന് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
പേസ്റ്റ് രൂപത്തിലുള്ള എലിവിഷം ഉള്ളിൽച്ചെന്നതായാണ് സൂചന. പോലീസ് നടത്തിയ പരിശോധനയിലും ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള കാര്യങ്ങളാണ് കണ്ടെത്തിയത്. എലിവിഷത്തെ കുറിച്ച് മൊബൈലിൽ സെർച്ച് ചെയ്തതിന്റെ വിവരങ്ങൾ പോലീസിന് ലഭിച്ചിട്ടുണ്ട്. ഒരു കുറിപ്പും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധന റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഇക്കാര്യങ്ങളിൽ വ്യക്തത ലഭിക്കുകയും ഔദ്യോഗികമായി സ്ഥിരീകരിക്കുകയും ചെയ്യുകയുള്ളൂ.
ഹോട്ടലിൽ നിന്ന് ഭക്ഷണം ഓർഡർ ചെയ്ത് കഴിച്ചതിനെ തുടർന്ന് ഭക്ഷ്യവിഷബാധയേറ്റാണ് അഞ്ജുശ്രീ മരിച്ചതെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഹോട്ടൽ ഉടമയെയും രണ്ട് ജീവനക്കാരെയും പോലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യ വിഷബാധയേറ്റല്ലെന്ന് തിരിച്ചറിഞ്ഞതോടെ ഇവരെ വിട്ടയച്ചു. ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവിഭാഗവും ഹോട്ടൽ അടപ്പിച്ച് ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്തിരുന്നു. മഞ്ചേശ്വരം ഗോവിന്ദ പൈ ഗവൺമെന്റ് കോളജിൽ രണ്ടാം വർഷ ബി.കോം വിദ്യാർഥിനിയായിരുന്നു അഞ്ജുശ്രീ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...