ഖാർഗെയിലൂടെ കാലുറപ്പിക്കാൻ കോൺഗ്രസിനാകുമോ? ഇനി അഗ്നിപരീക്ഷയുടെ നാളുകൾ

ഒക്ടോബർ 26ന് സ്ഥാനമേൽക്കുമ്പോൾ പാർ‌ട്ടിയെ ശക്തിപ്പെടുത്താനുള്ള തന്ത്രങ്ങളും ഖാർഗെയുടെ മനസിലുണ്ടാകണം. തരൂരിൻറെയും അദ്ദേഹത്തിന്റെ അനുയായികളുടെയും വാക്കുകൾക്ക് ഖാർഗെ മുൻഗണന നൽകണം.

Written by - ടി.പി പ്രശാന്ത് | Last Updated : Oct 20, 2022, 08:02 PM IST
  • അധ്യക്ഷ സ്ഥാനത്തിനായുള്ള ഖാർഗെ - തരൂർ മത്സരം കോൺഗ്രസിന് പുതിയ ദിശാബോധം നൽകിയിട്ടുണ്ട്.
  • നിരവധി പോരായ്മകളും വിവാദങ്ങളും നിറഞ്ഞതാണെങ്കിലും ഒരു ജനാധിപത്യ പ്രക്രിയയിലൂടെ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഗ്രാൻഡ് ഓൾഡ് പാർട്ടിക്കായി.
  • ഇതിലൂടെ ബിജെപി- സംഘപരിവാർ സംഘങ്ങൾ ഉന്നയിക്കുന്ന കുടുംബവാദം, രാജവംശം തുടങ്ങിയ പരിഹാസ്യ ആരോപണങ്ങളുടെ മുന തേഞ്ഞൊതുങ്ങി.
  • തുടർച്ചയായി ദുർബലമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിന് പുനരുജ്ജീവനമാണ് വേണ്ടത്.
ഖാർഗെയിലൂടെ കാലുറപ്പിക്കാൻ കോൺഗ്രസിനാകുമോ? ഇനി അഗ്നിപരീക്ഷയുടെ നാളുകൾ

മല്ലികാർജ്ജുൻ ഖാർഗെ അധ്യക്ഷനായതോടെ 'ഗാന്ധി കുടുംബാധിപത്യം' എന്ന പേരുദോഷം കോൺഗ്രസ് പാർട്ടിയ്ക്ക് തെല്ലൊന്ന് മാറികിട്ടി. എങ്കിലും അഞ്ച് പതിറ്റാണ്ടിന്റെ രാഷ്ട്രീയ അനുഭവ പരിചയമുള്ള ഖാർഗെ ഗാന്ധി കുടുംബത്തെ ബഹുമാനിക്കുമെന്നും മാർഗനിർദേശം സ്വീകരിക്കുമെന്നും വ്യക്തമാക്കി. എന്നാൽ സോണിയാ ഗാന്ധിയുടെ കളിപ്പാവയായിട്ടായിരിക്കും ഇനി ബിജെപി ഖാർഗെയെ ഉയർത്തിക്കാട്ടുക. അതിനെയെല്ലാം അതിജീവിച്ച് കോൺഗ്രസിന്റെ മുഖം മാറ്റുവാൻ ഖാർഗെയ്ക്ക് ആകുമോ എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട ചോദ്യം. സ്വന്തം പാർട്ടിയിലെ വിമതരെ മനസിലാക്കാനും കേൾക്കാനും ശ്രമിക്കുക എന്നതാണ് ഖാർഗെ ആദ്യം ചെയ്യേണ്ടത്. 

ബിജെപിയുടെയും സംഘപരിവാറിന്റെയും ആശയങ്ങൾക്കെതിരെ പോരാടുക, 2024ൽ ബിജെപിയെ അധികാരത്തിൽ നിന്ന് പിഴുതെറിയുക, ഗുജറാത്ത്- ഹിമാചൽ നിയമസഭാ തെരഞ്ഞെടുപ്പിൽ പാർട്ടിയുടെ അവസ്ഥ മെച്ചപ്പെടുത്തുക, എന്നതാണ് ഖാർഗെയുടെയും കോൺഗ്രസിന്റെയും പ്രധാന വെല്ലുവിളി. എന്നാൽ  ഇത് എങ്ങനെ സാധിക്കും. പാർട്ടി സംഘടനയെ എങ്ങനെ ശക്തിപ്പെടുത്തും, അതിന്റെ പിന്തുണാ അടിത്തറ വർധിപ്പിക്കും ഈ ചിന്തകൾക്കിടയിൽ റബർ സ്റ്റാമ്പ് തീരുമാനങ്ങൾ അസാധ്യമായ മെയ് വഴക്കത്തോടെ നടപ്പിലാക്കി സ്വതന്ത്രവും ശക്തവുമായ പദവി തെളിയിക്കുക എന്ന അഗ്നിപരീക്ഷയും ഖാർഗെയ്ക്ക് മുന്നിലുണ്ട്. 

അധ്യക്ഷ സ്ഥാനത്തിനായുള്ള ഖാർഗെ - തരൂർ മത്സരം കോൺഗ്രസിന് പുതിയ ദിശാബോധം നൽകിയിട്ടുണ്ട്. നിരവധി പോരായ്മകളും വിവാദങ്ങളും നിറഞ്ഞതാണെങ്കിലും ഒരു ജനാധിപത്യ പ്രക്രിയയിലൂടെ പാർട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കാൻ ഗ്രാൻഡ് ഓൾഡ് പാർട്ടിക്കായി. ഇതിലൂടെ ബിജെപി- സംഘപരിവാർ സംഘങ്ങൾ ഉന്നയിക്കുന്ന കുടുംബവാദം, രാജവംശം തുടങ്ങിയ പരിഹാസ്യ ആരോപണങ്ങളുടെ മുന തേഞ്ഞൊതുങ്ങി. തുടർച്ചയായി ദുർബലമായിക്കൊണ്ടിരിക്കുന്ന കോൺഗ്രസിന് പുനരുജ്ജീവനമാണ് വേണ്ടത്. തരൂരിനെയും അദ്ദേഹത്തിന്റെ അനുയായികളെയും കാണാനും അവരെ ശ്രദ്ധിക്കാനും പാർട്ടിയുടെ പ്രവർത്തനത്തിലുള്ള അതൃപ്തിയുടെ കാരണങ്ങൾ മനസ്സിലാക്കാനും ഖാർഗെ മുൻഗണന നൽകണം. അകന്നവരെ പാർട്ടിയിലേക്ക് അടുപ്പിക്കാനുള്ള ശ്രമങ്ങൾ സാഹസികമാണെങ്കിൽ കൂടിയും എങ്ങനെ നടപ്പാക്കണം എന്നൊക്കെ ഒക്ടോബർ 26ന് സ്ഥാനമേൽക്കുമ്പോൾ ഖാർഗെ ചിന്തിക്കേണ്ടതാണ്.

Also Read: New Congress President : ഖാര്‍ഗെ കോൺഗ്രസ് പ്രസിഡന്റ്; 24 വർഷങ്ങൾക്ക് ശേഷം ഗാന്ധി കുടുംബത്തിന് പുറത്ത് നിന്നുമെത്തുന്ന അധ്യക്ഷൻ; തരൂരിന് ആയിരത്തിലധികം വോട്ടുകൾ

 

ചുമതലയേറ്റെടുത്ത ശേഷം ഗുജറാത്ത് -ഹിമാചൽ സന്ദർശനം മുഖ്യ അജണ്ട. കഴിഞ്ഞ തവണ ഗുജറാത്തിൽ കോൺഗ്രസിന് 80 സീറ്റും ബിജെപിക്ക് 99 സീറ്റുമാണ് ലഭിച്ചത്. അതേസമയം, ഹിമാചലിലെ 68 സീറ്റുകളിൽ കഴിഞ്ഞ തവണ കോൺഗ്രസിന് 21 സീറ്റുകൾ മാത്രമാണ് നേടാനായത്, 44 സീറ്റുകൾ നേടി ബിജെപി സർക്കാർ രൂപീകരിച്ചു. സ്ഥാനാർത്ഥി നിർണയത്തിൽ പോലും ഖാർഗെയുടെ അഭിപ്രായവും പ്രധാനമായി കണക്കാക്കിയിരുന്നു. ഹിമാചൽ, ഗുജറാത്ത് തിരഞ്ഞെടുപ്പുകളിൽ 2017ലെ തിരഞ്ഞെടുപ്പിനേക്കാൾ അൽപ്പം കൂടി മികച്ച പ്രകടനം നടത്താൻ പാർട്ടിക്ക് കഴിഞ്ഞാൽ ഖാർഗെ തന്റെ ആദ്യ ലിറ്റ്മസ് ടെസ്റ്റിൽ വിജയിക്കും.

മറ്റൊന്ന് 2024ലെ പൊതു തിരഞ്ഞെടുപ്പാണ്. യുപിയിൽ ശാക്തീകരിക്കപ്പെടാതെ ഡൽഹിയുടെ സിംഹാസനം അകലെയാണെന്ന് കോൺഗ്രസിന്റെ ഉന്നത നേതൃത്വവും തിരിച്ചറിഞ്ഞിട്ടുണ്ട്. രണ്ടാമതായി, ഉയർന്ന അവകാശവാദങ്ങൾ ഉന്നയിക്കുന്ന ഇറക്കുമതി രാഷ്ട്രീയക്കാരുടെ അടിസ്ഥാനത്തിൽ കോൺഗ്രസിനെ ശാക്തീകരിക്കാനാവില്ല. അതേസമയം, അവസരം ലഭിച്ചിട്ടും ഇതുവരെ ഫലം നൽകാത്തവരുടെ പങ്ക് പരിമിതപ്പെടുത്തേണ്ടതും ആവശ്യമാണ്. പുതിയ സംസ്ഥാന പ്രസിഡന്റിനെയും നിയമിച്ച ശേഷം ഇപ്പോൾ മുഴുവൻ ശ്രദ്ധയും യുപിയിലെ സംസ്ഥാന കോൺഗ്രസ് എക്സിക്യൂട്ടീവിന്റെ രൂപീകരണത്തിലാണ്. ദീപാവലിക്ക് ശേഷം ഉത്തർപ്രദേശിൽ കോൺഗ്രസിന്റെ പുതിയ സംസ്ഥാന എക്സിക്യൂട്ടീവ് രൂപീകരിക്കുകയെന്നതും ഖാർഗെയ്ക്ക് വെല്ലുവിളിയാണ്. പാർ‌ട്ടിയെ ശക്തിപ്പെടുത്തിയ ശേഷമാകും മുന്നണി ബന്ധങ്ങൾ വേണമോയെന്ന ആലോചനകൾ. കാലുറപ്പിക്കാൻ ക്ഷമ ആവശ്യമാണ്. പാർട്ടി അമരത്തെത്തിയ ഖാർഗെയ്ക്ക് അതിന് സാധിക്കുമെന്ന വിശ്വാസമാണ് കോൺഗ്രസ് പ്രകടിപ്പിക്കുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News