Republic Day 2024: 75-ാം റിപ്പബ്ലിക് ദിന നിറവിൽ രാജ്യം; രാജ്യതലസ്ഥാനത്തെ പരേഡിൽ ഇത്തവണ തിളങ്ങും നാരിശക്തി

75th Republic Day: ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തേയും സൈനിക ശക്തിയേയും പ്രകടിപ്പിക്കുന്ന പ്രകടനമാകും ഇന്ന് കർത്തവ്യപഥത്തിൽ നടക്കുക. മാത്രമല്ല ചരിത്രത്തിലാദ്യമായി 80 ശതമാനത്തോളം സ്ത്രീകൾ നിയന്ത്രിക്കുന്ന റിപ്പബ്ലിക് ദിനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത്

Written by - Zee Malayalam News Desk | Last Updated : Jan 26, 2024, 06:57 AM IST
  • റിപ്പബ്ലിക് ദിന നിറവിൽ രാജ്യം
  • ഓരോ റിപ്പബ്ലിക് ദിനവും രാജ്യം പരമാധികാര രാഷ്‌ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ്
  • റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും ആകര്‍ഷകമായ പരേഡ് രാവിലെ 10:30 ന് വിജയ് ചൗക്കില്‍ നിന്നും ആരംഭിച്ച് കര്‍ത്തവ്യ പഥത്തില്‍ അവസാനിക്കും
Republic Day 2024: 75-ാം റിപ്പബ്ലിക് ദിന നിറവിൽ രാജ്യം; രാജ്യതലസ്ഥാനത്തെ പരേഡിൽ ഇത്തവണ തിളങ്ങും നാരിശക്തി

ന്യൂഡൽഹി : രാജ്യം ഇന്ന് 75-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ഓരോ റിപ്പബ്ലിക് ദിനവും രാജ്യം പരമാധികാര രാഷ്‌ട്രമായി മാറിയതിന്റെ ഓർമ്മപ്പെടുത്തലാണ്.  ഇന്നേ ദിവസം ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് സ്വാതന്ത്ര്യം നേടിയതിന് പിന്നാലെ 1950 ൽ ഇന്ത്യൻ ഭരണഘടന നിലവിൽ വന്ന ദിനത്തെ അനുസ്മരിക്കുന്നു. 3,000 ത്തോളം അതിഥികള്‍ ഉള്‍പ്പെടെ ഏകദേശം 77,000 ത്തോളം പേരാണ് കര്‍ത്തവ്യ പഥത്തിലെ റിപ്പബ്ലിക് ആഘോഷങ്ങള്‍ നേരില്‍ കാണാനായി എത്തുന്നത്. റിപ്പബ്ലിക് ദിനത്തിലെ ഏറ്റവും ആകര്‍ഷകമായ പരേഡ് രാവിലെ 10:30 ന് വിജയ് ചൗക്കില്‍ നിന്നും ആരംഭിച്ച് കര്‍ത്തവ്യ പഥത്തില്‍ അവസാനിക്കും.

Also Read: Republic Day 2024: 5 മലയാളികൾ ഉൾപ്പെടെ 22 സൈനികർക്ക് പരം വിശിഷ്ട സേവാ മെഡല്‍; 2024ലെ സൈനിക പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തേയും സൈനിക ശക്തിയേയും പ്രകടിപ്പിക്കുന്ന പ്രകടനമാകും ഇന്ന് കർത്തവ്യപഥത്തിൽ നടക്കുക. മാത്രമല്ല ചരിത്രത്തിലാദ്യമായി 80 ശതമാനത്തോളം സ്ത്രീകൾ നിയന്ത്രിക്കുന്ന റിപ്പബ്ലിക് ദിനത്തിനാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇത്തവണത്തെ റിപ്പബ്ലിക് ദിന പരേഡിന്റെ പ്രമേയം ഇന്ത്യ-ജനാധിപത്യത്തിന്റെ മാതാവ്, വികസിത് ഭാരത് എന്നിവയാണ്. ഡൽഹിയിലെ കർത്തവ്യപഥിൽ രാഷ്‌ട്രപതി എത്തുന്നതോടയാകും പരേഡിന് തുടക്കാം കുറിക്കുക.  ഇത്തവണത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന്റെ മുഖ്യാതിഥി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണാണ്.  റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുക്കുന്ന ആറാമത്തെ ഫ്രഞ്ച് പ്രസിഡന്റാണ് ഇദ്ദേഹം. പരേഡിനായി സംസ്ഥാനങ്ങൾ, കേന്ദ്ര ഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം 15 ഓളം ടാബ്ലോകളും തിരഞ്ഞെടുത്തിട്ടുണ്ട്. ഇന്ത്യ ​ഗേറ്റിന് സമീപമുള്ള പ്രത്യേക ക്യാമ്പിൽ ഇന്ത്യയുടെ സൈനിക ശക്തി പ്രദർശിപ്പിക്കുന്ന ടാങ്കുകൾ, സൈനിക വാഹനങ്ങൾ, ആധുനിക സൈനിക യന്ത്രോപകരണങ്ങൾ എന്നിവയുടെ പ്രദർശനവുമുണ്ടാകും. ‌

ഇത്തവണ ഇന്ത്യൻ സൈന്യത്തിനൊപ്പം കർത്തവ്യപഥിലൂടെ ഫ്രഞ്ച് സൈന്യവും മാർച്ച് ചെയ്യും. 95 അം​ഗ സംഘമാകും രാജ്യതലസ്ഥാനത്ത് മാർച്ച് ചെയ്യുക. ഒപ്പം 33 അം​ഗ ബാൻഡ് സംഘവും അണിനിരക്കും. ഫ്രഞ്ച് വ്യോമസേനയുടെ രണ്ട് റഫാൽ യുദ്ധവിമാനങ്ങളും എയർബസ് A330 മൾട്ടി റോൾ ടാങ്കർ ട്രാൻസ്പോർട്ട് എയർക്രാഫ്റ്റും പരേഡിൽ പങ്കെടുക്കും.  പരേഡില്‍ പങ്കെടുക്കുന്ന ഫ്രഞ്ച് സൈനിക അംഗങ്ങളോടൊപ്പം ആറ് ഇന്ത്യക്കാരും ഭാഗമാകുമെന്നാണ് റിപ്പോർട്ട്. 

ഇന്ത്യയുടെ സ്വന്തം ആയുധങ്ങളുടെയും ഉപകരണങ്ങളുടെയും കരുത്തും ലോകത്തിന് മുന്നിൽ പ്രദർശിപ്പിക്കപ്പെടും. തദ്ദേശീയമായി വികസിപ്പിച്ച മിസൈലുകൾ, ഡ്രോൺ ജാമർ, നിരീക്ഷണ സംവിധാനങ്ങൾ, വാഹനങ്ങളിൽ ഘടിപ്പിച്ച മോർട്ടറുകൾ, ബിഎംപി-II ഇൻഫൻട്രി കോംബാറ്റ് വാഹനങ്ങൾ തുടങ്ങി ഒട്ടനവധി ആയുധങ്ങളാണ് ഇന്ന് പ്രദർശനത്തിനൊരുങ്ങുന്നത്.  ഇതിനൊക്കെ പുറമെ ചരിത്രത്തിലാദ്യമായി മൂന്ന് സേനാ ഗ്രൂപ്പുകളിലെയും വനിതാ അംഗങ്ങള്‍ പരേഡില്‍ പങ്കെടുക്കുന്നുവെന്ന പ്രത്യേകത കൂടി ഇന്നത്തെ റിപ്പബ്ലിക് ദിനത്തിനുണ്ട്. 

ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ മന്ത്രാലയത്തിന്റെ ഭാഗമായി വിവിധ മേഖലകളിലെ ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ പ്രധാന്യം വിവരിക്കുന്ന ടാബ്ലോ പ്രദര്‍ശിപ്പിക്കും. ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തിന്റെ വിജയവുമായി ബന്ധപ്പെട്ടുള്ള ടാബ്ലോ ഇന്ത്യന്‍ സ്‌പേസ് റിസര്‍ച്ച് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ പ്രദര്‍ശിപ്പിക്കും. ചന്ദ്രയാന്‍ മൂന്നിന്റെ ലോഞ്ചിങ്ങും ലാന്‍ഡിങ്ങും ചിത്രീകരിക്കുന്നതാണിത്.  ഇത്തവണ 132 പേരാണ് പത്മ പുരസ്കാരങ്ങള്‍ക്ക് അര്‍ഹരായത്. അഞ്ചുപേര്‍ക്ക് പത്മവിഭൂഷണ്‍ പുരസ്കാരം, 17പേര്‍ക്ക് പത്മഭൂഷണ്‍. ഇതിനുപുറമെ വിവിധ വിഭാഗങ്ങളിലെ പത്മശ്രീ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്.  ഇത്തവണ കേരളത്തില്‍നിന്നും പത്മശ്രീ പുരസ്കാരം നേടിയത് കഥകളി ആചാര്യന്‍ സദനം ബാലകൃഷ്ണന്‍, തെയ്യം കലാകാരൻ ഇപി നാരായണന്‍, കാസര്‍കോട്ടെ നെല്‍കര്‍ഷകൻ സത്യനാരായണ ബലേരി എന്നിവരാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News