ന്യൂഡൽഹി: കാട്ടുപന്നികളെ കൊല്ലാനുള്ള കേരള സർക്കാർ തീരുമാനത്തിൽ വീണ്ടും പ്രതിഷേധം അറിയിച്ച് ബിജെപി എം പി മനേക ഗാന്ധി. സർക്കാർ തീരുമാനം അപമാനകരം. യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെയാണ് സർക്കാർ ഇത്തരത്തിലൊരു തീരുമാനം എടുത്തിരിക്കുന്നതെന്ന് മനേക ഗാന്ധി ആരോപിച്ചു. കാട്ടുപന്നികളെ കൊല്ലണം എന്നുള്ള മലയോര ജനതയുടെ ആവശ്യം ന്യായമല്ലെന്നും സ്വാർത്ഥ താൽപര്യമുള്ളവരാണ് കാട്ടുപന്നികൾക്ക് എതിരെ തിരിയുന്നതെന്നും അവർ പറഞ്ഞു.
കാട്ടുപന്നികളെ കൊല്ലാൻ ആവശ്യപ്പെടുന്നവർ യഥാർത്ഥ കർഷകരല്ല. ഇക്കാര്യത്തിൽ താമരശേരി ബിഷപ്പിൻ്റെ പ്രതികരണം വേദനിപ്പിച്ചുവെന്നും മനേക ഗാന്ധി പറഞ്ഞു. ദൈവത്തിൻ്റെ പ്രതിപുരുഷനായ അദ്ദേഹത്തിൽ നിന്ന് മാന്യമായ പ്രതികരണമാണ് പ്രതീക്ഷിക്കുന്നതെന്നും മനേക ഗാന്ധി വ്യക്തമാക്കി.
അതേസമയം കാട്ടുപന്നികളെ കൊല്ലാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധം അറിയിച്ച് വനം മന്ത്രി എകെ ശശീന്ദ്രന് മനേക ഗാന്ധി കഴിഞ്ഞ ദിവസം കത്തയച്ചിരുന്നു. കത്തിന് രേഖാമൂലം മറുപടി നൽകണമെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രി വനം വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയ്ക്ക് നിർദ്ദേശം നൽകിയിരുന്നു. കഴിഞ്ഞ ദിവസം ചേർന്ന് മന്ത്രിസഭാ യോഗമാണ് ചീഫ് വൈൽഡ് ലൈഫ് വാർഡന്റെ അധികാരം തദ്ദേശ സ്ഥാപനത്തിന്റെ അധ്യക്ഷൻമാർക്ക് നൽകാൻ തീരുമാനിച്ചത്. കേന്ദ്ര സർക്കാരിൻെറ അഭിപ്രായം കൂടി പരിഗണിച്ചായിരുന്നു ഈ തീരുമാനമെന്ന് വനംമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. വിഷപ്രയോഗം, സ്‌ഫോടക വസ്തു പ്രയോഗം, വൈദ്യുതി ഷോക്കേല്‍പ്പിക്കല്‍ എന്നീ മാര്‍ഗ്ഗങ്ങളിലൂടെ കൊല്ലാന്‍ പാടില്ലെന്നാണ് നിർദ്ദേശം നൽകിയിരിക്കുന്നത്. മനേക ഗാന്ധിയുടെ കത്തിന് വിശദമായ മറുപടി നൽകുമെന്നും വനംമന്ത്രിയുടെ ഓഫീസ് പറഞ്ഞു.
സർക്കാർ തീരുമാന പ്രകാരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍, കോര്‍പ്പറേഷന്‍ മേയര്‍ എന്നിവരെ വന്യജീവി നിയമപ്രകാരം ഹോണററി വൈല്‍ഡ്‌ലൈഫ് വാര്‍ഡനായി സര്‍ക്കാരിന് നിയമിക്കാവുന്നതാണ്. ഗ്രാമപഞ്ചായത്ത് സെക്രട്ടറി, മുന്‍സിപ്പല്‍ സെക്രട്ടറി, കോര്‍പ്പറേഷന്‍ സെക്രട്ടറി എന്നിവരെ അധികാരപ്പെട്ട ഉദ്യോഗസ്ഥരായി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് നിയമിക്കാവുന്നതാണ്.
നൂറ് ഏക്കര്‍ വരെ വിസ്തൃതിയുള്ള ചെറിയ വനപ്രദേശത്തെ കാട്ടുപന്നികളെ വനംവകുപ്പ് തന്നെ നിയന്ത്രിക്കും. കാട്ടുപന്നികളെ ഇല്ലായ്മ ചെയ്യുന്ന വേളകളില്‍ മനുഷ്യജീവനും സ്വത്തിനും വളര്‍ത്തുമൃഗങ്ങള്‍ക്കും ഇതര വന്യജീവികള്‍ക്കും നാശനഷ്ടമുണ്ടാകുന്നില്ലെന്ന് ബന്ധപ്പെട്ടര്‍ ഉറപ്പുവരുത്തണമെന്നും അറിയിച്ചിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...