പത്തനംതിട്ട: നാൽപ്പത് കോടിയോളം രുപ ഫാക്ടറിക്കായി വകമാറ്റിയതിനെത്തുടർന്ന് മൈലപ്ര സർവ്വീസ് സഹകരണ ബാങ്കിൽ പ്രതിസന്ധി. ഇടപാടുകളെപ്പറ്റി അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജീവനക്കാർ സമരം ആരംഭിച്ചു. ഇടത് മുന്നണിയുടെ നേത്യത്വത്തിലുള്ള ഭരണസമിതിക്ക് കീഴിൽ പ്രവർത്തിക്കുന്ന മൈലപ്ര സർവ്വീസ് സഹകരണ ബാങ്കിന്‍റെ പ്രവർത്തനമാണ് പ്രതിസന്ധിയിലായത്. വൻ തുക ഡപ്പോസിറ്റ് ഉള്ള ഈ ബാങ്കിൽ നിക്ഷേപത്തിന്റെ 75 % വും ബാങ്കിന്‍റെ ഉടമസ്ഥതയിലുള്ളതായി പറയുന്ന മൈ ഫുഡ് റോളർ ഫ്ലവർ ഫാക്ടറിയിലേക്ക് വകമാറ്റുകയും ചെയ്തതായി ജീവനക്കാർ ആരോപിക്കുന്നു.
ഫാക്ടറിയിലേക്ക് മാറ്റിയ തുകയുടെ പലിശ പോലും ലഭിക്കുന്നില്ലെന്നും വൻ തുക വായ്പ്പ ബിനാമി പേരിൽ എടുത്തതായി സംശയമുണ്ടെന്നും ബാങ്ക് ജീവനക്കാരിയായ അർച്ചന പറഞ്ഞു. നിക്ഷേപകർക്ക് ഇരുപത്തി അയ്യായിരം രൂപ ദിവസം പിൻവലിക്കാനാണ് അനുവാദം നൽകിയിരിക്കുന്നതെങ്കിലും അതു പോലും കൊടുക്കാൻ കഴിയാത്തത് ജീവനക്കാരെ സമ്മർദ്ദത്തിലാക്കിയിട്ടുണ്ട്.
Read Also: ബുൾഡോസറുകൾ ഉപയോഗിച്ച് മതന്യൂനപക്ഷങ്ങളെ ആർഎസ്എസ് തുടച്ചു നീക്കുന്നു: എ.എ. റഹീം
ബാങ്ക് പ്രതിസന്ധിയിലായതോടെ നിക്ഷേപകരും പരിഭ്രാന്തരായി ബാങ്കിൽ എത്തിയിട്ടുണ്ട്. തന്റെ ഇതുവരെ ഉള്ള സമ്പാദ്യമായി വലിയ തുക ഇവിടെ നിക്ഷേപിച്ചിട്ടുണ്ടെന്നും എന്നാൽ ആശുപത്രി ആവശ്യവുമായി ബന്ധപ്പെട്ട് പത്ത് ലക്ഷം രുപ പിൻവലിക്കാൻ ആഴ്ച്ചകളായി ഇവിടെ കയറിയിറങ്ങുകയാണെന്നു നിക്ഷേപകയായ ജോളമ്മ പറഞ്ഞു.
നിരവധി പേർ പണം പിൻവലിക്കാനാകാത്തതിൽ ദുരിതത്തിലാണ്. അതേസമയം പ്രതിപക്ഷ പാർട്ടികളടക്കം നിരവധി പേർ ബാങ്കിനു നേരെ അഴിമതി ആരോപണവും ക്രമക്കേടും ആരോപിക്കുന്നുണ്ട്. ബാങ്കിന്റെ നടപടികള്‍ പലതും ദുരൂഹമാണെന്നാണ് പ്രധാന ആക്ഷേപം. എന്നാൽ പ്രതിസന്ധി താത്കാലികമാണെന്നും ഉടൻ പരിഹരിക്കപ്പെടുമെന്നും ബാങ്കിന്റെ ചുമതലക്കാരിൽ ചിലർ വ്യക്തമാക്കുന്നു. അതേസമയം ജീവനക്കാർ ബാങ്കിനെതിരെ സമരം ആരംഭിച്ചു. നിക്ഷേപകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയാനാകാത്തതിനാല്‍ കൂടിയാണ് ജീവനക്കാര്‍ സമരം തുടങ്ങിയത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...