ന്യൂഡൽഹി: സിൽവർ ലൈന്‍ പദ്ധതിയിൽ നിലപാട് മയപ്പെടുത്തി ശശി തരൂർ എംപി. വന്ദേ ഭാരത് എക്സ്പ്രസ്, സിൽവർ ലൈന് ബദലാകുമോയെന്ന് പരിശോധിക്കണമെന്ന് തരൂർ ആവശ്യപ്പെട്ടു. കേന്ദ്ര ബജറ്റിൽ 400 പുതിയ വന്ദേഭാരത് ട്രെയിനുകൾ അനുവദിക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. ഈ സാഹചര്യത്തിൽ കേന്ദ്രവും സംസ്ഥാനവും ചർച്ച നടത്തണമെന്നാണ് ശശി തരൂർ വ്യക്തമാക്കുന്നത്.
കോൺഗ്രസ് സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്തമായ സമരവുമായി മുന്നോട്ട് പോകുമ്പോഴും സില്‍വര്‍ ലൈന്‍ പദ്ധതിയെ തള്ളാതെ, പഠിച്ചതിന് ശേഷം പ്രതികരിക്കാമെന്നായിരുന്നു തരൂരിൻ്റെ നിലപാട്. സര്‍ക്കാരിന് അനുകൂലമായ നിലപാട് സ്വീകരിച്ചതിനെതിരെ തരൂരിനോട് കെപിസിസി വിശദീകരണം തേടുകയും ചെയ്തിരുന്നു. കോൺഗ്രസിന്റെ മുതിർന്ന നേതാക്കൾ ശശി തരൂരിനെതിരെ ഈ വിഷയത്തിൽ രൂക്ഷ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തിരുന്നു.
എന്നാൽ, ബജറ്റില്‍ വന്ദേ ഭാരത് ട്രെയിനുകള്‍ പ്രഖ്യാപിച്ചതിന് പിന്നാലെ സിൽവർ ലൈന് ബദലാകുമെങ്കില്‍ അക്കാര്യം പരിശോധിക്കണമെന്ന് തരൂര്‍ വ്യക്തമാക്കി. സില്‍വര്‍ ലൈന്‍ പദ്ധതി ജനദ്രോഹമാകുമെന്ന പ്രതിപക്ഷത്തിന്‍റെ വാദവും ചര്‍ച്ച ചെയ്യപ്പെടേണ്ടതാണെന്നും ശശി തരൂര്‍ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...