അഗര്‍ത്തല: അരനൂറ്റാണ്ടിലേറെയുള്ള ത്രിപുരയുടെ ചരിത്രം പരിശോധിച്ചാല്‍, ഭരണ ചക്രം ഏറെക്കാലവും കൈകാര്യം ചെയ്തിട്ടുള്ളത് സിപിഎം ആയിരുന്നു. സിപിഎം അധികാരത്തില്‍ നിന്ന് മാറ്റിനിര്‍ത്തപ്പെട്ടത് 1967 ലും 1972 ലും 1988 ലും പിന്നെ 2018 ലും ആയിരുന്നു. മൊത്തം 35 വര്‍ഷം അധികാരത്തിലിരുന്ന പാര്‍ട്ടി, തുടര്‍ച്ചയായി 25 വര്‍ഷം ത്രിപുര ഭരിച്ച പാര്‍ട്ടി. പക്ഷേ, 2018 ല്‍ ബിജെപിയുടെ അട്ടിമറി വിജയത്തോടെ സിപിഎം തകര്‍ന്നടിഞ്ഞു.
ഈ പറഞ്ഞുവന്നത് ത്രിപുരയുടെ ഒരു തിരഞ്ഞെടുപ്പ് ചരിത്രം മാത്രമാണ്. 2019 ല്‍ ത്രിപുരയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായി പ്രദ്യോത് ദേബ് ബര്‍മ എന്ന വ്യക്തിയെ ഹൈക്കമാന്‍ഡ് നിയോഗിച്ചു. തകര്‍ന്ന പാര്‍ട്ടിയെ പുനര്‍നിര്‍മിക്കുക എന്നതായിരുന്നു പ്രദ്യോതില്‍ നിക്ഷിപ്തമായ കടമ. എന്നാല്‍ മാസങ്ങള്‍ക്കകം ത്രിപുര പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷപദം ഉപേക്ഷിച്ച് പ്രദ്യോത് പുറത്തിറങ്ങി. അഴിമതിക്കാരെ ഉള്‍പ്പെടുത്താന്‍ ഹൈക്കമാന്‍ഡ് സമ്മര്‍ദ്ദം ചെലുത്തുന്നു എന്ന് ആരോപിച്ചായിരുന്നു പ്രദ്യോതിന്റെ പടിയിറക്കം.
പതിറ്റാണ്ടുകള്‍ നീണ്ട കോണ്‍ഗ്രസ് പാരമ്പര്യം പിറകില്‍ ഉപേക്ഷിച്ച് പ്രദ്യോത് ദേബ് ബര്‍മ പടിയിറങ്ങുമ്പോള്‍, അത് ത്രിപുരയില്‍ ഒരു പുതിയ ചരിത്രം സൃഷ്ടിക്കാന്‍ ആയിരിക്കുമെന്ന് അധികമാരും പ്രതീക്ഷിച്ചിരുന്നില്ല. ത്രിപുര നിയമസഭാ തിരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച് വലിയ നേട്ടം കൊയ്ത തിപ്ര മോത്ത പാര്‍ട്ടിയുടെ സ്ഥാപകനും ചെയര്‍മാനും ആണ് ഈ മനുഷ്യന്‍.
ത്രിപുരയിലെ രാജകുടുംബാംഗമാണ് കിരിതി പ്രദ്യോത് മാണിക്യ ദേബ് ബര്‍മന്‍ ബഹാദുര്‍ എന്ന പ്രദ്യോത് ദേബ് ബര്‍മ. ത്രിപുരയിലെ മാണിക്യ രാജവംശത്തിലെ അവസാന രാജാവായിരുന്ന ബിക്രം കിഷോര്‍ മാണിക്യ ദേബ് ബര്‍മയുടെ മകന്‍. രാജകുടുംബത്തിന്റെ ഇപ്പോഴത്തെ തലവന്‍. ത്രിപുരയിലെ തദ്ദേശീയ ജനവിഭാഗങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തിക്കൊണ്ടാണ് പ്രദ്യോത് പുതിയ പാര്‍ട്ടിയുമായി രംഗത്ത് വരുന്നത്.
കോണ്‍ഗ്രസ് വിട്ട് പുറത്ത് വന്നതിന് ശേഷം ഒരു സാമൂഹ്യ സംഘടന എന്ന നിലയില്‍ ആയിരുന്നു പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയത്. എന്നാല്‍ 2021 ഫെബ്രുവരി 5 ന് പ്രദ്യോത് തിപ്ര മോത്ത എന്ന രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് രംഗത്ത് വരികയായിരുന്നു. ഇതേ വര്‍ഷം തന്നെ ഐഎന്‍പിടി, ടിഎസ്പി, ഐപിഎഫ്ടി എന്നീ പ്രാദേശിക പാര്‍ട്ടികള്‍ തിപ്ര മോത്തയില്‍ ലയിച്ചു. പിന്നീട് നടന്ന ജില്ലാ കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ സിപിഎമ്മിനേയും ബിജെപിയേയും ഞെട്ടിച്ച് അധികാരം പിടിച്ചെടുക്കുന്ന രീതിയില്‍ തിപ്ര മോത്ത വളരുകയും ചെയ്തു. ഗ്രേറ്റര്‍ തിപ്രാലാന്‍ഡ് എന്ന പേരില്‍ പുതിയൊരു സംസ്ഥാനം രൂപീകരിക്കുക എന്നതാണ് തിപ്ര മോത്ത പാര്‍ട്ടിയുടെ ആശയ അടിത്തറ.
അടിമുടി കോണ്‍ഗ്രസ്സുകാരന്‍ ആയിരുന്നു പ്രദ്യോത് ദേബ് ബര്‍മ. ചെറുപ്പം മുതലേ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നു. പിതാവും അവസാനത്തെ രാജാവും അയ ബിക്രം ദേബ് ബര്‍മ മൂന്ന് തവണ കോണ്‍ഗ്രസ് എംപി ആയിരുന്നു. മാതാവ് ബിഭു കുമാരി രണ്ട് തവണ കോണ്‍ഗ്രസ് എംഎല്‍എയും ഒരുതവണ ത്രിപുരയിലെ റവന്യു മന്ത്രിയും ആയിട്ടുണ്ട്. 2018 ലെ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സ്വന്തം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്ന സഹോദരിയായ പ്രഗ്യ ദേബ് ബര്‍മയ്ക്ക് വേണ്ടി ത്രിപുര ഈസ്റ്റില്‍ സജീവ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും ചെയ്തിരുന്നു.
ത്രിപുരയിൽ ഒരു സാന്നിധ്യവും ഇല്ലാതിരുന്ന ബിജെപി 2018 ലെ തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിതമായി ഭരണം പിടിക്കുകയായിരുന്നു. അതിന് സമാനമായ ഒരു മുന്നേറ്റം ഈ തിരഞ്ഞെടുപ്പിൽ അവർക്ക് സാധ്യമായിട്ടില്ല. എന്നാൽ ആദ്യ തിരഞ്ഞെടുപ്പിൽ മത്സരിച്ച് സംസ്ഥാനത്തെ ഏറ്റവും വലിയ മൂന്നാമത്തെ പാർട്ടി എന്ന സ്ഥാനത്തേക്ക് എത്തുകയാണ് പ്രദ്യോത് ദേബ് ബർമയുടെ നേതൃത്വത്തിലുള്ള തിപ്ര മോത്ത. ഒരു തൂക്ക് സർക്കാർ അധികാരത്തിലെത്തിയാൽ, ത്രിപുരയിലെ കിങ് മേക്കർ ത്രിപുര രാജകുടുംബത്തിലെ ഇപ്പോഴത്തെ കിരീടാവകാശി പ്രദ്യോത് ദേബ് ബർമ ആയിരിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...