Medical Colleges: പഠിപ്പിക്കാൻ പോലും ആളില്ല;150 മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നഷ്ടമായേക്കും

ഒരു മാസത്തിലേറെയായി മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് നടത്തിയ പരിശോധനയിൽ വിവിധ പ്രശ്നങ്ങൾ കണ്ടെത്തിയിരുന്നു

Written by - Zee Malayalam News Desk | Last Updated : May 31, 2023, 09:59 AM IST
  • 2014ൽ രാജ്യത്ത് 387 മെഡിക്കൽ കോളേജുകളാണുണ്ടായിരുന്നത്
  • ഇരുപത്തിരണ്ടെണ്ണം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആണ്
  • ബിരുദാനന്തര ബിരുദ സീറ്റുകളുടെ എണ്ണത്തിലും വർധനവുണ്ടായി
Medical Colleges: പഠിപ്പിക്കാൻ പോലും ആളില്ല;150 മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നഷ്ടമായേക്കും

ന്യൂഡൽഹി: അധ്യാപകർ ഇല്ലാത്തതും നിയമങ്ങൾ പാലിക്കാത്തതുമായ രാജ്യത്തെ 150 ഓളം മെഡിക്കൽ കോളേജുകൾക്ക് ദേശീയ മെഡിക്കൽ കമ്മീഷന്റെ അംഗീകാരം നഷ്ടപ്പെടാൻ സാധ്യത. നിലവിൽ രാജ്യത്തുടനീളമുള്ള 40 മെഡിക്കൽ കോളേജുകൾക്ക് അംഗീകാരം നഷ്ടപ്പെട്ടിട്ടുണ്ട്.

ഗുജറാത്ത്, അസം, പുതുച്ചേരി, തമിഴ്‌നാട്, പഞ്ചാബ്, ആന്ധ്രാപ്രദേശ്, ത്രിപുര, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലെ മെഡിക്കൽ കോളേജുകളും ലിസ്റ്റിൽ ഉൾപ്പെടുന്നുവെന്ന് വൃത്തങ്ങൾ അറിയിച്ചു. എന്നാൽ കേരളത്തിൽ ഇത്തരം കോളേജുകളുണ്ടോ എന്നതിൽ വ്യക്തതയില്ലെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് എൻഡിടീവി റിപ്പോർട്ട് ചെയ്യുന്നു.

ഒരു മാസത്തിലേറെയായി മെഡിക്കൽ എജ്യുക്കേഷൻ ബോർഡ് നടത്തിയ പരിശോധനയിൽ കോളേജിലെ സിസിടിവി ക്യാമറകളുടെ തകരാർ, ബയോമെട്രിക് ഹാജർ നടപടിക്രമങ്ങളിലെ അപാകതകൾ, അധ്യാപകരുടെ കുറവ് എന്നിവ കണ്ടെത്തിയിരുന്നു. വിവിധ ഫാക്കൽറ്റികളിലെ പല തസ്തികകളും ഒഴിഞ്ഞുകിടക്കുന്നതായും പരിശോധനയിൽ കണ്ടെത്തി. ഇതേ തുടർന്നാണ് അംഗീകാരം റദ്ദാക്കുന്നതടക്കമുള്ള നടപടിയിലേക്ക് കടക്കുന്നത്.

അതേസമയം നടപടിക്കെതിരെ മെഡിക്കൽ കോളേജുകൾക്ക് 30 ദിവസത്തിനകം എൻഎംസിയിൽ ആദ്യ അപ്പീൽ നൽകാം. അപ്പീൽ തള്ളിയാൽ കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെയും സമീപിക്കാം.നിയമങ്ങൾ പാലിക്കാത്ത മെഡിക്കൽ കോളേജുകൾക്കെതിരെ നടപടിയെടുക്കുമെന്ന് ഡിസംബറിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ  മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ മെഡിക്കൽ കോളേജുകളുടെയും മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള സീറ്റുകളുടെയും എണ്ണം അപര്യാപ്തമായ രാജ്യത്തിന് 150 സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കുന്നത് പ്രതിസന്ധിയുണ്ടാക്കുമെന്നാണ് ഒരു വിഭാഗം വിലയിരുത്തുന്നത്. കേന്ദ്ര സർക്കാർ പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം 2014 മുതൽ മെഡിക്കൽ കോളേജുകളുടെ എണ്ണം ഏകദേശം രണ്ട് തവണ വർധിപ്പിച്ചിട്ടുണ്ട്.

660 മെഡിക്കൽ കോളേജുകൾ

2014ൽ രാജ്യത്ത് 387 മെഡിക്കൽ കോളേജുകളാണുണ്ടായിരുന്നത്. 2023-ൽ ഇത് 660 ആയി ഉയർന്നു. അവയിൽ ഇരുപത്തിരണ്ടെണ്ണം ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആണ്, 2014-ൽ ഇത് ഏഴെണ്ണം മാത്രമായിരുന്നു.

ബിരുദാനന്തര ബിരുദ സീറ്റുകളുടെ എണ്ണത്തിലും വർധനവുണ്ടായി. നിലവിൽ 65,335 ബിരുദാനന്തര ബിരുദ സീറ്റുകളാണ് രാജ്യത്തുള്ളത് 2014-ൽ ഉണ്ടായിരുന്നതിന്റെ ഇരട്ടിയിലധികംമാണിത് 2014ൽ ഇത് 31,185 സീറ്റുകളായിരുന്നു. എംബിബിഎസ് സീറ്റുകളുടെ എണ്ണം നിലവിൽ 1,01,043 ആണ് - 2014ൽ ഇത് 51,348 ആയി.150 മെഡിക്കൽ കോളേജുകൾക്കുള്ള അംഗീകാരം റദ്ദാക്കിയാൽ മെഡിക്കൽ കോളേജുകളുടെ എണ്ണം നാലിലൊന്നായി കുറയും.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News