ന്യൂഡൽഹി: ഉത്തർപ്രദേശ് സംസ്ഥാന തിരഞ്ഞെടുപ്പിൽ കർഹാൽ നിയമസഭാ മണ്ഡലത്തിൽ നിന്ന് വിജയിച്ചതിന് പിന്നാലെ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് ലോക്സഭാ എംപി സ്ഥാനം രാജിവെച്ചു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് ലോക്‌സഭാ സ്പീക്കർ ഓം പ്രകാശ് ബിർളയ്ക്ക് രാജിക്കത്ത് കൈമാറി. അസംഗഢിൽ നിന്നുള്ള ലോക്‌സഭാ എംപിയും മുൻ യുപി മുഖ്യമന്ത്രിയുമായിരുന്ന ഈ 48 കാരൻ ഇത്തവണ ആദ്യമായാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.
യുപി നിയമസഭയിലെ പ്രതിപക്ഷ നേതാവിന്റെ റോളിൽ അഖിലേഷ് യാദവ് എത്തുന്നത് ബിജെപിയ്ക്ക് പ്രധാന വെല്ലുവിളിയാണ്. സംസ്ഥാനത്തെ തൊഴിലവസരങ്ങൾ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ അഖിലേഷ് യാദവ് ബിജെപിയുടെയും യോഗി ആദിത്യനാഥിന്റെയും നിരന്തരമായ വിമർശകനാണ്. കൊറോണ വൈറസ് കൈകാര്യം ചെയ്യുന്നതിലും അദ്ദേഹം ഭരണകക്ഷിയെ ആക്ഷേപിച്ചിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത്, ഇലക്ട്രോണിക് വോട്ടിംഗ് മെഷീനുകളിൽ ബിജെപി ഇടപെടുന്നുവെന്ന് ആരോപണവും അക്കാലയളവിൽ ഉയർത്തി ഭരണകക്ഷിയായ ബിജെപിക്ക് കടുത്ത തലവേദനയാണ് സൃഷ്ടിച്ചത്. സമാജ് വാദി പാർട്ടിക്കെതിരെയുള്ള ബിജെപിയുടെ പ്രത്യാക്രമണങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി യുപിയിലെത്തി നേതൃത്വം നൽകുകയും ചെയ്തു.
#WATCH | Delhi: Samajwadi Party (SP) chief Akhilesh Yadav going to Lok Sabha Speaker Om Birla's office to resign from his membership of the House.
In the recently held Uttar Pradesh elections, he was elected as an MLA from the Karhal seat. pic.twitter.com/IBjc4jqr8t
— ANI (@ANI) March 22, 2022
403 അസംബ്ലി സീറ്റുകളിൽ സമാജ്വാദി പാർട്ടി 111 സീറ്റുകൾ നേടിയപ്പോൾ ബിജെപിയും സഖ്യകക്ഷികളും ചേർന്ന നേടിയത് 273 സീറ്റുകളാണ്. 2017ൽ ബിജെപിയും സഖ്യകക്ഷികളും 325 സീറ്റുകൾ നേടിയിരുന്നു. പ്രതിപക്ഷ നിര ശക്തിപ്പെടുത്തി നിരന്തര വെല്ലുവിളി ഉയർത്തിയാൽ ബിജെപിയുടെ സീറ്റുകൾ കുറയ്ക്കാൻ കഴിയുമെന്നാണ് തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നതെന്നും അഖിലേഷ് അഭിപ്രായപ്പെട്ടു. രാപൂരിൽ നിന്ന് വിജയിച്ച സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും ലോക്‌സഭയിൽ നിന്ന് രാജിവച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ടു ചെയ്തു.
അതേസമയം, ഉത്തർപ്രദേശ് മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് വെള്ളിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് രണ്ടാം തവണയും അധികാരമേൽക്കും. യുപിയുടെ രാഷ്ട്രീയ ചരിത്രത്തിൽ 37 വർഷത്തിനിടെ ഇതാദ്യമായാണ് ഒരു പാർട്ടിക്ക് തുടർഭരണം ലഭിക്കുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക