തൃശൂർ: ചേറ്റുവ ഹാർബറിൽ നിന്ന് മത്സ്യബന്ധനത്തിനായി കടലിൽ പോയി കുടുങ്ങിയ വള്ളവും 41 മത്സ്യതൊഴിലാളികളെയും ഫിഷറീസ് വകുപ്പിന്റെ സീ റെസ്ക്യൂ ബോട്ട് രക്ഷാപ്രവർത്തനം നടത്തി കരയിലെത്തിച്ചു. ഹാർബറിൽ നിന്ന് പുലർച്ചെ 5.30ന് മത്സ്യബന്ധനത്തിന് പോയ ചാവക്കാട് സ്വദേശി തെക്കുംപറമ്പത്ത് നൗഷാദ് എന്നയാളുടെ ഉടമസ്ഥതയിലുളള ബർക്കത്ത് എന്ന വള്ളമാണ് എഞ്ചിൻ നിലച്ച് കടലിൽ കുടുങ്ങിയത്.
വൈകീട്ട് നാല് മണിയോട് കൂടിയാണ് അഴീക്കോട് അഴിയിൽ നിന്നും കടലിൽ ആറ് നോട്ടിക്കൽ മൈൽ അകലെ വടക്ക് പടിഞ്ഞാറ് കടലിലായി വള്ളം കുടുങ്ങി കിടക്കുന്നതായി അഴീക്കോട് ഫിഷറീസ് സ്റ്റേഷനിൽ സന്ദേശം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റൻ്റ് ഡയറക്ടർ സുലേഖയുടെ നിർദേശാനുസരണം മറൈൻ എൻഫോഴ്സ്മെൻറ് എ എസ് ഐ വി.എം ഷൈബു , സീനിയർ സിവിൽ പോലീസ് ഓഫീസർ പ്രശാന്ത് കൂമാർ എന്നിവരുടെ നേതൃത്വത്തിൽ റെസ്‌ക്യൂ ഗാർഡുമാരായ അൻസാർ, ഷിഹാബ്, ബോട്ട് സ്രാങ്ക് ദേവസ്സി എന്നിവർ ചേർന്ന് രക്ഷാ പ്രവർത്തനം നടത്തി.
ALSO READ: നിരോധിത പോൺ സൈറ്റുകളുടെ സ്റ്റിക്കർ; മായാവി ബസ്സ് കസ്റ്റഡിയിൽ
ജില്ലയിൽ രക്ഷാപ്രവർത്തനത്തിന് ചേറ്റുവയിലും അഴീക്കോടും ഫിഷറീസ് വകുപ്പിന്റെ രണ്ട് ബോട്ടുകളും 24 മണിക്കൂറും പ്രവർത്തിക്കുന്ന മറെെൻ എൻഫോഴ്സ്മെൻറ് യൂണിറ്റ് ഉൾപ്പെട്ട ഫിഷറീസ് സ്റ്റേഷനും സജ്ജമാണെന്ന് ജില്ല ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ കെ ടി അനിത അറിയിച്ചു.
അതേസമയം, തിരുവനന്തപുരം മുതലപ്പൊഴിയിൽ മത്സ്യബന്ധന വെള്ളം മറിഞ്ഞ് നാല് പേർ അപകടത്തിൽപ്പെട്ട സംഭവത്തിൽ ഒരാളുടെ കൂടി മൃതദേഹം കണ്ടെത്തി. സുരേഷ് ഫെർണാണ്ടസ് (58) എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. പുലിമുട്ടിനിടയിൽ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ചിറയൻകീഴ് താലൂക്ക് ആശുപത്രിയിലേയ്ക്ക് മാറ്റി.
കഴിഞ്ഞ ദിവസം രാവിലെ ഉണ്ടായ അപകടത്തിൽ ബിജു ആന്റണി, റോബിൻ എഡ്വിൻ എന്നിവരെയാണ് ഇനി കണ്ടെത്താനുള്ളത്. സുരേഷ് ഫെർണാണ്ടസിന്റെ മൃതദേഹം കണ്ടെത്തിയ പുലിമുട്ടിന് സമീപം കൂടുതൽ തിരച്ചിൽ നടത്തുന്നുണ്ട്. കാണാതായവരിൽ പുതുക്കുറിച്ചി സ്വദേഷി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. അബോധാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞുമോൻ പിന്നീട് ചികിത്സയിലിരിക്കെ മരിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...