Lucknow: 2022 ലെ നിര്‍ണായകമായ നിയമസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് പാര്‍ട്ടികള്‍ കരുനീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
ഭരണകക്ഷിയായ BJP മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ നേതൃത്വത്തില്‍ തിരഞ്ഞെടുപ്പിനെ നേരിടുമെന്ന് ഇതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞു. അണിയറ നീക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരിയ്ക്കുകയാണ് BJP.
അതേസമയം, അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ നേടിയ വിജയം കൈമുതലാക്കി ശക്തമായ പ്രകടനം കാഴ്ചവയ്ക്കാന്‍ സമാജ്‌വാദി പാര്‍ട്ടിയും ഒരുങ്ങുകയാണ്. അടുത്ത വര്‍ഷം നടക്കുന്ന ഉത്തര്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ BJPയ്ക്ക് ശക്തമായ വെല്ലുവിളി നേരിടേണ്ടി വരുമെന്നാണ് വിലയിരുത്തല്‍. കോവിഡ് മഹാമാരിയെ കൈകാര്യം ചെയ്തതില്‍ ഉത്തര്‍പ്രദേശ് സര്‍ക്കാരിനുണ്ടായ വീഴ്ച പാര്‍ട്ടിയ്ക് കനത്ത വെല്ലുവളി ഉയര്‍ത്തുന്നതിനിടെയാണ് അഖിലേഷ് യാദവിന്‍റെ രംഗപ്രവേശം.
ഉത്തര്‍ പ്രദേശ് തിരിച്ചു പിടിക്കാന്‍ യോഗി സര്‍ക്കാരിന്‍റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞാണ് സമാജ്‌വാദി പാര്‍ട്ടി മുന്നേറുന്നത്.
അതിനിടെ, സമാജ്‌വാദി പാര്‍ട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് നടത്തിയ ട്വീറ്റ് വൈറലാവുകയാണ്. അടുത്ത വര്‍ഷം നടക്കാനിരിയ്ക്കുന്നത് നിയമസഭ തിരഞ്ഞെടുപ്പല്ല, മറിച്ച് ജനാധിപത്യ വിപ്ലവമാണ് എന്നാണ് SP chief Akhilesh Yadav പറയുന്നത്.
"നിലവിലെ "വിനാശകരമായ" "നെഗറ്റീവ്" രാഷ്ട്രീയത്തിനെതിരെ അവഗണിക്കപ്പെട്ട എല്ലാ സമുദായങ്ങളും ഒന്നിക്കും. 2022-ൽ ഉത്തർപ്രദേശിൽ തിരഞ്ഞെടുപ്പല്ല, ജനാധിപത്യ വിപ്ലവം ഉണ്ടാകും", സമാജ്‌വാദി പാർട്ടി അദ്ധ്യക്ഷന്‍ അഖിലേഷ് യാദവ് ട്വീറ്ററില്‍ കുറിച്ചു.
കഴിഞ്ഞ ദിവസം, ഭരണ കക്ഷിയുടെ കുറവുകള്‍ എണ്ണിപ്പറഞ്ഞ് പാര്‍ട്ടി തിരഞ്ഞെടുപ്പ് ഗാനം പുറത്തിറക്കിയിരുന്നു. എല്ലാ സുഖത്തിലും ദുഃഖത്തിലും നിങ്ങളോടൊപ്പം ഉണ്ടാവും എന്ന് തുടങ്ങുന്ന ഗാനം, അഖിലേഷിന്‍റെ ഒഫീഷ്യല്‍ ട്വിറ്റര്‍ ഹാന്‍ഡിലിലൂടെയായാണ് പുറത്ത് വിട്ടത്.
അതേസമയം, 2022-ല്‍ നടക്കാനിരിയ്ക്കുന്ന തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കാനാണ് സമാജ്‌വാദി പാർട്ടിയുടെ നീക്കം. ഒരുകാലത്ത് സഖ്യകക്ഷികളായിരുന്ന കോണ്‍ഗ്രസുമായോ, BSPയുമായോ ഇക്കുറി സഖ്യത്തിനില്ല എന്നാണ് SP പറയുന്നത്. മായാവതിയും കോൺഗ്രസും വലിയ പാര്‍ട്ടികളെങ്കിലും ദുർബല സഖ്യകക്ഷികകളാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. അതിനാല്‍ , ഇവരുമായി ഇക്കുറി സഖ്യമില്ല എന്നും, എന്നാല്‍, സംസ്ഥാനത്തെ ചെറിയ പാര്‍ട്ടി കളുമായി സഖ്യം സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
403 സീറ്റുകളുള്ള ഉത്തര്‍ പ്രദേശ് നിയമസഭയില്‍ 300ല്‍ അധികം സീറ്റുകള്‍ നേടി പാര്‍ട്ടി അധികാരത്തില്‍ എത്തുമെന്നും അഖിലേഷ് യാദവ് പറഞ്ഞു.
ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, പഞ്ചാബ്, മണിപ്പൂര്‍, ഗോവ എന്നീ സംസ്ഥാനങ്ങളിലാണ് 2022-ല്‍ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...