മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ ആരോപണ വിധേയായ പ്രവാസി വനിത അനിത പുല്ലയിൽ ലോക കേരള സഭയിൽ പങ്കെടുത്തതിനെചെല്ലിയുള്ള വിവാദത്തിൽ പ്രതികരണവുമായി നോർക്ക രംഗത്ത് എത്തി.അനിതാ പുല്ലയിലിനെ ലോക കേരള സഭയിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് നോർക്ക് വൈസ് ചെയർമാൻ പി.ശ്രീരാമകൃഷ്ണൻ പറഞ്ഞു. നോർക്കയുടെ 351 പേരുടെ ഡലിഗേറ്റ് പട്ടികയിൽ അനിത പുല്ലയിൽ ഇല്ലായിരുന്നു.ഓപ്പൺ ഫോറത്തിലെ പാസ് ഉപയോഗിച്ചാകാം അകത്ത് കടന്നതെന്നും ഇക്കാര്യത്തിൽ നോർക്ക അന്വേഷണം നടത്തില്ലെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം ലോകകേരള സഭയിൽ നിന്ന് തന്നെ ആരും പുറത്താക്കിയിട്ടില്ലെന്ന് അനിത പുല്ലയിൽ പ്രതികരിച്ചു.ഓപ്പൺ ഫോറത്തിലാണ് പങ്കെടുത്തത്.അതിൽ ആർക്കും പങ്കെടുക്കാമെന്നും അവർ പറഞ്ഞു. പ്രചരിക്കുന്ന ദൃശ്യങ്ങൾ പരിപാടി കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ എടുത്തതാണെന്നും അനിത പുല്ലയിൽ വിശദീകരിച്ചു. ശക്തമായ സുരക്ഷാ പരിശോധന മറികടന്ന് ലോകകേരള സഭാസമ്മേളനം നടന്ന നിയമസഭ മന്ദിരത്തിൽ അനിത പുല്ലയിൽ എങ്ങനെ എത്തിയെന്നത് ഇപ്പോഴും ദുരൂഹമായി തുടരുകയാണ്.
പ്രവാസികളായ ഡെലിഗേറ്റുകൾ,സഭാംഗങ്ങൾ, മാധ്യമ പ്രവർത്തകർ,പ്രത്യേക ക്ഷണിതാക്കൾ, സംഘാടകർ എന്നിവർക്ക് മാത്രമായിരുന്നു സഭാകവാടത്തിനുള്ളിൽ പ്രവേശനം ഉണ്ടായിരുന്നത്.സഭാമന്ദിരത്തിന് പുറത്ത് ഓപ്പൺ ഫോറത്തിനായി തയ്യാറാക്കിയ വേദിയിലെത്തിലെത്തിയ വിദ്യാർത്ഥികൾക്ക് പോലും പാസ് നിർബന്ധമാക്കിയിരുന്നു.എന്നിട്ടും പാസ് പോലും ധരിക്കാതെ അനിത പുല്ലയിൽ എങ്ങനെ അകത്ത് കടന്നു എന്നതിന് കൃത്യമായ മറുപടി പറയാൻ കഴിയാത്ത അവസ്ഥയിലാണ് സംഘാടകർ.സമ്മേളനത്തിന്റെ ആദ്യ ദിവസവും സമാപന ദിവസവും അനിത പുല്ലയിൽ സഭയിൽ എത്തിയിരുന്നു.പല വ്യവസായ പ്രമുഖൻമാരോടൊപ്പവും അവർ ഫോട്ടോ എടുക്കുകയും ചെയ്തു.
അനിത പുല്ലയിലിന്റ സാനിധ്യം മാധ്യമങ്ങളുടെ ശ്രദ്ധയിൽപ്പെട്ടതോടെ അവർ രണ്ടര മണിക്കൂറോളം സഭ ടിവി ഓഫീസിൽ അഭയം തേടിയിരുന്നു.അതുകൊണ്ട് തന്നെ സഭാ ടിവി ഉദ്യാഗസ്ഥരുടെ സഹായം അനിത പുല്ലയിലിന് ലഭിച്ചിരുന്നോ എന്നും സംശിക്കുന്നുണ്ട്.ഡെലിഗേറ്റുകളുടെ ഒപ്പം എത്തിയ ചിലരെ അവരുടെ ആവശ്യപ്രകാരം സഭാ കവാടത്തിനുള്ളിലേക്ക് കടത്തി വിട്ടിരുന്നു.അതിനാൽ ഏതെങ്കിലും ഡെലിഗേററ്റിന്റെ സഹായത്തോടെയാണോ അനിത പുല്ലയിൽ സഭക്കുള്ളിൽ പ്രവേശിച്ചത് എന്ന സംശയവും നിലനിൽക്കുന്നു.
അതേസമയം മോൻസൺ മാനുങ്കൽ പ്രതിയായ ബലാൽസംഗ കേസിൽ ഇരയുടെ പേര് വെളിപ്പെടുത്തിയ കേസിൽ അനിതപുല്ലയിലിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്തു. എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലായിരുന്നു ചോദ്യം ചെയ്യൽ.ജീവനക്കാരിയെ ബലാൽസംഗം ചെയ്തു എന്നാണ് പരാതി. കഴിഞ്ഞ വർഷമാണ് മോൻസൺ മാവുങ്കലിന്‍റെ പുരാവസ്തു തട്ടിപ്പും കോടികളിുടെ പണമിടപാടും പുറത്ത് വന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...