ഭാരതം വിവിധ സംസ്കാരങ്ങളുടെയും പാരമ്പര്യങ്ങളുടെയും കൂട്ടായ്മയാണ്... വിവിധ ഭാഷകള്‍, ആചാരങ്ങള്‍, പാരമ്പര്യങ്ങള്‍ എല്ലാ൦ ഒത്തിണങ്ങിയതാണ് നമ്മുടെ അതുല്യ ഭാരതം...
വിവിധ മതങ്ങള്‍, ജാതികള്‍ വിവിധ തരത്തിലുള്ള ആഘോഷങ്ങള്‍ എല്ലാം നമ്മുടെ രാജ്യത്തിന്‍റെ പ്രത്യേകതയാണ്.
ഹൈന്ദവ ആചാരങ്ങള്‍ നോക്കിയാല്‍ എല്ലാ സംസ്ഥാനത്തും അതിന്‍റെതായ ചില പ്രത്യേകതകള്‍ കാണുവാന്‍ സാധിക്കും... അത്തരത്തില്‍ ഒന്നാണ് കര്‍ണാടകയില്‍ (Karnataka) കാണുവാന്‍ സാധിക്കുന്നത്.... കര്‍ണാടകയിലെ ഈ ക്ഷേത്രത്തില്‍ പൂജിക്കുന്നത് ദേവി ദേവന്മാരെയല്ല, മറിച്ച് നായയെയാണ് എന്നതാണ് ഈ ക്ഷേത്രത്തിന്‍റെ പ്രത്യേകത....!!
കര്‍ണാടകയിലെ ചന്നപട്ടണം എന്ന നഗരത്തിനടുത്തുള്ള അഗ്രഹാര വലഗരഹള്ളി എന്ന ഗ്രാമത്തിലാണ് ഈ വ്യത്യസ്ത ക്ഷേത്രം സ്ഥിതിചെയ്യുന്നത്.
നായകളെ സ്‌നേഹിക്കുന്നവര്‍ക്ക് അഗ്രഹാര വലഗരഹള്ളിയിലെ ഈ ക്ഷേത്രത്തിലേക്ക് പോകാം. ഈ ക്ഷേത്രം നിര്‍മ്മിച്ചതിന് പിന്നിലും ഒരു ഐതിഹ്യമുണ്ട്. ഗ്രാമത്തിലെ രണ്ട് നായ്ക്കളെ ഒരിക്കല്‍ കാണാതായി. ഗ്രാമത്തിലെ പ്രധാന ദേവതയായ കെപമ്മ ദേവിക്കായി ക്ഷേത്രം നിര്‍മ്മിച്ച വ്യവസായി കാണാതായ നായകള്‍ക്ക് വേണ്ടിയും ക്ഷേത്രം നിര്‍മ്മിക്കുകയായിരുന്നു. വ്യവസായിയുടെ സ്വപ്നത്തില്‍ ദേവി പ്രത്യക്ഷപ്പെട്ടെന്നും, ക്ഷേത്രം പണിയാന്‍ ആവശ്യപ്പെട്ടുവെന്നുമാണ് ഇദ്ദേഹം പറയുന്നത്. മാത്രമല്ല, ക്ഷേത്രം പണിയുന്നത് മൂലം ഗ്രാമത്തിന്‍റെയും ഗ്രാമീണരുടെയും സംരക്ഷണം ഉറപ്പാക്കാന്‍ സാധിക്കുമെന്നും വ്യവസായി വിശ്വസിച്ചു.
ക്ഷേത്രം പണിയുന്നതിനെ കുറിച്ച് മറ്റൊരു കഥയുമുണ്ട്. കാണാതായ ആ രണ്ട് നായ്ക്കളെ കണ്ടെത്താന്‍ ദേവി ആ വ്യക്തിയോട് ആവശ്യപ്പെട്ടുവെന്നും, എന്നാല്‍ അതിന് കഴിയാതായപ്പോള്‍, പകരം ഒരു ക്ഷേത്രം പണിതുവെന്നുമാണ് പറയുന്നത്. ഗ്രാമീണര്‍ ഈ ക്ഷേത്രത്തില്‍ വളരെയധികം വിശ്വസിക്കുന്നുണ്ട്.
ഒരു അവതാരമെന്ന നിലയില്‍ നായ്ക്കള്‍ക്ക് സമൂഹത്തിലെ എല്ലാ തെറ്റുകളെയും തിരുത്താനാവുമെന്നാണ് ഇവിടുത്തെ ഗ്രാമീണര്‍ വിശ്വസിക്കുന്നത്. ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ ഗംഭീര ഉത്സവവും നടത്താറുണ്ട്. ഉത്സവത്തിന് ക്ഷേത്രത്തില്‍ ആടുകളെ ബലിയര്‍പ്പിക്കുകയും ഗ്രാമത്തിലെ എല്ലാ നായ്ക്കള്‍ക്കും അത് ഭക്ഷണമായി നല്‍കുകയും ചെയ്യും.
Also read: COVID update: സംസ്ഥാനത്ത് 4,969 പേര്‍ക്കുകൂടി കൊറോണ, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 8.17
കഴുത്തില്‍ കുരുക്കിട്ട് വണ്ടിയില്‍ കെട്ടി റോഡിലൂടെ നായയെ വലിച്ചിഴച്ച ഞെട്ടിക്കുന്ന സംഭവം അടുത്തിടെയാണ് കേരളത്തില്‍ നടന്നത്. കൂടാതെ, നായകളോടുള്ള ക്രൂരതകളും പലപ്പോഴും അതിരുകടക്കാറുണ്ട്. എന്നാല്‍, ക്രൂരത കാട്ടുന്ന ഒരു വിഭാഗമുണ്ടെങ്കിലും അതിനിടെയാണ് നായകളെ ആരാധിക്കാനായി മാത്രം നിര്‍മ്മിച്ച ഈ ക്ഷേത്രവും അവിടുത്തെ ആചാരങ്ങളും ഇപ്പോള്‍ വാര്‍ത്തയാകുന്നത്....