ചരിത്രത്താലും പൈതൃകത്താലും സമ്പന്നമായ ഇന്ത്യ, സഞ്ചാരികൾക്ക് ഏറെ പ്രിയപ്പെട്ട ഇടമാണ്. ഇന്ത്യയിൽ ചരിത്രവൈവിധ്യമാർന്ന നിരവധിയിടങ്ങൾ സഞ്ചാരികളെ സ്വാഗതം ചെയ്യുന്നു. ഇന്ത്യയിൽ അധികം അറിയപ്പെടാത്ത നിരവധി വിനോദ സഞ്ചാര കേന്ദ്രങ്ങളും ഉണ്ട്. അവയിൽ ചിലത് പരിചയപ്പെടാം.
അസ്സഗാവോ: വേനൽക്കാല അവധിക്കിടെ സന്ദർശിക്കേണ്ട പ്രധാന സ്ഥലങ്ങളിൽ ഒന്നാണ് ഗോവയിലെ അസ്സഗാവോ. മനോഹരമായ നോർത്ത് ഗോവൻ ഫാമുകളിലൊന്ന് അസ്സഗാവോയിലാണ്. നിരവധി സഞ്ചാരികളെയും പ്രദേശവാസികളെയും ആകർഷിക്കുന്ന സ്ഥലമാണ് അസ്സഗാവോ. ഗോവയുടെ ചരിത്രവും ആധുനിക മുഖവും ഉൾപ്പെടുന്ന സ്ഥലമാണ് അസ്സഗാവോ. ദക്ഷിണ ഗോവയിലെ ബീച്ചുകളുടെ സൗന്ദര്യത്തിനും അഞ്ജുനയിലെയും ബാഗയിലെയും രാത്രികാല കാഴ്ചകൾക്കും ഇടയിലെ മനോഹര സ്ഥലമാണ് അസ്സഗാവോ.
ധോളവീര: ഹാരപ്പൻ-മോഹൻജൊദാരോ സംസ്‌കാരങ്ങളുടെ നിരവധി അവശിഷ്ടങ്ങൾ കാണപ്പെടുന്ന ഗുജറാത്തിലെ ഒരു പ്രദേശമാണ് ധോളവീര. ഗ്രേറ്റ് റാണിലെ ഉപ്പുരസമുള്ള മരുഭൂമി സമതലങ്ങളിലൂടെ നിങ്ങളെ ധോളവീരയിലേക്ക് നയിക്കുന്ന യാത്ര അവർണ്ണനീയമാണ്. ഇഷ്ടികയും കല്ലും ഉപയോഗിച്ചുള്ള നിരവധി നിർമ്മിതികൾ ധോളവീരയിൽ കാണാൻ സാധിക്കും. ആർക്കിയോളജിക്കൽ സർവ്വെ ഓഫ് ഇന്ത്യയുടെ മ്യൂസിയവും ഇവിടെയുണ്ട്. 1967-68 കാലത്താണ് ഈ ഹാരപ്പൻ സംസ്കാരത്തിന്റെ സൈറ്റ് ഗവേഷകർ കണ്ടെത്തി ദ്ഖനനം നടത്തിയത്. ഉദ്ഖനനത്തിൽ കണ്ടെടുക്കപ്പെട്ട വസ്തുക്കൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിട്ടുണ്ട്.
ഹെമിസ്: ജമ്മു കശ്മീരിലെ ഹെമിസ് ദേശീയോദ്യാനം ലോകമെമ്പാടും അറിയപ്പെടുന്നത് ഏറ്റവും കൂടുതൽ ഹിമപ്പുലികളെ സംരക്ഷിക്കുന്ന ഉദ്യാനം എന്ന നിലയിലാണ്. ഹിമപ്പുലിയെ കൂടാതെ ടിബറ്റൻ ചെന്നായ, ഐബക്സ്, ടിബറ്റൻ ആർഗലി, ഹിമാലയൻ മാർമറ്റ് എന്നിവ ഹെമിസ് ദേശീയോദ്യാനം കാണപ്പെടുന്ന വംശനാശഭീഷണി നേരിടുന്ന ജീവജാലങ്ങളാണ്. എഴുപതിലേറെ പക്ഷിവർഗ്ഗങ്ങളും ഇവിടെയുണ്ട്. അതിൽ റോസ് ഫിഞ്ച് ഇനത്തിൽപ്പെട്ടവയാണ് കൂടുതലും. 1981-ലാണ് ഫെമിസ് ദേശീയോദ്യാനം രൂപീകൃതമായത്. കേന്ദ്രഭരണ പ്രദേശമായ ലഡാക്കിലാണ് ഫെമിസ് ദേശീയോദ്യാനം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 5854 മീറ്റർ വരെ ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇതിന്റെ വിസ്തൃതി 4100 ചതുരശ്ര കിലോമീറ്ററാണ്. പുൽമേടുകളും താഴ്വരകളും കുറ്റിക്കാടുകളും നിറഞ്ഞ പർവത പ്രദേശമാണിത്.
മജുലി: ഇന്ത്യയിലെ ഏറ്റവും വലിയ നദീജന്യ ദ്വീപാണ് മജുലി. അസമിൽ ബ്രഹ്മപുത്ര നദിയിലാണ് ഈ ദ്വീപ് സ്ഥിതിചെയ്യുന്നത്. ഇന്ത്യയിലെ ജില്ലയായി പ്രഖ്യാപിക്കപ്പെട്ട ആദ്യത്തെ ദ്വീപാണിത്. 421.65 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ ദ്വീപ് മണ്ണൊലിപ്പ് മൂലം വലുപ്പം കുറഞ്ഞ് വരികയാണ്. ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ശുദ്ധജല ദ്വീപാണ് മജുലി. മിസിങ്, ദിയോറി, കചാരി എന്നീ ഗോത്ര വർഗങ്ങൾ ബ്രഹ്മപുത്ര നദിയിലെ ഈ വിശാലമായ ദ്വീപിലാണ് താമസിക്കുന്നത്. സഞ്ചാരികളെ ആകർഷിക്കുന്ന നിരവധി കാഴ്ചകളാൽ മനോഹരമാണ് മജുലി ദ്വീപ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...